ആദ്യ ഡോസ് എടുത്തത് ആസ്ട്രസെനേക വാക്‌സിന്‍; ആംഗല മെര്‍ക്കല്‍ രണ്ടാം ഡോസായി എടുത്തത് മൊഡേണ

ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാം ഡോസായി എടുത്തത് മൊഡേണ. ആദ്യ ഡോസായി ആസ്ട്രസെനേക വാക്‌സിനായിരുന്നു മെര്‍ക്കല്‍ എടുത്തത്. വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് രണ്ടാം ഡോസായി മൊഡേണ സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

66കാരിയായ മെര്‍ക്കല്‍ ഏപ്രിലിലാണ് ആസ്ട്രസെനേക വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെച്ചത്. ആസ്ട്രസെനേക വാക്‌സിന്‍ സ്വീകരിച്ച ഏതാനും പേരില്‍ പ്രതികൂല ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ 60 പിന്നിട്ടവര്‍ മാത്രം ഈ വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്ന് ജര്‍മന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് രണ്ടാഴ്ചക്ക് ശേഷമാണ് മെര്‍ക്കല്‍ ആദ്യ ഡോസ് സ്വീകരിച്ചത്. പിന്നീട്, രണ്ടാം ഡോസായി അമേരിക്കന്‍ വാക്‌സിനായ മൊഡേണ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

യൂറോപ്പില്‍ നിരവധി രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഡോസ് ആസ്ട്രസെനേക വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. നേരിയ തോതിലാണ് വാക്‌സിന്റെ പ്രതികൂല ഫലങ്ങള്‍ കണ്ടത്. അപൂര്‍വതരത്തില്‍ രക്തം കട്ടപിടിക്കുന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തുടര്‍ന്ന്, ജര്‍മനി ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ ഈ വാക്‌സിന്‍ 60 പിന്നിട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

ആദ്യ ഡോസ് ആസ്ട്രസെനേക സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസായി മറ്റ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ കുഴപ്പമില്ലെന്ന് അധികൃതര്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. മറ്റ് ചില രാഷ്ട്രങ്ങളും സമാന തീരുമാനമെടുത്തു.

വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെ കുറിച്ചുള്ള പഠനങ്ങള്‍ ആഗോളതലത്തില്‍ പുരോഗമിക്കുകയാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അന്തിമ നിഗമനത്തിലെത്തിയിട്ടില്ല.

Tags:    
News Summary - Germany’s Angela Merkel gets Moderna as second jab after AstraZeneca first dose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.