നിർമിത ബുദ്ധിയുടെ പിതാവായി വാഴ്ത്തപ്പെടുന്നയാളാണ് ജൊഫ്രി ഹിന്റൺ. ടെക് വ്യവസായത്തെ അക്ഷരാർഥത്തിൽ മാറ്റിവരച്ചാണ് നിർമിത ബുദ്ധി സംവിധാനങ്ങൾ വിവിധ മേഖലകളിൽ വലിയ സാന്നിധ്യമായതും കൂടുതൽ സ്വാധീനം ചെലുത്തി പടർന്നുകയറുന്നതും. എന്നാൽ, ഈ വിപ്ലവത്തിന് ചുക്കാൻ പിടിച്ച ഹിന്റൺ ഒടുവിൽ അതുവഴി സംഭവിക്കാവുന്ന വലിയ ദുരന്തങ്ങളെ കുറിച്ച മുന്നറിയിപ്പുകാരനാവുകയാണ്.
ഒരു പതിറ്റാണ്ടിലേറെ കാലം സേവനം ചെയ്ത ഗൂഗ്ളിൽ പണി നിർത്തിയാണ് നിർമിത ബുദ്ധിക്കെതിരായ സന്ദേശവുമായി പൊതുസമൂഹത്തിലേക്കിറങ്ങുന്നത്. നിർമിത ബുദ്ധിയുടെ ഉൽപന്നമായ ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ്ബോട്ടുകൾ വൈകാതെ സമൂഹത്തിൽ വൻദുരന്തം തന്നെ വരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.
1990ൽ വെബ് ബ്രൗസറുകൾ അവതരിപ്പിക്കപ്പെട്ടതിന് സമാനമായ വിപ്ലവമെന്ന നിലക്കാണ് ചാറ്റ്ബോട്ടുകൾ എത്തിയത്. മരുന്നു വികസനം മുതൽ വിദ്യാഭ്യാസം വരെ എണ്ണമറ്റ മേഖലകളിൽ ഇതിന് വലിയ സംഭാവന അർപ്പിക്കാനാവുമെന്നാണ് അവകാശവാദം.
എന്നാൽ, അതിഭീകരനായ ഒരു ജീവിയെ കാട്ടിലേക്ക് തുറന്നുവിടുംപോലെയാണ് ഇതെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. തെറ്റായ വിവരങ്ങൾ പരത്താനുള്ള ഒരു ഉപകരണമായി ചാറ്റ്ബോട്ടുകൾ മാറുമെന്നാണ് ഒരു മുന്നറിയിപ്പ്. തൊഴിൽ മേഖലയിലും ഭീഷണി സൃഷ്ടിക്കും. എന്നല്ല, മനുഷ്യ വംശത്തിന്റെ നിലനിൽപിനു തന്നെ ആശങ്ക ഉയർത്തുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്റ്റാർട്അപ് സംരംഭമായ ഓപൺഎ.ഐ കഴിഞ്ഞ മാർച്ചിൽ ചാറ്റ്ജി.പി.ടിയുടെ പുതിയ വകഭേദം അവതരിപ്പിക്കുന്നതോടെയാണ് ശരിക്കും കടന്നൽ കൂടിളകുന്നത്. ടെക്നോളജി രംഗത്തെ പ്രമുഖരായ 1,000 ലേറെ പേർ ചേർന്ന് സമാന സംവിധാനങ്ങൾ പുതിയതായി അവതരിപ്പിക്കുന്നതിന് ആറു മാസത്തെ മോറട്ടോറിയം വേണമെന്ന വാദവുമായി തുറന്ന കത്തെഴുതി. നിർമിത ബുദ്ധി രംഗത്തെ അക്കാദമിക സംഘടനയായ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ നിലവിലെ ഭാരവാഹികളും മുൻ നേതാക്കളുമടക്കം 19 പേർ പുറത്തിറക്കിയ കത്തും വലിയ ഭീഷണിയെ കുറിച്ച് സൂചനകൾ നൽകി. മൈക്രോസോഫ്റ്റ് ചീഫ് സയന്റിഫിക് ഓഫീസർ എറിക് ഹോർവിറ്റ്സ് അടക്കമുള്ളവരായിരുന്നു മുന്നറിയിപ്പുകാർ.
അന്ന് ഗൂഗ്ളിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ പരസ്യമായി രംഗത്തിറങ്ങാതിരുന്ന ഹിന്റണാണ് ഒടുവിൽ അവിടെ ജോലി ഉപേക്ഷിച്ച് ഈ ദൗത്യവുമായി ഇറങ്ങുന്നത്.
അടുത്തിടെ മൈക്രോസോഫ്റ്റ് സെർച്ച് എഞ്ചിനായ ബിങ് ഇതോടൊപ്പം ചാറ്റ്ബോട്ട് സേവനവും ഉൾപ്പെടുത്തിയിരുന്നു. ഇതോടെ, സമാന സേവനം വൈകാതെ ലഭ്യമാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് ഗൂഗ്ൾ. മറ്റു മേഖലകളിലും സമാനമായി നിർമിത ബുദ്ധി പിടിമുറുക്കുമെന്നാണ് ഏറ്റവും പുതിയ വെല്ലുവിളി.
ചാറ്റ്ബോട്ടുകൾ പണി തുടങ്ങുന്നതോടെ വ്യാജ ചിത്രങ്ങൾ, വിഡിയോകൾ, എഴുത്തുകൾ എന്നിവയുടെ പ്രളയമാകും വൈകാതെ ഇന്റർനെറ്റിലെന്ന ആശങ്ക വിദഗ്ധർ പങ്കുവെക്കുന്നു. ഇവിടെ തുടങ്ങി ഭാവിയിൽ സ്വന്തം കമ്പ്യൂട്ടർ കോഡുകൾ ഉണ്ടാക്കുന്ന നിർമിത ബുദ്ധി സംവിധാനങ്ങൾ അത്യപകടകരമായ ആയുധങ്ങൾ വരെ സ്വയം ഉൽപാദിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതിന് ഏറെ കാത്തിരിപ്പ് വേണ്ടിവരില്ലെന്ന് ഹിന്റൺ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.