ഫലസ്തീൻ: നഖ്ബ ഓർമ്മപ്പെടുത്തുന്നത്...

നബീല നൗഫൽ എന്ന പിഞ്ചു ബാലിക ഒക്ടോബർ ആറിനാണ് ജനിച്ചത്. ഫലസ്തീനിലെ ഗസ്സയിൽ ജനിച്ച് ഏഴാം ദിവസം ഇസ്രായേൽ ബോംബുവർഷത്തിൽ ആ പിഞ്ചു കുഞ്ഞ് കൊല്ലപ്പെട്ടു. ഇന്നവൾക്ക് ഷഹീദ: എന്ന വിശേഷണം വന്നുചേർന്നു. ഗസ്സ മുനമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയെന്നാണ് ഈ കുട്ടി ഇപ്പോൾ അറിയപ്പെടുന്നത്. ഇസ്രായേൽ ആക്രമണത്തിൽ കുഞ്ഞുങ്ങളടക്കമുള്ളവരുടെ കൂട്ടമരണങ്ങൾ കണ്ട് ലോകം വിറങ്ങലിച്ചിരിക്കുന്നു. ഗസ്സയെ അതീവ ദുരന്തമുഖത്ത് നിർത്തി ഇസ്രായേൽ അവരുടെ സയണിസ്റ്റ് രാഷ്ടീയ അജണ്ട നടപ്പിലാക്കുകയാണ്. ഇപ്പോൾ നടക്കുന്നത് വംശഹത്യയാണെന്ന് നേർകാഴ്ച്ചകളെല്ലാം പങ്കുവെക്കുന്നു. ഒരാഴ്ച്ചയായി രൂക്ഷമായി തുടരുന്ന ഇസ്രായേൽ ഫലസ്തീൻ യുദ്ധത്തിൽ 2000-ത്തോളം ഫലസ്തീനികളും 1300-ഓളം ഇസ്രായേലികളും കൊല്ലപ്പെട്ടു. എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ ഗസ്സയിൽ നരമേധം തുടരുന്നത്. സാധാരണ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ തുടർച്ചയായി ബോംബ് വർഷം നടത്തുക, ആളുകളെ പാർപ്പിച്ച സ്കൂളുകൾക്ക് നേരെ മിസൈലുകൾ അയച്ച് കൊന്നൊടുക്കുക ആശുപത്രികൾക്കു നേരെ നിരന്തരമായി ബോംബു വർഷിക്കുക, തുടങ്ങി എവിടെയും കാണാത്ത കിരാതമായ യുദ്ധമുറകളാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്.


ഇതെഴുതുമ്പോൾ 24 മണിക്കൂറിനുള്ളിൽ 11 ലക്ഷം വരുന്ന വടക്കൻ ഗസ്സയിലെ ജനങ്ങളോട് തെക്കൻ ഭാഗത്തേക്ക് കൂട്ടപാലായനം ചെയ്യാൻ ഇസ്രായേൽ സൈന്യം ഉത്തരവ് നൽകിയിരിക്കുകയാണ്. ഈ നിർബന്ധിത കൂട്ട പലായനം 1948 ലെ നഖബയെ ഓർമിപ്പിക്കുന്നു. 2023ൽ രണ്ടാം നഖ്ബ ആവർത്തിക്കുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. ഇസ്രായേലിനു ക്രൂരതയുടെ ഭാവമാണെന്നും യാതൊരു ഗ്യാരണ്ടിയുമില്ലാതെ 11 ലക്ഷം പേർ പലായനം ചെയ്യുന്നത് ഫലസ്തീനികളോട് ചെയ്യുന്ന മറ്റൊരു ചതിയാണെന്നും ചെറുത്തുനിൽപ്പ് പ്രസ്ഥാനമായ ഹമാസ് അവകാശപ്പെടുന്നു. ഇസ്രായേലി​െൻറ വ്യാജമായ ഉത്തരവുകൾ മുഖവിലക്കെടുക്കെരുതെന്നും വടക്കൻ ഭാഗത്ത് തുടരണമെന്നും അധിനിവേശം നടത്തുന്ന അത്യന്തം ഹീനമായ യുദ്ധത്തിനു മുമ്പിൽ അടിപതറരുതെന്നാണ് ഹമാസ് അഭയാർത്ഥി വിഭാഗം മേധാവി ഗസ്സ നിവാസികളെ അറിയിച്ചത്. വിനാശകരമായ മാനുഷീക പ്രത്യാഘാതങ്ങളില്ലാതെ പലായനം അസാധ്യമാണെന്ന് ഐക്യരാഷ്ട്ര സഭയും അറിയിക്കുകയുണ്ടായി.

