ചക്രവാളത്തിന്‍റെ അതിവിദൂര കോണിൽപോലും പ്രതീക്ഷയുടെ ചെറുനാളമെങ്കിലും മിന്നാത്ത പുതുവർഷത്തിലേക്കാണ് ഗസ്സ ചുവടുവെക്കുന്നത്
പശ്ചിമേഷ്യയിൽ ഒക്ടോബർ ഏഴിന് സൂര്യനുദിക്കുമ്പോൾ പുലർന്നത് കേവലം മറ്റൊരുദിവസം മാത്രമായിരുന്നില്ല. മേഖലയിൽ യുഗപരിണാമത്തിന്‍റെ നാന്ദികുറിക്കുകയായിരുന്നു അന്ന്. ആ പ്രഭാതത്തിലാണ് ഇസ്രായേൽ അതിന്‍റെ ചരിത്രത്തിലൊരിക്കലും നേരിടാത്ത മട്ടിലുളള ആക്രമണത്തിന് വിധേയമായത്. രാവിലെ ആറരയോടെ ഗസ്സയിൽനിന്ന് ഇസ്രായേലിന്‍റെ തെക്കൻ നഗരങ്ങളിലേക്ക് റോക്കറ്റുകളുടെ പ്രവാഹമുണ്ടായി. ഗസ്സ റോക്കറ്റുകൾ ഇസ്രായേലിന് പുത്തരിയല്ലെങ്കിലും ഇത്തവണത്തെ അതിന്‍റെ തോതും വ്യാപ്തിയും ഞെട്ടിക്കുന്നതായിരുന്നു.
നൂറുകണക്കിന് ഹമാസ് പ്രവർത്തകർ ഇസ്രായേലിലേക്ക് ഇരച്ചുകയറി. ശതകോടി ഡോളർ ചെലവിട്ട് ഏതാനും വർഷം മുമ്പ് സ്ഥാപിച്ച ലോകത്തിലെ ഏറ്റവും ആധുനികമായ അതിർത്തിവേലി പൊളിച്ചും പാരാഗ്ലൈഡറുകളിൽ ആകാശം വഴിയുമായിരുന്നു ആക്രമണം. നിരീക്ഷണ ടവറുകളും ബലൂൺ കാമറകളും തകർക്കപ്പെട്ടതോടെ അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാനാകാതെ മിലിറ്ററി കമാൻഡ് സെന്‍ററുകൾ കണ്ണുമിഴിച്ചു. ഒറ്റപ്പെട്ട നുഴഞ്ഞുകയറ്റത്തിനപ്പുറം ഇങ്ങനെയൊരു വിപുലമായ സാഹസം ഹമാസിൽനിന്ന് പ്രതീക്ഷിക്കാതിരുന്ന ഇസ്രായേൽ സൈന്യത്തിന് (ഐ.ഡി.എഫ്) അക്ഷരാർഥത്തിൽ അടിതെറ്റി. പ്രതിരോധ പ്രവർത്തനത്തിന് ഐ.ഡി.എഫ് സജ്ജമാകുന്നതിന് മുമ്പുതന്നെ അതിർത്തിയിലെ സൈനിക കേന്ദ്രങ്ങളും ചെക്പോയിന്റുകളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളുമെല്ലാം ഹമാസിന്‍റെ പിടിയിലായി. അധികം വൈകുന്നതിന് മുമ്പേ ഹമാസിന്‍റെ സായുധ വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ് തലവൻ മുഹമ്മദ് ദൈഫിന്‍റെ പ്രസ്താവന വന്നു. ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്‍റെ അടിച്ചമർത്തൽ നയങ്ങളിലും അൽഅഖ്സ മസ്ജിദിന് നേരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു: ‘തൂഫാനുൽ അഖ്സ’, അഥവാ ‘അൽ അഖ്സ പ്രളയം’.
