ഗസ്സക്കാർ സങ്കൽപിക്കാനാവാത്ത ഭയത്തിലും ക്ഷീണത്തിലുമെന്ന് റെഡ് ക്രസന്‍റ് മേധാവി

കെയ്‌റോ: ഒരു വർഷം പിന്നിട്ട വംശീയ യുദ്ധത്തിൽ പാടെ തളർന്ന് ഗസ്സക്കാർ. ആദ്യ മാസങ്ങളിൽ കനത്ത ബോംബാക്രമണത്തിന് വിധേയമായ വടക്കൻ മേഖലയിലേക്ക് ഇസ്രായേൽ സൈന്യം തിരിച്ചെത്തിയതോടെ കടുത്ത അരക്ഷിതാവസ്ഥയിലും ഭീതിയിലും അമർന്നിരിക്കുകയാണ് ഇവിടെയുള്ളവർ. അഭയം തേടിയവരെ ഇവിടെനിന്ന് പൂർണമായി നീക്കംചെയ്യാൻ ഇസ്രായേൽ ഉന്നമിടുന്നതായി ഫലസ്തീനികൾക്കിടയിലും യു.എൻ ഏജൻസികളിലും ആശങ്കകൾ ഉയർന്നിട്ടുണ്ട്. വടക്കൻ ഗസ്സയെ ഗസ്സാ മുനമ്പി​ന്‍റെ മറ്റ് ഭാഗങ്ങളിൽനിന്ന് സമ്പൂർണമായും വെട്ടിമാറ്റുന്നതാണ് കാണാനാവുന്നതെന്ന് ഗസ്സയിലെ റെഡ് ക്രസന്‍റ് മേധാവി അഡ്രിയാൻ സിമ്മർമാൻ പ്രസ്താവനയിൽ പറഞ്ഞു.

കടുത്ത ആക്രമണത്തിനും പലായന മുന്നറിയിപ്പുകൾക്കുമിടയിൽ ആളുകൾ സങ്കൽപ്പിക്കാനാവാത്ത ഭയം, പ്രിയപ്പെട്ടവരുടെ നഷ്ടം, ആശയക്കുഴപ്പം, ക്ഷീണം എന്നിവ നേരിടുകയാണ്. ആശുപത്രികൾ മെഡിക്കൽ സേവനങ്ങൾ നൽകാൻ പാടുപെടുകയാണ്. രോഗികളും വികലാംഗരുമുൾപ്പെടെ പലർക്കും പുറത്തുപോകാൻ കഴിയുന്നില്ല. കൂടുതൽ അപകടം നേരിടാതെ സുരക്ഷിതമായി പലായനം ചെയ്യാൻ അവർക്ക് കഴിയണം. വടക്കൻ പ്രദേശത്തെ ആരോഗ്യ സൗകര്യങ്ങൾ സംരക്ഷിക്കപ്പെടണം. അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിൽ അവർ സംരക്ഷിക്കപ്പെടണം. പരിക്കേൽക്കാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. കുടിയിറക്കപ്പെട്ട ഓരോ വ്യക്തിക്കും സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ അവകാശമുണ്ടെന്നും സിമ്മർമാൻ കൂട്ടിച്ചേർത്തു.

10 ദിവസത്തിലേറെയായി ജബലിയ ഇസ്രായേൽ ആക്രമണത്തി​ന്‍റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആക്രമണത്തിൽ ഗസ്സയിൽ ചൊവ്വാഴ്ച മാത്രം 40 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എട്ട് അഭയാർത്ഥി ക്യാമ്പുകളിൽ ഏറ്റവും വലുതായ ജബലിയയിലെ അൽ ഫലൂജക്ക് സമീപം ഇസ്രായേൽ വെടിവെപ്പിൽ 11 പേരും തെക്ക് ഖാൻ യൂനിസിലെ ബനീ സുഹൈലയിൽ 10 പേരും കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

ഗസ്സ സിറ്റിയിലെ സാബ്രയിൽ മൂന്ന് വീടുകൾ തകർത്തു. രണ്ട് മൃതദേഹങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തതായി പ്രാദേശിക സിവിൽ എമർജൻസി സർവിസ് അറിയിച്ചു. വീടുകളിലുണ്ടായിരുന്നുവെന്ന് കരുതുന്ന മറ്റ് 12 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സെൻട്രൽ ഗസ്സയിലെ നുസെറത്ത് ക്യാമ്പിൽ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൂടി മരിച്ചു.

അവിടെ പ്രവർത്തിക്കുന്ന മൂന്ന് ആശുപത്രികളോട് രോഗികളെ ഒഴിപ്പിക്കാൻ സൈന്യം ഉത്തരവിട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ വർധിച്ചുവരുന്ന മരണസംഖ്യയിൽ തളർന്നിരിക്കുകയാണെങ്കിലും തങ്ങളുടെ സേവനം തുടരാൻ തീരുമാനിച്ചതായി മെഡിക്കൽ സ്റ്റാഫുകൾ പറയുന്നു.

തെക്കൻ ഗസ്സയിലെ താമസക്കാരോട് വീടുവിട്ട് സുരക്ഷിത സ്ഥാനത്തേക്ക് പോകണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ട്.  ഹമാസ് പോരാളികളെ സിവിലിയന്മാരിൽനിന്ന് വേർപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒഴിപ്പിക്കൽ ഉത്തരവുകളെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, ഗസ്സയിൽ സുരക്ഷിതമായ ഒരിടവുമില്ലെന്ന് യു.എൻ പറയുന്നു.

Tags:    
News Summary - Gazans are in unimaginable fear and exhaustion, says Red Crescent chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.