1948ൽ ഇസ്രായേൽ രൂപീകരണത്തോടനുബന്ധിച്ച് നടന്ന നിർബന്ധിത കൂട്ടപലായനത്തെയാണ് നഖ്ബ എന്ന പേരിൽ വിളിക്കുന്നത്. 75 വർഷങ്ങൾക്ക് മുമ്പ് സയണിസ്റ്റുകൾ ബ്രിട്ടന്‍റെ പൂർണ പിന്തുണയോടെ ഏഴര ലക്ഷത്തോളം ഫലസ്തീനികളെ ആയുധ ബലത്താൽ അവരുടെ മണ്ണിൽ നിന്നും കൂട്ടത്തോടെ കുടിയിറക്കത്തിനു വിധേയമാക്കുകയായിരുന്നു. പിന്നീട് ഒരിക്കലും അവരെ ഗസ്സയിലേക്ക് മടങ്ങാൻ അനുവദിച്ചിരുന്നില്ല. 20 ഓളം നഗരങ്ങളിലായി 400 ഓളം ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ഫലസ്തീനികളായ അറബികൾക്കാണ് അന്ന് അവരുടെ വീടും നാടും വിട്ട് ഓടേണ്ടി വന്നത്. അവരുടെ സ്വത്തുക്കളും കൃഷിയിടങ്ങളും പിന്നീട് ഇസ്രായേൽ എന്ന അധിനിവേശ രാജ്യത്തിന്‍റെ ഭാഗമാക്കി മാറ്റി. ഏതാണ്ട് 12,000 ത്തോളം ആളുകളെ കൂട്ടകൊല നടത്തിയ അന്നത്തെ യുദ്ധത്തിൽ ലക്ഷക്കണക്കിനാളുകൾക്ക് പരിക്കേറ്റിരുന്നു. നഖ്ബ ഓരൊ ഫലസ്തീനികളുടേയും വികാരമാണ്. വീടും നാടും നഷ്ടപ്പെട്ട നിരാലംബരായ അറബ് ജനതയുടെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിച്ച യഥാർത്ഥ സംഭവത്തിന്‍റെ ഓർമ്മയാണ്. സയണിസം ഒരു ജനതതിയ വഞ്ചിച്ചതിന്‍റെ; ഫലസ്തീൻ ജനതയോട് നടത്തിയ രാജ്യദ്രോഹത്തിന്‍റെ നടുക്കുന്ന ഓർമ്മയാണ്. ലോകത്തിന്‍റെ നെറുകെയിൽ സംഭവിച്ച നാണക്കേടായിരുന്നു നഖ്ബ. അറബ് സമൂഹത്തിനു നഷ്ടപ്പെട്ട നീതിയുടെ നേർചിത്രമായിരുന്നു അത്.

