പാരീസ്: സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ നഗാർണോ-കരോബാഗിനെ അംഗീകരിക്കാനുള്ള പ്രമേയം തയാറാവുന്നതായി ഫ്രഞ്ച് സെനറ്റർ വലേരി ബോയർ. വൈകാതെ തന്നെ പ്രമേയം സെനറ്റിന് മുമ്പാകെ സമർപ്പിക്കുമെന്നും വലേരി അറിയിച്ചു.
നഗാർണോ-കരോബാഗിലെ അസർബൈജാന്‍റെ മുന്നേറ്റത്തെ എതിർക്കുക എന്നത് യൂറോപ്പിൽ ഉടനീളം തുർക്കിയുടെ നീക്കത്തെ എതിർക്കുക എന്നതാണ്. നഗാർണോ -കരോബാഗിനെ അംഗീകരിക്കുന്നതിനും തുർക്കിയുടെയും അസർബൈജാന്‍റെയും നടപടികളെ അപലപിക്കുന്നതിനും ഈഴാഴ്ച സെനറ്റിൽ പ്രമേയം കൊണ്ടുവരും -ട്വീറ്റിലൂടെ വലേരി ബോയർ വ്യക്തമാക്കി.
നഗാർണോ-കരോബാഗ് പോരാട്ടത്തിൽ ഫ്രാൻസ് സന്തുലിതമായ നിലപാട് സ്വീകരിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ യുവിസ് ലെ ഡ്രിയാൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
1990 കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്‍റെ തകർച്ചക്ക് ശേഷമാണ് സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ നഗാർണോ-കരോബാഗ് ബാക്കുവിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ സെപ്റ്റംബർ അവസാനം നഗാർണോ-കരോബാഗ് പ്രദേശത്തെ ചൊല്ലി പോരാട്ടം ആരംഭിച്ചതിന് പിന്നാലെ തുർക്കി അസർബൈജാന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
ഒക്ടോബർ പത്തിനാണ് നഗാർണോ-കരോബാഗ് വിഷയത്തിൽ രണ്ടാഴ്ചയോളമായി നടന്ന അർമീനിയ- അസർബൈജാൻ പോരാട്ടത്തിന് താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുടിന്റെ ശ്രമഫലമായി മോസ്കോയിൽ 10 മണിക്കൂറിലധികം നീണ്ട ചർച്ചക്കു ശേഷമാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
സംഘർഷത്തിൽ 300 പേർക്കാണ് ജീവൻ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.