സാൻഫ്രാൻസിസ്കോ: കുഞ്ഞു വാക്കുകളിൽനിന്ന് വീഡിയോ നിർമിക്കുന്ന പുതിയ എ.ഐ സാങ്കേതിക വിദ്യയുമായി ശാസ്ത്രലോകം. ഓപ്പൺ എ.ഐയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ ആണ് കമ്പനിയുടെ വീഡിയോ അവതരിപ്പിച്ചത്. ഇപ്രകാരം ചെറുതും വളരെ ലളിതവുമായ ടെക്സ്റ്റുകളിൽ നിന്ന് വീഡിയോകൾ നിർമ്മിക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞൻമാർ അവകാശപ്പെടുന്നത്.
പുതിയ സാങ്കേതിക വിദ്യക്ക് സോറ എന്നാണ് പേരിട്ടിരിക്കുന്നത്. വിഡിയോകളിലെ തെറ്റുകൾ ശരിയാക്കാനും കൂടുതൽ മിഴിവുറ്റതാക്കാനും ഇമേജുകൾ വീണ്ടും മൂർച്ച കൂട്ടാനും ഈ സാങ്കേതിക വിദ്യക്കു കഴിയും. അടിസ്ഥാന ടെക്‌സ്‌റ്റ് ഇൻപുട്ടുകൾ ഉപയോഗിച്ച് പുതിയ വീഡിയോകൾ സൃഷ്ടിക്കാം. വീഡിയോ എല്ലാ രീതിയിലും യാഥാർഥമാണെന്നു തോന്നിപ്പിക്കുമെന്നതാണ് പ്രത്യേകത. ട്രാൻസ്ഫോർമർ ആർക്കിടെക്ചർ ഉപയോഗിച്ച് ശബ്ദം ക്രമേണ നീക്കം ചെയ്യാനും വീഡിയോ നിർമിക്കാനും ഉപയോഗിക്കുന്ന പ്രത്യേക പ്രോഗ്രാമാണിത്.
വ്യാഴാഴ്ചയാണ് പുതിയ സാങ്കേതിക വിദ്യ ഓപ്പൺ എ.ഐ അവതരിപ്പിച്ചത്. സിനിമ, പരസ്യ ചിത്രീകരണത്തിലടക്കം പുതിയ സാങ്കേതിക വിദ്യ വൻ കുതിച്ചു ചാട്ടമൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏത് തരത്തിലുള്ള ഡാറ്റയിലാണ് മോഡൽ പരിശീലിപ്പിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല. പുതിയ എ.ഐ മോഡലിന്റെ കാര്യക്ഷമതയും വിഷ്വൽ കഴിവുകളും പ്രകടിപ്പിക്കുന്നതിനായി സാം ആൾട്ട്മാൻ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തു. നേരത്തേ എ.ഐ ചാറ്റ് ജി.പി.ടി അവതരിപ്പിച്ച് ലോകത്തെ അമ്പരപ്പിച്ച കമ്പനിയാണ് ഓപ്പൺ എ.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.