മനില: രാജ്യത്തെ കോവിഡ് വാക്സിനേഷൻ മന്ദഗതിയിലായതിന് പിന്നാലെ കുത്തിവെപ്പെടുക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ ഭീഷണിയുമായി ഫിലിപ്പീൻസ് പ്രസിഡൻറ് റൊഡ്രിഗോ ദുതർതേ. വാക്സിൻ സ്വീകരിക്കാത്തവരെ ജയിലിലടക്കുമെന്നും ഇവർക്ക് ബലമായി വാക്സിൻ കുത്തിവെക്കുമെന്നും വാക്സിനെടുക്കാൻ താൽപര്യമില്ലാത്തവർ രാജ്യം വിട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'വാക്സിൻ എടുത്തോളൂ, അല്ലെങ്കിൽ ജയിലിലാകും. ഇന്ത്യയിലേക്കോ അേമരിക്കയിലേക്കോ പോയിക്കോളൂ. നിങ്ങൾ ഒരു മനുഷ്യനാണെങ്കിൽ ഇവിടെ ഉള്ളിടത്തോളം വൈറസ് വാഹകരാകാൻ സാധിക്കും. അത് കൊണ്ട് വാക്സിൻ എടുക്കുക' കഴിഞ്ഞ ദിവസം മനിലയിൽ വെച്ച് മാധ്യമങ്ങളിലൂടെ ദുതർതേ പറഞ്ഞു.
അല്ലെങ്കിൽ എല്ലാ ഗ്രാമത്തലവൻമാരോടും വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്നവരുടെ പട്ടിക വാങ്ങി അവർക്ക് പന്നികൾക്ക് കുത്തിവെക്കുന്ന ഇവർമെക്ടിൻ കുത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കുറഞ്ഞ ശതമാനം ആളുകളേ വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളൂ. വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ രാജ്യത്ത് രജിസ്ട്രേഷൻ നിർത്തിയിരിക്കയാണ്.കഴിഞ്ഞദിവസം 28,000 പേർക്ക് വാക്സിനേഷന് അറിയിപ്പ് നൽകിയിട്ടും 4,402 പേർ മാത്രമാണ് എത്തിയത്.
ഫിലിപ്പീൻസിൽ ഇതുവരെ 13.9 ലക്ഷം ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. 24,372 പേർ കോവിഡ് ബാധിച്ച് മരിച്ചു. ജൂൺ 20 വരെ 21 ലക്ഷം ആളുകൾ വാക്സിനേഷന് വിധേയമായതായാണ് കണക്ക്. ഈ വർഷം തന്നെ രാജ്യത്തെ ഏഴ് കോടിയാളുകളുകളെയും വാക്സിനേഷന് വിധേയമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കോവിഡ് സാഹചര്യത്തെ നേരിടുന്നതിൽ കാർക്കശ്യം കാണിക്കുന്ന ദുതർതേയുടെ നിലപാടുകൾ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഡെൽറ്റ വകഭേദം തടയാൻ അതിർത്തികൾ അടക്കുന്നതടക്കം പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട് ഫിലീപ്പീൻസ്. കോവിഡ് കാലത്ത് സ്കൂളുകൾ തുറക്കേണ്ടെന്ന നിലപാടിലാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.