അഴിമതി അന്വേഷണത്തിെൻറ ഭാഗമായി പൊലീസുകാരെൻറ വീട്ടിലെത്തിയ സംഘം കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച്ചകൾ. മുറ്റം നിറയെ ആഢംബര കാറുകളും മണിമാളികയിൽ മാർബിളിൽ തീർത്ത ശിൽപ്പങ്ങളും സ്വർണ്ണം പൂശിയ അകത്തളങ്ങളുമാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്വീകരിച്ചത്. എന്നാൽ ഉള്ളിലേക്ക് കടന്നവർ ശരിക്കും ഞെട്ടിയത് അവിടത്തെ ശുചിമുറി കണ്ടാണ്. സ്വർണത്തിൽ തീർത്ത സാധനങ്ങളാണ് ശുചിമുറിയിൽ ഉണ്ടായിരുന്നത്. വാഷ്ബേസിനും, ബാത്ടബ്ബും, ക്ലോസറ്റുമെല്ലാം സ്വർണ ശോഭയിൽ വെട്ടിത്തിളങ്ങുന്നു. റഷ്യയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റഷ്യൻ പോലീസ് ഉദ്യോഗസ്ഥനായ കേണൽ അലക്സി സഫോനോവ് (45)ആണ് ആഢംബരങ്ങളിൽ മുങ്ങി വാണിരുന്നത്. ഇയാളെ അന്വേഷണവിധേയമായി ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. തെക്കൻ സ്റ്റാവ്രോപോൾ മേഖലയിലെ ട്രാഫിക് പോലീസ് മേധാവിയാണ് സഫോനോവ്. ഇയാളുടെ അഴിമതികളെപറ്റി പരാതി വ്യാപകമായതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 35 ഉദ്യോഗസ്ഥർക്കൊപ്പം ഒരു മാഫിയ സംഘം നടത്തുകയായിരുന്നു സഫോനോവ്. ആഢംബര ജീവിതം നയിക്കാനാണ് അഴിമതിയിലൂടെയും മാഫിയ പ്രവർത്തനങ്ങളിലൂടെയും പണം കണ്ടെത്തിയിരുന്നത്. മുൻ ട്രാഫിക് ഇൻസ്പെക്ടർ ഉൾപ്പെടെ ക്രിമിനൽ സംഘത്തിലെ ആറ് അംഗങ്ങളും അറസ്റ്റിലായിട്ടുണ്ട്. ഇവർ 15 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സഫോനോവിെൻറ മണിമാളികയുടെ വീഡിയോ റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി വെബ്‌സൈറ്റ് പുറത്തിറക്കി. മാളികയുടെ വിവിധ ഭാഗങ്ങൾ സ്വർണ്ണംപൂശിയാണ് ഒരുക്കിയിരിക്കുന്നത്. അകവും പുറവും മാർബിൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അകത്തളങ്ങൾ വിലകൂടി ഫർണിച്ചറുകളുമുണ്ട്. ടോയ്ലറ്റ് മാത്രമല്ല ഗോവണിയും സ്വർണത്താലാണ് നിർമിച്ചിരുന്നത്. ട്രക്ക് ഡ്രൈവർമാർക്ക് സുരക്ഷാ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ പാസുകൾ വിൽക്കുകയും ഇത്തരം വാഹനങ്ങളിൽ കള്ളക്കടത്ത് നടത്തിയുമാണ് ഇയാൾ പണമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.