ഒന്നാം നഖ്ബയെ കുറിച്ച് 20 ആം നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വംശീയ ഉന്മൂലന പ്രവർത്തനമെന്നാണ് ഫലസ്തീൻ നാഷനൽ ഇൻഫർമേഷൻ സെൻറർ വിശേഷിപ്പിച്ചത്. സെൻററി​െൻറ കണക്കുകളനുസരിച്ച് എട്ട് ലക്ഷത്തോളം ആളുകളെ നിർബന്ധിച്ച് കുടിയിറക്കിയതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 27,000 ചതുരശ്ര കി.മി വരുന്ന ഫലസ്തീൻ മണ്ണിന്‍റെ 85 ശതമാനത്തിൽ അധികം പ്രദേശങ്ങളിലും ഇസ്രായേൽ കുടിയേറി. 531 നഗരങ്ങളിൽ പരന്നു കിടകക്കുന്ന 774 ഗ്രാമങ്ങൾ നശിപ്പിക്കുകയും പിന്നീട് അവരുടേതാക്കി മാറ്റുകയും ചെയ്തു. ഫലസ്തീനികൾക്കെതിരെ പിന്നെയും നിരന്തരമായ കൂട്ടകൊലകൾ അഴിച്ച് വിട്ടു. 15,000 ഫലസ്തീനികളും 35 ലക്ഷം അറബികളും ഇരയായി രണ്ട് ലക്ഷം ഫലസ്തീനികൾക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടു. 4700 ഫലസ്തീനികളെ തടവിലാക്കി. ഫലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റികസിന്‍റെ കണക്കുകൾ അനുസരിച്ച് ഒന്നാം നഖ്ബക്ക് ശേഷം 1948 മുതൽ 2022 ഏപ്രിൽ വരെ (2000 -2022 ഇൻത്തിഫാദ ഉൾപെടെ) ഒരു ലക്ഷത്തിലധികം ഫലസ്തീനികളുടെ ജീവനാണ് ഇസ്രായേൽ അപഹരിച്ചത്. കൂട്ട കൊലപാതകവും കുടിയിറക്കലിനും ഒടുവിൽ ഇസ്രായേലിനുള്ളിലെ അറബ് നഗരങ്ങളിൽ ഒന്നര ലക്ഷം ഫലസ്തീനികളാണ് ആ നാട്ടിൽ അവശേഷിച്ചത്. 2021 ഓടെ അവരുടെ സംഖ്യ 17 ലക്ഷമായി ഉയർന്നു. 1967 നു ശേഷം 10 ലക്ഷത്തോളം അറസ്റ്റുകളിൽ നിന്നായി ഇസ്രായേലി ജയിലുകളിൽൽ 5000 ത്തോളം തടവുകാരുള്ളതായി കണക്കാക്കുന്നു.