ഗസ്സക്ക് അടുത്തുള്ള വലിയ ഇസ്രായേലി പട്ടണമായ സ്ദെറോത്തിന് പുറമേ, കഫർഅസ, നഹാൽ ഓസ്, ബിയേരി, സിക്കിം, റയീം, മാഗൻ, ഒഫാകിം, നിർ ഓസ്, അലുമിം തുടങ്ങിയ ഇടങ്ങളിലെല്ലാം ആക്രമണമുണ്ടായി. സ്ദെറോത്തിലെ പൊലീസ് ആസ്ഥാനം ഹമാസ് പിടിച്ചെടുത്തു. നിരവധി സൈനിക താവളങ്ങൾ കീഴടക്കി. വെടിവെപ്പിൽ നിരവധി സൈനികരും സിവിലിയൻമാരും കൊല്ലപ്പെട്ടു. ഐ.ഡി.എഫിന്‍റെ പ്രത്യാക്രമണം തുടങ്ങുന്നതിന് മുമ്പേ സൈനികരും സിവിലിയൻമാരുമായ ബന്ദികളുമായി ചെറുസംഘങ്ങൾ ഗസ്സയിലേക്ക് മടങ്ങി. ഏതാണ്ട് 240 ഓളം പേരെ ഹമാസും ഇതര സായുധ വിഭാഗങ്ങളും ബന്ദികളാക്കിയെന്ന് പിന്നീട് തെളിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ഏതുവിധേനയും പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കുകയെന്ന ഉത്തരവുമായി സൈന്യം രംഗത്തിറങ്ങി. ഹമാസ് പ്രവർത്തകരും ബന്ദികളുമൊക്കെയുള്ള കെട്ടിടങ്ങൾക്ക് മേൽ പീരങ്കി ആക്രമണവും വ്യോമാക്രമണവുമുണ്ടായി. ഇതോടെ ആൾനാശം കുതിച്ചുയർന്നു. സ്ദെറോത്തിലെ പൊലീസ് ആസ്ഥാനം ഉള്ളിൽ ആളുകൾ ഉള്ളപ്പോൾ തന്നെ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. 30 ഓളം പേർ ഇവിടെ മാത്രം കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഒടുവിൽ മൂന്നുദിവസത്തിന് ശേഷം പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കുമ്പോൾ മൊത്തം 1,400 പേർ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ അറിയിച്ചു. പിന്നീട് മരണ സംഖ്യ 1,140 ആക്കി കുറച്ചു.
ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം പുറത്തുവന്നതിനൊപ്പം തന്നെ ഗസ്സയിലേക്ക് ഇസ്രായേലിന്‍റെ അതിശക്തമായ ബോംബിങ് ആരംഭിച്ചു. സായുധസംഘങ്ങളുടെ കേന്ദ്രങ്ങളും റോക്കറ്റ് ലോഞ്ചിങ് കേന്ദ്രങ്ങളും മാത്രമല്ല, സിവിലിയൻ കെട്ടിടങ്ങളും ആശുപത്രികളും അഭയാർഥി ക്യാമ്പുകളുമെല്ലാം നിർദയവും വിവേചനരഹിതവുമായ വ്യോമാക്രമണത്തിന് വിധേയമായി.
അന്ന് രാത്രി വൈകി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോൾ ഗസ്സക്കാർ ഉടൻ ഒഴിഞ്ഞുപോകണമെന്നും തങ്ങൾ സകലശക്തിയും ഉപയോഗിച്ച് പ്രതികരിക്കാൻ പോകുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു താക്കീത് ചെയ്തു. ഇസ്രായേലിനും ഈജിപ്തിനും മെഡിറ്ററേനിയൻ കടലിനുമിടയിൽ താമസിക്കുന്ന ഗസ്സ നിവാസികൾ എവിടേക്കാണ് ഒഴിഞ്ഞുപോകേണ്ടതെന്ന് പക്ഷേ, നെതന്യാഹു വ്യക്തമാക്കിയില്ല. ‘ഈ യുദ്ധം ദീർഘമായിരിക്കും. കാഠിന്യമേറിയതായിരിക്കും. വെല്ലുവിളി നിറഞ്ഞ ദിനങ്ങളാണ് നമുക്ക് മുന്നിലുള്ളത്’-നെതന്യാഹു സ്വന്തം ജനതക്കും മുന്നറിയിപ്പ് നൽകി.
