വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ഇസ്രായേൽ സൈനികർ നബ്‌ലസ് പട്ടണത്തിൽ കയറിയതായും ഫലസ്തീൻ അധികൃതർ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്തുള്ള പുരാതന നഗരമായ നബ്‌ലസിലും പരിസരത്തും ഏറ്റുമുട്ടൽ തുടരുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചയിലേറെയായി പ്രദേശം ഇസ്രായേൽ സൈന്യത്തിന്റെ ഉപരോധത്തിന് കീഴിലാണ്.
ചൊവ്വാഴ്‌ച പുലർച്ചെ കൂടുതൽ ഇസ്രായേൽ സൈനികർ എത്തിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്ന് ഫലസ്തീൻ ഫതഹ് വക്താവ് പറഞ്ഞു. "നബ്‌ലസിൽ ഇസ്രായേൽ വെടിവെപ്പിൽ മൂന്ന് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്"- ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരാൾ നിരായുധനാണെന്നും പലസ്തീൻ ആരോഗ്യ, സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനുപിന്നാലെ മധ്യ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതോറിറ്റിയുടെ ആസ്ഥാനമായ റമല്ലയിൽ മറ്റൊരു ഫലസ്തീനിയെ കൂടി ഇസ്രായേൽ സൈന്യം വധിച്ചതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
എന്നാൽ, തങ്ങളുടെ സൈന്യം നബ്‌ലസിൽ എത്തിയെന്ന കാര്യം സ്ഥിരീകരിച്ച ഇസ്രായേൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫലസ്തീൻ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് നബീൽ അബു റുദീനെ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ അതിക്രമം അപകടകരവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അബു റുദീനെ 'ഫലസ്തീൻ ടി.വി'യോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.