പാരിസ്: അന്തർവാഹിനി വാങ്ങാനുള്ള കരാറിൽനിന്ന് പിന്മാറിയതിൽ പ്രതിഷേധിച്ച് ഫ്രാൻസ് ആസ്ട്രേലിയയിലെയും യു.എസിലെയും സ്ഥാനപതികളെ തിരിച്ചുവിളിച്ചു. ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ നിർദേശപ്രകാരമാണ് നടപടിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. യു.എസുമായും ബ്രിട്ടനുമായും ഒപ്പുവെച്ച പുതിയ പ്രതിരോധ കരാറിനു പിന്നാലെയാണ് ആസ്ട്രേലിയ ഫ്രാൻസുമായുള്ള അന്തർവാഹിനി കരാറിൽനിന്ന് പിന്മാറിയത്. 2016ൽ ഫ്രാൻസുമായി 12 അന്തർവാഹിനികൾ വാങ്ങാനാണ് ആസ്ട്രേലിയ കോടികളുടെ കരാറൊപ്പിട്ടത്.
സെപ്റ്റംബർ 15നാണ് മൂന്നുരാജ്യങ്ങളും ഓകസ് എന്ന പേരിലുള്ള പ്രതിരോധ കരാറിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ഈ കരാർ പ്രകാരം യു.എസ് സാങ്കേതികവിദ്യ കൈമാറുന്നതോടെ ആസ്ട്രേലിയക്ക് സ്വന്തമായി അന്തർവാഹിനി നിർമിക്കാൻ കഴിയും.ആസ്ട്രേലിയയുമായി മറ്റു മേഖലകളിലുള്ള സഹകരണം നിർത്തുന്നതിനെക്കുറിച്ചും ആലോചിക്കുകയാണെന്നും ഫ്രാൻസ് മുന്നറിയിപ്പു നൽകി. ഫ്രഞ്ച് സർക്കാറിെൻറ നടപടി ഖേദകരമെന്ന് യു.എസ് പ്രതികരിച്ചു.
ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ജൂൺ അഞ്ചിന് മാക്രോണുമായി ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൻ നടത്തിയ കൂടിക്കാഴ്ചയിൽ പോലും അന്തർവാഹിനി കരാറിൽ നിന്ന് പിൻമാറുന്ന കാര്യത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ലെന്ന് ഫ്രഞ്ച് നയതന്ത്രപ്രതിനിധി കുറ്റപ്പെടുത്തി. അതിനിടെ, ഫ്രാൻസുമായുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മെരീസ് പെയ്ൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.