പിന്നാലെ ഗസ്സയിലേക്കുള്ള വൈദ്യുതിയും വെള്ളവും ഇസ്രായേൽ വിഛേദിച്ചു. എണ്ണയുടെയും ഭക്ഷണത്തിന്‍റെയും മറ്റ് അവശ്യവസ്തുക്കളുടെയും വരവ് തടഞ്ഞു. അന്ധകാരത്തിലമർന്ന ഗസ്സയെ വെളളിവെളിച്ചത്തിൽ കുളിപ്പിച്ച് ഇസ്രായേലിന്‍റെ മാരകമായ ബോംബിങ് തുടരുകയായിരുന്നു. രാവിരുണ്ടതോടെ ആക്രമണത്തിന്‍റെ ശക്തി കൂടി. വേദനാജനകമായ ആ ദിനം തീരുമ്പോൾ ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കിൽ മരണം 232. മരണത്തിന് പിന്നെ റോക്കറ്റിന്‍റെ വേഗതയായിരുന്നു. ഓരോ ദിവസവും 300ഉം 400 ഉം മരണം സാധാരണയായി.
അടുത്ത ദിവസങ്ങളിൽ ഈജിപ്ഷ്യൻ അതിർത്തി കവാടമായ റഫയും അടച്ചതോടെ ഗസ്സ പുറംലോകത്തുനിന്ന് പൂർണമായും ഒറ്റപ്പെട്ടു. യുദ്ധവെറി മൂത്ത ഇസ്രായേലിന് സകല പിന്തുണയുമായി ആദ്യം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പിന്നീട് പ്രസിഡൻറ് ജോ ബൈഡനും രംഗത്തെത്തി. യു.എന്നിൽ ഇസ്രായേലിനെതിരെ വന്ന മൂന്ന് പ്രമേയങ്ങളും യു.എസ് വീറ്റോ ചെയ്തു.
20 ദിവസത്തോളം നീണ്ട ബോംബിങ്ങിൽ തരിപ്പണമായ ഗസ്സയിലേക്ക് ഒക്ടോബർ 27ന് ഇസ്രായേൽ കരയുദ്ധം തുടങ്ങി. ഇന്‍റർനെറ്റ്, ടെലിഫോൺ തുടങ്ങി സകല വിനിമയ ബന്ധങ്ങളും വിഛേദിച്ച് ലോകത്തെ ഇരുട്ടിൽ നിർത്തിയാണ് 27ന് സന്ധ്യയോടെ സൈന്യം ഗസ്സയിൽ പ്രവേശിച്ചത്. ഒപ്പം കൊടിയ വ്യോമാക്രമണവും. ഹമാസിനെ ഉന്മൂലനം ചെയ്യുക, യഹ്യ സിൻവാർ ഉൾപ്പെടെ ഹമാസ് നേതൃനിരയെ വകവരുത്തുക തുടങ്ങിയവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. പക്ഷേ, തലങ്ങും വിലങ്ങുമുള്ള വ്യോമാക്രമണങ്ങളിൽ തകർക്കപ്പെടുന്നത് മുഴുവൻ സാധാരണക്കാരുടെ വീടുകൾ, കൊല്ലപ്പെടുന്നത് സാധാരണക്കാർ. മനുഷ്യശരീരത്തെ അതിമാരകമായി ബാധിക്കുന്ന വൈറ്റ് ഫോസ്ഫറസ് ബോംബുകളും ഉഗ്രപ്രഹരശേഷിയുള്ള നൂറുകണക്കിന് 2,000 പൗണ്ട് ബോംബുകളും ഇസ്രായേൽ ഗസ്സക്ക് മുകളിൽ വർഷിച്ചു. ആക്രമണം തുടങ്ങി ഒരുമാസം തികഞ്ഞ നവംബർ ആറിന് ഗാസയിൽ മരണം 10,000 കടന്നു.
