മൂന്ന് ബന്ദികളെ കൂടി ഇസ്രായേൽ കൊന്നതായി ഹമാസ്; 10 ഇസ്രായേൽ സൈനികരെ ഏറ്റുമുട്ടലിൽ വധിച്ചു

ഗസ്സ: ഇസ്രായേൽ വ്യോമാക്രമണത്തിൽ മൂന്ന് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇന്നലെ രണ്ടു ബന്ദികൾ ​കൊല്ലപ്പെട്ട വിവരവും സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇസ്രായേലിന്റെ കരങ്ങളാൽ രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ട ബന്ദികളുടെ എണ്ണം അഞ്ചായി. ഇന്ന് റഫയിൽ നടത്തിയ ആക്രമണത്തിൽ രണ്ട് ബന്ദികളെ മോചിപ്പിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു.

അതിനിടെ, 10 അധിനിവേശ ഇസ്രായേൽ സൈനികരെ തങ്ങളുടെ പോരാളികൾ ഏറ്റുമുട്ടലിൽ വധിച്ചതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിനടുത്ത അബസൻ അൽ കബീറയിലാണ് ഏറ്റുമുട്ടൽ നടന്നത്. നേരിട്ടുള്ള പോരാട്ടത്തിലാണ് സൈനികരെ വധിച്ചതെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റവരാണ് ഇന്ന് മരിച്ച മൂന്ന് ബന്ദികളെന്ന് ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ പറഞ്ഞു. ഇതേ വ്യോമാക്രമണത്തിലാണ് ഇന്നലെ രണ്ട് തടവുകാർ കൊല്ലപ്പെട്ടത്. എട്ടുപേർക്ക് പരിക്കേറ്റതായും ഹമാസ് നേരത്തെ പറഞ്ഞിരുന്നു. പരിക്കേറ്റ തടവുകാരിൽ ബാക്കിയുള്ളവരുടെ നില അതീവ ഗുരുതരാമാണെന്നും കൊല്ലപ്പെട്ട തടവുകാരുടെ പേരുവിവരം പിന്നീട് പുറത്തുവിടുമെന്നും അബു ഉബൈദ പറഞ്ഞു.

ശരിയായ ചികിത്സ നൽകാൻ കഴിയാത്തതിനാൽ ഓരോ ദിവസവും ബന്ദികളുടെ ജീവൻ അപകടത്തിലാവുകയാണെന്ന് ഹമാസ് വ്യക്തമാക്കി. പരിക്കേറ്റ ബന്ദികളുടെ ജീവൻ നഷ്ടമായാൽ, മരുന്നും അവശ്യവസ്തുക്കളും തടയുന്ന ഇ​സ്രായേൽ സൈന്യത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്ന് മുതിർന്ന ഹമാസ് നേതാവ് പറഞ്ഞു. അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റഫയിൽ ഇസ്രായേൽ കരയുദ്ധത്തിനിറങ്ങുന്നത് ബന്ദി കൈമാറ്റ ചർച്ച​ തകർക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു.

ജനുവരി 15ന് രണ്ട് ബന്ദികളെ ഇസ്രായേൽ കൊന്നതായി ഹമാസ് അറിയിച്ചിര​ുന്നു. യോസെഫ് ഷറാബി (53), ഇറ്റായി സ്വിർസ്‌കി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ യോസെഫിനെ ഹമാസ് കൊന്നതാണെന്ന് ആദ്യം ആരോപിച്ച ഇസ്രായേൽ, തങ്ങൾ തന്നെ അബദ്ധത്തിൽ കൊലപ്പെടുത്തിയതാണെന്ന് കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. സെൻട്രൽ ഗസ്സയിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഷറാബി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) പറഞ്ഞു.

അൽ ഖസ്സാം സൈനികരും ബന്ദികളും താമസിച്ച കെട്ടിടത്തിന് നേരെ ഐഡിഎഫിന്റെ എഫ് 16 ഫൈറ്റർ ജെറ്റ് വ്യോമാക്രമണം നടത്തുകയായിരുന്നുവെന്നും നിർഭാഗ്യവശാൽ ഷറാബിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നും ഹമാസ് പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞിരുന്നു. ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് താമസം മാറുന്നതിനിടെയാണ് ഇറ്റായി സ്വിർസ്കി കൊല്ലപ്പെട്ടത്. 

Tags:    
News Summary - Hamas says three more Israeli captives killed in air raids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.