ഗസ്സ: മാനുഷിക സഹായ വസ്തുക്കൾ എത്തിക്കാനായി അമേരിക്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഗസ്സ തീരത്ത് നിർമിച്ച താൽക്കാലിക തുറമുഖം തുറന്നു. 32 കോടി ഡോളർ ചെലവിലാണ് തുറമുഖം നിർമിച്ചത്. ഇതുവഴി എത്തിച്ച ആദ്യ ലോഡ് സഹായവസ്തുക്കളുടെ വിതരണം ആരംഭിച്ചു. വിവിധ രാജ്യങ്ങളുടെ ഏകോപനത്തിൽ സഹായവിതരണത്തിന് ശ്രമം നടക്കുന്നുണ്ട്.
അതിനിടെ ഇസ്രായേലിന്റെ എല്ലാ അക്രമങ്ങൾക്കും പിന്തുണ നൽകി അമേരിക്ക അൽപം ഭക്ഷണം തന്ന് കണ്ണിൽ പൊടിയിടുകയാണെന്ന് ഫലസ്തീനികൾ ആരോപിക്കുന്നു. കര അതിർത്തികൾ തുറക്കുകയാണ് സഹായ വിതരണത്തിനുള്ള ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ വഴി. ആത്മാർഥതയുണ്ടെങ്കിൽ അമേരിക്ക അതിന് സമ്മർദം ചെലുത്തണമെന്ന് സഹായ വിതരണത്തിന് തയാറായ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
ഗസ്സയിൽ 24 മണിക്കൂറിനിടെ 31 പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 35,303 ആയി. 79,261 പേർക്ക് പരിക്കേറ്റു. ജബാലിയ, ബൈത് ഹാനൂൻ, ബൈത് ലാഹിയ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച കനത്ത ബോംബാക്രമണമാണ് ഇസ്രായേൽ നടത്തിയത്. ജബാലിയ അഭയാർഥി ക്യാമ്പിലെ വീടിന് മേൽ ബോംബിട്ട് ആറുപേരെ കൊലപ്പെടുത്തി. 30 അഭയാർഥികളായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. വിവിധയിടങ്ങളിലായി നിരവധി വീടുകൾ തകർത്തു. ബൈത് ഹാനൂനിന്റെ പ്രവേശന കവാടത്തിൽ ഇസ്രായേൽ ടാങ്കുകൾ നിലയുറപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ രക്ഷിക്കാൻ സന്നദ്ധ പ്രവർത്തകർക്ക് അകത്തേക്ക് കടക്കാൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.