അതിനിടെ, ബന്ദികളുടെ മോചനത്തിനും ഗസ്സയിൽ ദുരിതാശ്വാസ സഹായത്തിനുമായി ഖത്തറിന്‍റെ കാർമികത്വത്തിൽ നവംബർ 24 ന് നാലുദിവത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നു. പിന്നീട് രണ്ടുതവണ കൂടി നീട്ടിയ കരാർ ഡിസംബർ ഒന്നിന് അവസാനിച്ചു. ഈ ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം ബന്ദികളെ ഹമാസും ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയച്ചു. മൊത്തം 102 ബന്ദികളെ ഹമാസ് വിട്ടയച്ചപ്പോൾ 250 ലേറെ തടവുകാരെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. ഡിസംബർ ഒന്നിന് യുദ്ധം പുനരാരംഭിച്ചതോടെ ഇസ്രായേൽ ആക്രമണം കനപ്പിച്ചു. കരയുദ്ധത്തിൽ ഇസ്രായേലിനും വലിയതോതിൽ ആൾനാശം ഉണ്ടായി. വടക്കൻ ഗസ്സയിലെ ശുജാഇയ്യയിൽ ഡിസംബർ 12 ന് മാത്രം 10 സൈനികരാണ് കൊല്ലപ്പെട്ടത്. ക്രിസ്മസിന് തലേന്നത്തെ രണ്ടുദിവസങ്ങളിൽ 16 പേരും മരിച്ചു. ഇതോടെ കരയുദ്ധത്തിൽ മാത്രം മരിച്ച സൈനികരുടെ എണ്ണം 150 കടന്നു. ഇതിനിടെ ശുജാഇയ്യയിൽ തന്നെ മൂന്ന് ഇസ്രായേലി ബന്ദികളെ ആളുമാറി വകവരുത്തിയതും ഗസ്സ സിറ്റിയിലെ ഹോളി ഫാമിലി ചർച്ചിൽ വൃദ്ധമാതാവിനെയും മകളെയും വെടിവെച്ചുകൊന്നതും ഐ.ഡി.എഫിനെതിരെ രാജ്യത്തിനുള്ളിലും അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി.
ഇടതടവില്ലാതെ തുടരുന്ന വ്യോമാക്രമണത്തിലും കരയുദ്ധത്തിലും മരണം നിലവിൽ 20,000 കവിഞ്ഞു. ഗസ്സ ജനതയുടെ 90 ശതമാനവും സ്വന്തം വാസസ്ഥലങ്ങളിൽനിന്ന് കുടിയിറക്കപ്പെട്ടു. ചക്രവാളത്തിന്‍റെ അതിവിദൂര കോണിൽ പോലും പ്രതീക്ഷയുടെ ചെറുനാളമെങ്കിലും മിന്നാത്ത പുതുവർഷത്തിലേക്കാണ് ഗസ്സ ചുവടുവെക്കുന്നത്.
അൽഅഹ്ലി
ഒക്ടോബർ 17ന് ഗസ്സ സിറ്റിയിലെ പ്രധാന ആശുപത്രികളിലൊന്നായ അൽഅഹ്ലി അറബ് ഹോസ്പിറ്റലിനു നേർക്കുണ്ടായ മിസൈലാക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടു. യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പശ്ചിമേഷ്യൻ പര്യടനത്തിന് ഏതാനും മണിക്കൂറുകൾ മുമ്പാണ് ദുരന്തമുണ്ടായത്. ആദ്യം തെൽഅവീവിൽ നെതന്യാഹുവിനെയും പിന്നീട് ജോർദാന്‍റെ തലസ്ഥാനമായ അമ്മാനിൽ അറബ് നേതാക്കളെയും കാണാനായിരുന്നു ബൈഡന്‍റെ പദ്ധതി. ദുരന്തം അറിഞ്ഞതോടെ അറബ് നേതാക്കൾ അമ്മാൻ സമ്മേളനം ഏകപക്ഷീയമായി റദ്ദാക്കി. മണിക്കൂറുകൾ കൊണ്ട് അറബ് തലസ്ഥാനങ്ങൾ പ്രതിഷേധ പ്രകടനങ്ങളിൽ മുങ്ങി.
