ഗസ്സ സിറ്റി: 2023 ഒക്ടോബറിൽ ഗസ്സയിൽ തടവിലാക്കിയ ഇസ്രായേൽ ബന്ദിയുടെ വിഡിയോ ശനിയാഴ്ച ഹമാസിൻ്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് പുറത്തുവിട്ടു. തിയതിയില്ലാത്ത മൂന്നര മിനിറ്റ് വിഡിയോയിൽ 19കാരിയും ഇസ്രായേൽ സൈനികയുമായ ലിറി അൽബാഗ് തൻ്റെ മോചനം ഉറപ്പാക്കാൻ ഇസ്രായേലി സർക്കാറിനോട് ഹീബ്രുവിൽ സംസാരിക്കുന്നു.
ബന്ദികളുടെ മോചനത്തിന് സർക്കാർ മുൻഗണന നൽകണമെന്ന് ലിറിയുടെ മാതാപിതാക്കൾ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് അപേക്ഷിച്ചു. ‘ഞങ്ങൾ പ്രധാനമന്ത്രിയോടും ലോക നേതാക്കളോടും എല്ലാ തീരുമാനങ്ങളെടുക്കുന്നവരോടും അഭ്യർഥിക്കുന്നു. ഞങ്ങളുടെ ഹൃദയം നുറുങ്ങുന്നു. നിങ്ങളുടെ സ്വന്തം മക്കളെപ്പോലെ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത്’ -കുടുംബം പ്രസ്താവനയിൽ പറഞ്ഞു. ‘ഞങ്ങളുടെ ധീരയായ ലിറി അതിജീവിക്കുന്നതും അവൾ ജീവനുവേണ്ടി യാചിക്കുന്നതും ഞങ്ങൾ കണ്ടു. അവൾ ഞങ്ങളിൽ നിന്ന് നിരവധി ഡസൻ കിലോമീറ്റർ അകലെയാണ്. 456 ദിവസമായിട്ടും അവളെ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ കുട്ടികൾ ആണ് അതെന്നതുപോലെ ബന്ദികളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുക. ലിറി ജീവിച്ചിരിപ്പുണ്ട്. അവൾ ജീവനോടെ തിരികെ വരണം! അത് നിങ്ങളുടെ തീരുമാനത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു.’-അവർ പറഞ്ഞു.
തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കൾക്കായുള്ള പ്രചാരണ ഗ്രൂപ്പായ ‘ഹോസ്‌റ്റേജ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറം’ ആൽബഗിൻ്റെ കുടുംബം വിഡിയോ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിനായി ബന്ദികളുടെ ഫോറം തെൽ അവീവിൽ സംഘടിപ്പിച്ച പ്രകടനത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്മേൽ പ്രതിഷേധക്കാർ സമ്മർദ്ദം ചെലുത്തി. കൈമാറ്റ കരാർ സ്തംഭനാവസ്ഥയിലാണെന്ന് നെതന്യാഹുവിന്റെ വിമർശകർ ആരോപിച്ചു. ഏറ്റവും പുതിയ വിഡിയോ ബന്ദികളെ നാട്ടിലെത്തിക്കേണ്ടതിന്റെ ദൃഢവും അനിഷേധ്യവുമായ തെളിവാണെന്നും ഫോറം പറഞ്ഞു.
ഒക്ടോബർ ഏഴിന് ഗസ്സ അതിർത്തിയിൽ മറ്റ് ആറു സ്ത്രീകളോടൊപ്പം ഹമാസ് പോരാളികൾ പിടികൂടുമ്പോൾ അൽബാഗിന് 18 വയസ്സായിരുന്നു. അവരിൽ അഞ്ചു പേർ തടവിൽ തുടരുന്നു. ഗസ്സയിൽ 15മാസത്തോളം നീണ്ട പോരാട്ടത്തിനിടെ ഹമാസും അതിൻ്റെ സഖ്യകക്ഷിയായ ഇസ്‍ലാമിക് ജിഹാദും തങ്ങളുടെ കസ്റ്റഡിയിലുള്ള ഇസ്രായേലി ബന്ദികളുടെ നിരവധി വിഡിയോകൾ പുറത്തുവിട്ടിരുന്നു.
2023ലെ ആക്രമണത്തിൽ 251 ബന്ദികളെ പിടികൂടി. ഇവരിൽ 34 പേർ മരിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അവരിൽ 96 പേർ ഗസ്സയിൽ തുടരുന്നു. മധ്യസ്ഥരായ ഖത്തറും ഈജിപ്തും യുദ്ധം അവസാനിപ്പിക്കാൻ നടത്തിയ മാസങ്ങൾ നീണ്ട ശ്രമങ്ങൾ പരാജയപ്പെട്ടു.
യുദ്ധവിരാമത്തിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ഇസ്രായേലുമായി പരോക്ഷ ചർച്ചകൾ ഖത്തറിൽ പുനഃരാരംഭിക്കുമെന്ന് വെള്ളിയാഴ്ച ഹമാസ് പറഞ്ഞുവെങ്കിലും അതിനുശേഷമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഖത്തറിലെ ഏറ്റവും പുതിയ വെടിനിർത്തലിലും ബന്ദികളെയും മോചിപ്പിക്കാനുള്ള ചർച്ചകളിലും ചേരാൻ ഇസ്രയേലി ചർച്ചക്കാർക്ക് അനുമതി നൽകിയതായി നെതന്യാഹുവിൻ്റെ ഓഫിസ് അറിയിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.