ഗസ്സ: തങ്ങളുടെ നേതാക്കൾക്കെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്. കൊലയാളിയുടെ കൂടെ ഇരയ്ക്കും അറസ്റ്റ് വാറന്റ് ആവശ്യപ്പെടാനുള്ള ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാന്റെ നീക്കത്തെ അപലപിക്കുന്തായി സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഏഴു മാസം വൈകിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ പ്രോസിക്യൂട്ടർ അറസ്റ്റ് വാറൻറിന് അപേക്ഷ നൽകിയതെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
ഐ.സി.സി തീരുമാനത്തെ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും (പി.എൽ.ഒ) അപലപിച്ചു. ഹമാസ് നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെടാനുള്ള പ്രോസിക്യൂട്ടറുടെ നീക്കം ഇരയെയും കൊലയാളിയെയും തിരിച്ചറിയാതെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് പി.എൽ.ഒ പ്രസ്താവനയിൽ പറഞ്ഞു. ഗസ്സ മുനമ്പിൽ വംശഹത്യ തുടരുന്ന ഇസ്രായേലി ഉദ്യോഗസ്ഥർക്കെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും പ്രസ്ഥാനം ആവശ്യപ്പെട്ടു.
ഗസ്സ മുനമ്പിലും ഇസ്രായേലിലും നടക്കുന്ന യുദ്ധക്കുറ്റങ്ങൾക്കും മാനവികതക്കെതിരായ കുറ്റങ്ങൾക്കും ഉത്തരവാദികൾ നെതന്യാഹു, അദ്ദേഹത്തിെന്റ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാക്കളായ യഹ്യ സിൻവർ, മുഹമ്മദ് ദെയ്ഫ്, ഇസ്മായിൽ ഹനിയ എന്നിവർ ഉത്തരവാദികളാണെന്നും ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നുമാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി മുഖ്യ പ്രോസിക്യൂട്ടർ കരീം ഖാൻ ആവശ്യപ്പെട്ടത്.
യുദ്ധതന്ത്രമായി ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിെന്റയും ഗസ്സയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നതിെന്റയും പ്രത്യാഘാതങ്ങൾ വ്യക്തമാണ്. പോഷകാഹാരക്കുറവ്, നിർജലീകരണം, ശിശുക്കളും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഫലസ്തീൻ ജനതക്കിടയിൽ ഉയരുന്ന മരണങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിെന്റ ഭീകര ദൃശ്യങ്ങൾ താൻ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രായേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന ഐ.സി.സി പ്രോസിക്യൂട്ടറുടെ ആവശ്യം ചരിത്രപരമായ നാണക്കേടാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇത് എക്കാലവും ഓർമ്മിക്കപ്പെടും. അത്തരത്തിലുള്ള നടപടിക്കെതിരെ പോരാടാൻ താൻ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലോക നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.