അൽശിഫ
നവംബർ മൂന്നിന് ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിക്ക് മുന്നിലുണ്ടായ വ്യോമാക്രമണത്തിൽ 15 പേർ മരിച്ചു. 60 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. രോഗികളുമായി ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന ആംബുലൻസുകൾ ഉന്നമിട്ടായിരുന്നു ആക്രമണം. അൽശിഫ ഹോസ്പിറ്റലിന് നേർക്ക് പിന്നെയും പലതവണ ആക്രമണമുണ്ടായി. പലതവണ റെയ്ഡും നടന്നു.
അൽമഗാസി
മധ്യ ഗസ്സയിലെ പ്രമുഖ അഭയാർഥി ക്യാമ്പായ അൽമഗാസിയിലുണ്ടായ വ്യോമാക്രമണത്തിൽ 50 ഓളം പേർ മരിച്ചു. നവംബർ അഞ്ചിനായിരുന്നു സംഭവം. ക്രിസ്മസിന് തലേന്ന് വീണ്ടുമൊരു ആക്രമണമുണ്ടായി. അതിൽ 70 ലേറെ പേർ കൊല്ലപ്പെട്ടു.
അൽഫഖൂറ
ജബാലിയ അഭയാർഥി ക്യാമ്പിലെ അൽഫഖൂറ സ്കൂളിൽ നവംബർ നാല്, 18 തിയതികളിലുണ്ടായ ആക്രമണങ്ങളിൽ 70 ലേറെ പേർ കൊല്ലപ്പെട്ടു. അതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജബാലിയ
ഡിസംബർ 17 ന് ജബാലിയ ക്യാമ്പിലുണ്ടായ വൻ ആക്രമണത്തിൽ 90 പേർ മരിച്ചു.
ആണവ പ്രസ്താവന
ഇസ്രായേലി ഹെറിറ്റേജ് മന്ത്രി അമിഹായ് ഏലിയാഹുവിന്‍റെ ആണവ പ്രസ്താവന ലോകത്തെ ഞെട്ടിച്ചു. ഗസ്സക്ക് മേൽ ന്യൂക്ലിയർ ബോംബ് പ്രയോഗിക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശം വലിയ വിവാദമായതിനെ തുടർന്ന് അമിഹായ് ഏലിയാഹുവിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയെന്ന് പ്രധാനമന്ത്രി അറിയിച്ചെങ്കിലും ഇപ്പോഴും ഇദ്ദേഹം മന്ത്രിസഭയിലുണ്ട്.
റിഫ്അത്ത് അൽഅരീർ
കവിയും അധ്യാപകനും ഗസ്സയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ റിഫ്അത്ത് അൽഅരീറും കുടുംബവും ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഡിസംബർ ആറിനായിരുന്നു ദുരന്തം. ഗസ്സയിലെ മനുഷ്യജീവിതത്തിന്‍റെ ദുരിതങ്ങളും യാതനകളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ വ്യക്തിയായിരുന്നു റിഫ്അത്ത്. അദ്ദേഹത്തിന്‍റെ കവിതകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഗസ്സ
മരണം : 20,424 (8,200 കുട്ടികൾ)
പരിക്ക് : 54,036 (8,663 കുട്ടികൾ)
7,000 പേരെ കാണാനില്ല
വെസ്റ്റ്ബാങ്ക്
മരണം : 303 (76 കുട്ടികൾ)
പരിക്ക് : 3,450
ഇസ്രായേൽ
മരണം : 1,139
പരിക്ക് : 8,730
കരയുദ്ധം തുടങ്ങിയ ശേഷം
സൈനികരുടെ മരണം: 157
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.