ഗസ്സ സിറ്റി: ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഫലസ്തീനിലെ പ്രമുഖ സംഘടനകളായ ഹമാസിനെയും ഫതഹിനെയും റഷ്യ ചർച്ചക്ക് വിളിച്ചു. മോസ്കോയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം തങ്ങൾ സ്വീകരിച്ചതായി ഹമാസ് അധികൃതർ അറിയിച്ചു.
ഗസ്സ ഭരിക്കുന്ന ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസും വെസ്റ്റ്ബാങ്ക് ആസ്ഥാനമായുള്ള ഫലസ്തീന്‍ അതോറിറ്റി സര്‍ക്കാറിനെ നിയന്ത്രിക്കുന്ന ഫത്ഹും തമ്മിലുള്ള ചർച്ചക്ക് റഷ്യയയാണ് മുൻകൈയെടുക്കുന്നത്. ചർച്ച നടത്താനുള്ള റഷ്യയുടെ ക്ഷണം അംഗീകരിച്ചതായി ഹമാസ് വക്താവ് ഹസീം കാസിം പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ചരിത്രപരമായ ഈ കൂടിക്കാഴ്ചക്ക് വഴിയൊരുക്കുന്നത്.
ഫത്ഹും ഹമാസും ഉൾപ്പെടെ ഫലസ്തീനിനെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകൾക്ക് മോസ്കോ സന്ദർശിച്ച് പരസ്പരം കൂടിയാലോചന നടത്താമെന്ന് സെന്‍റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്‍റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ സഹ മന്ത്രി മിഖായേൽ ബോഗ്ദനോവ് പറഞ്ഞു. റഷ്യൻ പ്രസിഡന്‍റിന്‍റെ മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖല പ്രത്യേക പ്രതിനിധിയാണ് ബോഗ്ദനോവ്.
ഫത്ഹ്, ഹമാസ് തുടങ്ങിയ ഫലസ്തീൻ സംഘടനകളുമായി റഷ്യ നിരന്തരം സമ്പർക്കം പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു. "ഫലസ്തീൻ-ഇസ്രയേൽ, ഫലസ്തീൻ-ഫലസ്തീൻ ചർച്ചകൾ നടത്തണമെന്ന് റഷ്യക്ക് പദ്ധതിയുണ്ട്. അവർ സന്നദ്ധമാണെങ്കിൽ ഞങ്ങൾ എല്ലായ്പ്പോഴും തയ്യാറാണ്. ഇത്തരം ചർച്ചകൾ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ഏറെ ഉപകാരപ്രദമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എല്ലാവർക്കും സൗകര്യമുള്ള സ്ഥലമെന്ന നിലയിൽ മോസ്കോ ചർച്ചക്ക് വേദിയാക്കാം. ഞങ്ങളുടെ സാന്നിധ്യത്തിലോ അല്ലാതെയോ അവർക്ക് ഇവിടെ ഒരുമിച്ചിരിക്കാം. എപ്പോൾ വേണമെങ്കിലും ചർച്ചക്ക് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ ഒരുക്കമാണ്" -ബോഗ്ദനോവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.