തെൽഅവീവ്: ഖത്തറും ഫ്രാൻസും ഇടനിലക്കാരായി ബന്ദികൾക്ക് മരുന്നെത്തിക്കാൻ ഉണ്ടാക്കിയ കരാർ അവരുടെ മോചനത്തിന് വഴിതുറക്കുമെന്ന് പ്രതീക്ഷ നൽകുന്നതാണെന്ന് ഇസ്രായേലിലെ ഫ്രഞ്ച് അംബാസഡർ ഫ്രെഡറിക് ജേർണസ്. അവശേഷിക്കുന്ന ഇസ്രായേലി തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ആദ്യ മാനുഷിക നടപടി ആയിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേൽ പബ്ലിക് റേഡിയോ സ്റ്റേഷനായ ‘കാനി’ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നേരത്തെയുള്ള ബന്ദി കൈമാറ്റ കരാർ അവസാനിച്ച ശേഷം, ഇക്കാര്യത്തിൽ എന്തെങ്കിലും സാധ്യമാണ് എന്നതിന്റെ ആദ്യ സൂചന കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് മുന്നോട്ടുവെച്ച നിബന്ധനകൾക്ക് വിധേയമായാണ് മരുന്ന് നൽകാൻ കരാർ ഒപ്പിട്ടത്. ബന്ദികൾക്ക് ഒരുപെട്ടി മരുന്ന് നൽകുമ്പോൾ ഗസ്സയിലെ ജനങ്ങൾക്ക് 1000 പെട്ടി വീതം നൽകണമെന്നതാണ് പ്രധാന വ്യവസ്ഥയെന്ന് മുതിർന്ന ഹമാസ് നേതാവ് മൂസ അബു മർസൂഖ് അറിയിച്ചിരുന്നു.
ഫ്രാൻസ് മരുന്ന് നൽകാമെന്നു പറഞ്ഞെങ്കിലും സ്വീകാര്യമല്ലെന്ന് ഹമാസ് നിലപാടെടുത്തു. ഇസ്രായേലിന് പിന്തുണ നൽകുന്ന ഫ്രാൻസിന്റെ നിലപാടിൽ പ്രതിഷേധിച്ചാണിത്. പകരം ഖത്തറാണ് മരുന്ന് നൽകിയത്. മരുന്നുമായി ഖത്തറിൽനിന്നുള്ള രണ്ട് വിമാനങ്ങൾ ബുധനാഴ്ച വൈകീട്ട് ഈജിപ്തിലെത്തി. ഇത് റഫയിലെത്തിച്ച് ഇന്റർനാഷനൽ റെഡ് ക്രോസിന് കൈമാറും. തുടർന്ന് ബന്ദികൾക്കെത്തിക്കും. ഗസ്സയിലെ വിവിധ ആശുപത്രികൾ വഴി പൗരന്മാർക്കും വിതരണം ചെയ്യും.
ഗസ്സയിലേക്ക് കൂടുതൽ ഭക്ഷ്യവസ്തുക്കളും മാനുഷിക സഹായവും എത്തിക്കുന്നതും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധനങ്ങൾ പരിശോധിക്കാൻ അവസരം വേണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കില്ലെന്ന് ഹമാസ് നിലപാടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.