കുടിയേറ്റത്തിന്‍റെ ചരിത്രം

ഫലസ്തീൻ നൂറ്റാണ്ടുകളായി ഇസ്രായേലിന്‍റെതായിരുന്നുവെന്ന് വ്യാജ വാർത്തകൾ പരത്തുന്നവർ ഇസ്രായേലിന്‍റെ കുടിയേറ്റ ചരിത്രമറിയണം. 1799-ൽ അറബ് ലോകത്തിനെതിരായ ഫ്രഞ്ച് പ്രചാരണത്തിനിടെ ഫ്രഞ്ച് ഭരണകൂടത്തിന്‍റെ നേതൃത്ത്വത്തിൽ ഫലസ്തീൻ ഭൂമിയിൽ ജൂതന്മാർക്ക് പ്രത്യേകം ഭൂമി നൽകണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഈ വിഷയം ആവശ്യപ്പെട്ട് നെപ്പോളിയൻ ബോണൊപ്പാർട്ട് ഒരു പദ്ധതി തയ്യാറാക്കി. പക്ഷെ ആ പദ്ധതി അന്ന് വിജയം കണ്ടില്ല. 1897 ലും 1914 ലും ഈ ആവശ്യം വീണ്ടും ഉയർന്നുവന്നു. ഓട്ടൊമൻ സാമ്രാജ്യത്തിന്‍റെ പതനത്തിനു ശേഷമാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ ഒത്താശയിൽ ഒരു സയണിസ്റ്റ് രാഷ്ട്രം ഫലസ്ഥീനിൽ സ്ഥാപിക്കാനുള്ള പദ്ധതി യാഥാർത്ഥ്യമാകുന്നത്. 1917ലെ ബാൽഫർ പ്രഖ്യാപത്തിലാണ് ഫലസ്തീനിൽ ‘ജൂതന്മാർക്ക് ദേശീയ ഭവനം’ സ്ഥാപിക്കുന്നതിനുള്ള ബ്രിട്ടീഷ് പിന്തുണ പരസ്യമായി ലോകത്തെ അറിയിക്കുന്നത്. മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫർ ജൂദന്മാരുടെ നേതാവായ ബാരൺ റോത്ത് ചൈൽഡിനു എഴുതിയ കത്തിലാണ് ആദ്യമായി ഈ വാഗ്ദാനം നൽകുന്നത്. അവിടം മുതലാണ് ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ജൂദന്മാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഫലസ്തീനിലേക്ക് ഒഴുകിയെത്തുന്നത്. കുടിയേറി വന്ന ജൂദന്മാർ ഫലസ്തീനികളായ അറബികളൂടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങളെ സയണിസ്റ്റ് മേഖലകളാക്കാൻ അവരുടെ ഭൂമി നിർബന്ധിച്ചും ചതിച്ചും കൈവശപ്പെടുത്തുകയായിരുന്നു. അറബികളെ കുടീയിറക്കുവാനായി രാഷ്ടീയമായി നേരിട്ടും അക്രമങ്ങൾ അഴിച്ചുവിട്ടും സ്വൈര്യം കെടുത്തുകയായിരുന്നു.

പുതിയ സംഭവ വികാസങ്ങൾ ചരിത്രം ആവർത്തിക്കുമൊ എന്ന ചോദ്യം ഉയർത്തുമ്പോഴും ഗസ്സയിലെ ഒന്നാം നഖബയുടെ പിന്മുറക്കാർ അതിനു വഴങ്ങുമൊ എന്നത് സംശയമാണ്. “നിങ്ങൾ ഗസ്സയിൽ തന്നെ ഉറച്ച് നിൽക്കണം, നിങ്ങളും എന്‍റെ മക്കളും രക്തസാക്ഷികളാകുന്നതാണ് ഗത്യന്തരമില്ലാതെ നിരന്തരമായി നാടു കടത്തുന്നതിനേക്കാൾ നല്ലത്” എന്നാണ് ഫലസ്തീൻ ഗവേഷകനായ അഹമ്മദ് സമീർ ഖനീത്വ തന്‍റെ കുടുംബത്തോട്. പറഞ്ഞത്. രണ്ട് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം തന്‍റെ കുടുംബം മുഴുവൻ രക്ത സാക്ഷികളായതായി അറിയിക്കുകയുണ്ടായി. മരണ ശേഷം അദ്ദേഹം കുറിച്ച വാക്കുകൾ ഓരോ ഗസ്സ നിവാസികളുടേയും മനസ്സിന്‍റെ തേട്ടമാണ്. “എന്‍റെ സഹോദരങ്ങളേ, ഗസ്സയിലെ സമൂഹമേ, പ്രിയപ്പെട്ട മക്കളേ, പലായനം ചെയ്യുന്നതിനെ കുറിച്ച് ആരും ഇപ്പോൾ ചിന്തിക്കരുത്. മനുഷ്യത്വപരവും യുക്തിപരവുമായ ന്യായമതാണ്. പലായനം ചെയ്യാതിരിക്കലാണു പലായനം ചെയ്യുന്നതിനേക്കാൾ ആയിരം വട്ടം നല്ലത്. മതപരമായും ബുദ്ധിപരമായും യുക്തിപരമായും ചിന്തിക്കുമ്പോൾ ഏത് മാർഗ്ഗം അവലംബിച്ചും സ്ഥൈര്യം പകർന്നു നൽകിയും അവബോധം ഉണർത്തിയും പലായനത്തെ തടയുക, ക്രൂരമായ അധിനിവേശത്തിനെതിരെയുള്ള ചെറുത്തു നിൽപ്പിന്‍റെ ഭാഗമായ പ്രവർത്തി തന്നെയാണ്”. ഭൂരിഭാഗം ഗസ്സ നിവാസികളും ഗസ്സ വിട്ടു പോകാൻ താല്പര്യമില്ലാത്താരാണ് എന്നാണ് അവിടെ നിന്നുള്ള പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.


