ഇസ്രായേൽ തടവറയിൽ കൊല്ലപ്പെട്ട കമാൽ അദ്‌വാൻ ആശുപത്രി ഡയറക്ടർ ഡോ. ഇയാദ് റൻതീസി, അൽശിഫ ഹോസ്പിറ്റൽ ഓർത്തോപീഡിക് വിഭാഗം ഡയറക്ടർ ഡോ. അദ്‌നാൻ അൽബർഷ്

ഇസ്രായേൽ തടവിലിട്ട ഡോക്ടർമാരടക്കമുള്ള 310 ആരോഗ്യപ്രവർത്തകർ നേരിടുന്നത് കൊടിയ പീഡനം; അന്താരാഷ്ട്ര സമൂഹം ഇടപെടണം -ഗസ്സ

ഗസ്സ: അന്താരാഷ്ട നിയമങ്ങൾ പൂർണമായും ലംഘിച്ച് ഗസ്സയിൽനിന്ന് ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയ 310 ആരോഗ്യപ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രയേൽ അധിനിവേശ സേന അജ്ഞാത കേന്ദ്രങ്ങളിൽ തടവിലിട്ട ഡോക്ടർമാരടക്കമുള്ളവർ കടുത്ത പീഡനത്തിനിരയാകുന്നതായും ഇവർ ചൂണ്ടിക്കാട്ടി. ഇവരുടെ നിലവിലെ അവസ്ഥ പുറത്തുകൊണ്ടുവരാൻ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും മ​ന്ത്രാലയം ആവശ്യപ്പെട്ടു.

ഗസ്സയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും കമാൽ അദ്‌വാൻ ആശുപത്രി ഡയറക്ടറുമായ ഡോ. ഇയാദ് റൻതീസി (53) ഇസ്രായേൽ തടവറയിൽ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിനുപിന്നാലെയാണ് ഇസ്രായേൽ തടവറകളിൽ ഡോക്ടർമാരടക്കമുള്ള നിരപരാധികൾ അനുഭവിക്കുന്ന ക്രൂരപീഡന​ങ്ങളെ കുറിച്ച് വീണ്ടും ആശങ്ക ഉയരുന്നത്. 2023 നവംബർ 11ന് ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയ ഡോക്ടർ ഇയാദ് റൻതീസി ആറുദിവസത്തിന് ശേഷം 17നാണ് മരിച്ചത്. എന്നാൽ, ഏഴുമാസം കഴിഞ്ഞ് ഇന്നലെ ഇസ്രായേൽ പത്രമായ ഹാരറ്റ്സ് വാർത്ത റിപ്പോർട്ട് ചെയ്തപ്പോഴാണ് മരണവിവരം പുറംലോകമറിഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രിലിൽ അൽശിഫ ഹോസ്പിറ്റൽ ഓർത്തോപീഡിക് വിഭാഗം ഡയറക്ടർ ഡോ. അദ്‌നാൻ അൽബർഷി(53)നെയും ഇസ്രായേൽ ഓഫർ ജയിലിൽ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു.

ആരോ​ഗ്യ പ്രവർത്തകർ ഉൾപ്പെടെ നിരവധി ഫലസ്തീൻകാരെ ഓരോ ദിവസവും അധിനിവേശ സേന തടവിലാക്കുന്നുണ്ടെന്നും പിന്നീട് ഇവരെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിടുന്നില്ലെന്നും ഫലസ്തീൻ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേൽ തടവറകളിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കമുള ഫലസ്തീനികൾ ക്രൂരപീഡനങ്ങൾക്കും അവഹേളനങ്ങൾക്കും വിധേയരാകുന്നതായ ഞെട്ടിക്കുന്ന വിവരങ്ങളാണ് മോചിതരായ തടവുകാരിൽ നിന്നു ലഭിക്കുന്നതെന്ന് ഫലസ്തീനി തടവുകാരുടെ മോചനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ​ദ ഡിറ്റൈനീസ് ആൻഡ് എക്സ് ഡിറ്റൈനീസ് കമ്മിഷനും ഫലസ്തീനിയൻ പ്രിസണർ സൊസൈറ്റിയും വ്യക്തമാക്കുന്നു.

ഡോ. ​​റൻതീസിയെ ജയിലിൽ വധിച്ചത് സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്നും ഗസ്സ ഭരണകൂടം ആവശ്യപ്പെട്ടു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അധിനിവേശ ​സൈന്യവും ജയിലർമാരും അദ്ദേഹത്തെ വൈദ്യുതാഘാതമേൽപിക്കുകയും വിവിധ പീഡനങ്ങൾക്ക് വിധേയനാക്കുകയും ചെയ്തതായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 499 ആ​േരാഗ്യപ്രവർത്തകരെയാണ് ഇതുവരെ ഇസ്രായേൽ കൊലപ്പെടുത്തിയത്. കൂടാതെ 310ഓളം പേരെ അന്യായമായി തുറങ്കിലടക്കുകയും ചെയ്തു. ഈ ഹീനവും ക്രൂരവുമായ കുറ്റകൃത്യത്തെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ സംഘടനകളോടും അന്താരാഷ്ട്ര സ്ഥാപനങ്ങളോടും ഗസ്സ ഭരണകൂടം ആവശ്യപ്പെട്ടു.

‘നാലാം ജനീവ കൺവെൻഷനും അന്താരാഷ്ട്ര, മാനുഷിക കൺവെൻഷനുകളും മാനദണ്ഡങ്ങളും അനുസരിച്ച്, അന്താരാഷ്ട്ര സമൂഹം ഫലസ്തീനിയൻ മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നിയമപരമായ സംരക്ഷണം നൽകണം. അറസ്റ്റോ വധഭീഷണിയോ ഭയക്കാതെ യുദ്ധസമയത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ ആരോഗ്യപ്രവരർത്തകരെ അനുവദിക്കണം. ഡോക്ടർമാരായ ഇയാദ് അൽ റാൻതീസി, അദ്നാൻ അൽ ബർഷ് എന്നിവരെ വധിച്ച കേസുകളിൽ അന്താരാഷ്ട്ര അന്വേഷണം ആരംഭിക്കണം. ഈ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളികളെ വിചാരണയ്ക്കായി അന്താരാഷ്ട്ര കോടതികളിലേക്ക് റഫർ ചെയ്യണം’ -പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Gaza calls for international investigation into Israeli execution of Palestinian doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.