കാബൂൾ: അഫ്ഗാനിസ്താനിലെ പെൺകുട്ടികളെ എത്രയും വേഗം സ്കൂളിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്. അഫ്ഗാൻ മന്ത്രിസഭ വിപുലീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകളെ ഉൾപ്പെടുത്താതെയാണ് മന്ത്രിസഭ വിപുലീകരിച്ചത്. അതേസമയം, മന്ത്രിസഭയിൽ ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തി.
അഫ്ഗാനിസ്താനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ രീതിയിലെ പരിഷ്കാരങ്ങൾ കഴിഞ്ഞയാഴ്ചയാണ് താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഒരു ക്ലാസ്മുറിയിൽ പഠിക്കുന്ന സമ്പ്രദായം ഇനിയുണ്ടാകില്ല.
ബിരുദാനന്തര ബിരുദമടക്കമുള്ള കോഴ്സുകളിൽ പെൺകുട്ടികൾക്ക് പഠനം പുനരാരംഭിക്കാം. എന്നാൽ, ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിർബന്ധമാണ്. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിത അധ്യാപകരുണ്ടാകും.
അതേസമയം, കഴിഞ്ഞദിവസം നിർത്തലാക്കിയ വനിതകാര്യ മന്ത്രാലയത്തെ സംബന്ധിച്ച് താലിബാൻ വക്താവ് പ്രതികരിച്ചില്ല. ഗൈഡൻസ് മന്ത്രാലയം എന്നാണ് പുതിയ പേര്. ആരോഗ്യ മന്ത്രാലയത്തിലടക്കം മാറ്റങ്ങൾ വരുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.