ഐ ഡി എഫ് ഗസ്സയിൽ ബോംബിംഗ് തുടരുകയാണ് പടിഞ്ഞാറു കാണിച്ച പച്ചകൊടിയിൽ ഇസ്രായേൽ കയറി മെഴുകുകയാണ്.. ഇസ്രായേൽ മിസൈലുകൾ ലബനാൻ അതിർത്തി വരെയെത്തിയിരിക്കുന്നു വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ പോലും എവിടെയുമില്ല. മരിക്കുന്നവരത്രയും മരിക്കട്ടെ എന്നാകും പടിഞ്ഞറ് കരുതുന്നത്. സുരക്ഷിതമല്ലാത്തത്ത പലായനം അപകടകരമാകുമെന്ന് ഫലസ്തീനിലെ ജനങ്ങളും കരുതുന്നുണ്ടാകും. ഗസ്സക്കാരുടെ വെള്ളവും വെളിച്ചവും ഇല്ലാതാക്കിയും മരുന്നും ഭക്ഷണവും തടഞ്ഞുവെച്ചും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ തെരഞ്ഞ് പിടിച്ച് ബോംബ് വർഷം നടത്തിയും പിഞ്ചു കുഞ്ഞുങ്ങളെ ദയാരഹിതമായി കൊന്നുകളഞ്ഞും പലഭാഗങ്ങളിലും വെളുത്ത ഫോസ്ഫറസ് ഉപയോഗിച്ചും ലോകം അംഗീകരിച്ച യുദ്ധനിയമങ്ങൾ ഇസ്രായേൽ വീണ്ടും വീണ്ടും കാറ്റിൽ പറത്തുകയാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പിറന്ന മണ്ണിൽ പോരാടിയെന്നതൊഴിച്ച് എന്ത് അപരാധമാണ് ഫലസ്തീനികൾ ചെയ്തത് എന്ന ചോദ്യം പോലൂം പ്രസക്തമല്ലാതായിരിക്കുന്നു. എന്നിട്ടും സാമൂഹിക മാധ്യമങ്ങൾ ഒഴുക്കിവിടുന്ന വ്യാജനിർമിത തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ ഇസ്രായേലിനെ വെളുപ്പിക്കാനും ചെറുത്തു നിൽക്കുന്നവരെ തീവ്രവാദികളാക്കാനുമുള്ള തിരക്കിലാണ് മാധ്യമങ്ങൾ പോലും. പോരാടുന്നവരുടെ മതമന്വേഷിച്ചും അവരെ പിന്തുണക്കുന്നവരുടെ വേരുകൾ തേടിയും പോകുന്നവർ ഇസ്രായേലിന്‍റെ ഉള്ളടക്കവും ചരിത്രവും പോരടുന്നവരുടെ ചെറുത്തുനിൽപ്പിന്‍റെ രാഷ്ടീയവും അറിയണം.

