ഗസ്സ സിറ്റി: ഹമാസിനെ തുടച്ചുനീക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഗസ്സയിൽ വ്യോമ, നാവിക, കര ആക്രമണങ്ങൾ തുടരുകയാണ് ഇസ്രായേൽ. വടക്കൻ ഗസ്സയിൽ ഏകദേശം ലക്ഷ്യം പൂർത്തിയായെന്ന് ഇസ്രായേൽ സേന അവകാശപ്പെടുകയും ചെയ്യുന്നു. താമസ കെട്ടിടങ്ങളേറെയും തകർത്തവർ ഒടുവിൽ ജനം തിങ്ങിക്കഴിയുന്ന അഭയാർഥി ക്യാമ്പുകളും ആശുപത്രികളുമാണ് ലക്ഷ്യമിടുന്നത്.
അതിനിടെയും പറയത്തക്ക ആയുധബലമോ സംവിധാനങ്ങളോ ഇല്ലാത്ത ഹമാസ് പ്രത്യാക്രമണവുമായി ഇപ്പോഴും കടുത്ത ഭീഷണി ഉയർത്തുകയാണ്. ഹമാസും ഗസ്സയും ഇനി ഫലസ്തീനികൾക്കില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം സാക്ഷാത്കരിക്കാൻ എത്ര സമയമെടുക്കുമെന്നതാണ് ചോദ്യം.
ഹമാസ് പ്രവർത്തിക്കുന്ന തുരങ്കശ്രംഖലകളാണ് ഇസ്രായേൽ സേനക്കു മുന്നിലെ വലിയ വെല്ലുവിളി. അതിസൂക്ഷ്മമായി നിർമിച്ചെടുത്ത, എട്ടുകാലി വലകൾ കണക്കെ പരസ്പര ബന്ധിതമായ പ്രവിശാലമായ തുരങ്കങ്ങളിൽ ചിലത് തകർക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ സേന അവകാശപ്പെടുന്നു. ഒരു മാസം കഴിഞ്ഞും ഇവക്കകത്തു കയറി എന്തെങ്കിലും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല.
അതിനാൽ, മാസങ്ങളേറെ എടുത്തുള്ള ദീർഘമായ പ്രക്രിയയാകും അവ പൂർണമായി തുടച്ചുനീക്കലെന്ന് തുർക്കിയിലെ അറ്റ്ലാന്റിക് കൗൺസിൽ സീനിയർ ഫെലോ റിച്ചാർഡ് ഊറ്റ്സെൻ പറയുന്നു.
‘മെട്രോ’യെന്നാണ് ഹമാസ് തുരങ്കങ്ങളെ ഇസ്രായേൽ വിളിക്കുന്നത്. ഗസ്സയിലുടനീളം നൂറുകണക്കിന് കിലോമീറ്റർ നീളത്തിൽ ഇവ വ്യാപിച്ചുകിടക്കുന്നുണ്ട്. 2021ലെ ഇസ്രായേൽ സേന കണക്കുകൂട്ടലിൽ 300 കിലോമീറ്റർ നീളമെങ്കിലുമുണ്ട് അവക്ക്. ശരാശരി 15 മുതൽ 60 മീറ്റർ വരെയാണ് താഴ്ച. ഓക്സിജൻ ടാങ്കുകൾ, ജലവിതരണ പൈപ്പുകൾ, വൈദ്യുതി വിളക്കുകൾ തുടങ്ങിയവയെല്ലാം സജ്ജീകരിച്ചവയാണിവ.
ചുറ്റും കോൺക്രീറ്റിലുറപ്പിച്ച് ഭൂഗർഭ ഓഫിസും ആയുധപ്പുരയുമടക്കം ഇവയിലുണ്ട്. ചിലയിടങ്ങളിൽ ഇവക്ക് താഴ്ച കുറവാണ്. അവ മിസൈൽ വർഷിച്ച് തകർക്കലും എളുപ്പം. എന്നാൽ, മറ്റിടങ്ങളിലാണ് ബന്ദികളെയുൾപ്പെടെ പാർപ്പിച്ചിരിക്കുന്നത്. ഏതുതരം കാഴ്ചക്കും വഴങ്ങാതെ, അതിവേഗ ആക്രമണം നടത്താൻ സഹായിക്കുന്നതുകൂടിയാണ് ഈ തുരങ്കങ്ങൾ.
കഴിഞ്ഞ 17 വർഷം ഗസ്സ ഭരിച്ചതിനൊപ്പം അവിടെ ഏറ്റവും മനോഹരമായ കിടങ്ങുകൾ നിർമിക്കുകകൂടിയായിരുന്നു ഹമാസെന്ന് കിങ്സ് കോളജ് ലണ്ടൻ അസോസിയേറ്റ് പ്രഫസർ ആൻഡ്രിയാസ് ക്രീഗ് പറയുന്നു. 1980കളിൽ ഈജിപ്തിൽനിന്ന് ചരക്കുകൾ എത്തിക്കാൻ ആദ്യമായി നിർമിച്ചുതുടങ്ങിയ തുരങ്കങ്ങളാണ് പിന്നീട് കൂടുതൽ ആഴവും സൂക്ഷ്മതയുമുള്ള സൈനിക സംവിധാനം കൂടിയായി മാറിയത്.
ആദ്യമായി തുരങ്കം ഉപയോഗിച്ച് ആക്രമണം നടക്കുന്നത് 2001ലാണ്. ഇസ്രായേൽ സൈനിക പോസ്റ്റ് ഭൂഗർഭ അറയിൽനിന്നുള്ള ബോംബ് ഉപയോഗിച്ച് തകർക്കുകയായിരുന്നു അന്ന്. അതും കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞാണ് ഇത് ഏറെ വളർന്ന സംവിധാനമാണെന്ന് ഇസ്രായേൽ തിരിച്ചറിയുന്നത്.
അതും ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിതിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയപ്പോൾ. 2007ൽ ഗസ്സയിൽ ഹമാസ് അധികാരം പിടിച്ചതോടെ ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം തുരങ്കങ്ങളുടെ സാധ്യത വർധിപ്പിച്ചു. ഭക്ഷണം, ചരക്കുകൾ, ആയുധങ്ങൾ എന്നിവക്കൊപ്പം സിംഹങ്ങൾവരെ ഇതുവഴിയെത്തി. പട്ടണത്തിനടിയിൽ ഒരു പട്ടണം നിർമിക്കുകയായിരുന്നു ഹമാസ്.
ആശുപത്രികളുൾപ്പെടെ കേന്ദ്രങ്ങൾക്കു താഴെ ഹമാസ് തുരങ്കങ്ങൾ പണിതോയെന്നത് ഇനിയും വ്യക്തത വരാത്തതാണെങ്കിലും അതിന്റെ പേരിലാണ് ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ അടക്കം ഇസ്രായേൽ ആക്രമിച്ച് എണ്ണമറ്റ നിരപരാധികളുടെ ജീവനെടുക്കുന്നത്.
ഇത്തരം തുരങ്കങ്ങൾ വ്യോമാക്രമണം വഴി തകർക്കൽ എളുപ്പമല്ലെന്ന് സൈനിക വിദഗ്ധർ പറയുന്നു. പ്രവേശന ഭാഗങ്ങൾ ഇല്ലാതാക്കാമെന്നതാണ് എളുപ്പം. അതുപോലും എളുപ്പമാകില്ലെന്നതാണ് വസ്തുത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.