സയണിസ്റ്റുകളുടെ വിശാല ഇസ്രായേൽ

വിശാല ഇസ്രായേൽ സ്വപ്നം കാണുന്നവരാണ് സയണിസ്റ്റുകളായ ഇസ്രായേലികൾ. അറബ് രാജ്യങ്ങളെ കൂടെ നിർത്തി തന്നെയാണ് അതിരുകളില്ലാത്ത സയണിസ്റ്റ് രാജ്യത്തിനു വേണ്ടി അവർ മണ്ണൊരുക്കുന്നത്. ഈജിപ്തും ഇറാഖും സിറിയയും ജോർദ്ദാനും ലെബനാനുമെല്ലാം ഉൾകൊള്ളുന്നതാണു വിശാല ഇസ്രായേൽ. യുഫ്രട്ടീസ് മുതൽ നൈൽ നദി വരെയുള്ള അറബ് ആഫ്രിക്കൻ രാജ്യങ്ങൾ അവരുടെ സ്വപ്ന പദ്ധതിയുടെ ഭാഗമാണ്. അതിലേക്ക് നടന്നടുക്കാൻ ഏത് തരത്തിലുള്ള കിരാതമായ നടപടികളും അവർ സ്വീകരിക്കുമെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. പടിഞ്ഞാറൻ രാജ്യമൊന്നടങ്കമുള്ള ഭരണകർത്താക്കളും ലോകത്തുടനീളമുള്ള സയണിസ്റ്റുകളും അന്താരാഷ്ട മാധ്യമങ്ങളും കൂടെയുള്ളതിനാൽ ഐക്യരാഷ്ട്ര സഭയും ലോക കോടതിയുമൊന്നും അവർക്ക് യാതൊരു ഭയവും സൃഷ്ടിക്കുന്നില്ല. അവരുടെ ലക്ഷ്യം തടയുന്നില്ല. സിറിയയുടെ ഭാഗമായിരുന്ന ജൂലാൻ കുന്നുകളും ജോർദാനിന്‍റെ ഭാഗമായിരുന്ന വെസ്റ്റ്ബാങ്കും കിഴക്കൻ ജറൂസലേമും കൂടെ ചേർത്തതാണു. ഈജിപ്തിലെ സീനാ താഴ്വാരയിൽ ഒരിക്കൽ കാലുകുത്തിയതാണ്. 1973ലെ യുദ്ധത്തിൽ അത് അവർക്ക് നഷ്ടപ്പെട്ടുവെങ്കിലും ഭൂമിശാസ്ത്രപരമായ അതിരുകൾ ബേധിക്കാനുള്ള ശ്രമം അവർ തുടർന്നുകോണ്ടേയിരിക്കും. ലബനാനിന്‍റെ അതിർത്തി പ്രദേശങ്ങളിൽ നിരന്തരമായി അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതും ഈ ലക്ഷ്യത്തിലാണ്. ഈ ബോധ്യമാണ് അറബ് രാജ്യങ്ങളുടെ മുന്നിലുണ്ടാകേണ്ടത്. അങ്ങനെ വന്നാൽ നഖ്ബ എന്നാൽ സയണിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള അറബ് ജനതയുടെ പോരാട്ടത്തിന്‍റെയും ആശയ സമരത്തിന്‍റെയും രാഷ്ടീയമായ ചെറുത്തുനിൽപ്പിന്‍റെയും ചരിത്രബോധം പകരുന്ന അടിസ്ഥാന പ്രശ്നമായി വിലയിരുത്തേണ്ടിവരും ഗസ്സയുടെ വർത്തമാനം അത്തരത്തിലുള്ള അനിവാര്യതകളിലേക്കാണ് നമ്മേ നയിക്കുന്നത്. വംശീയ ഉന്മൂലനവും സയണിസ്റ്റ് തേർവാഴ്ച്ചയും തടയിടണമെങ്കിൽ അറബ് ഐക്യത്തോടെയുള്ള ചെറുത്തുനിൽപ്പിലൂടെ മാത്രമേ അത് യാഥാർത്ഥ്യമാവൂ.



Tags:    
News Summary - Genocide is happening in Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.