തീവ്ര ഓർത്തഡോക്സ് ജൂതന്മാരെ സൈന്യത്തിലേക്ക് നിർബന്ധിച്ച് റിക്രൂട്ട് ചെയ്യുന്നതിൽ പ്രതിഷേധിച്ച് യുണൈറ്റഡ് തോറ ജൂദായിസം (യുടിജെ) മുൻ നേതാവും മന്ത്രിയുമായ യാക്കോവ് ലിറ്റ്‌സ്‌മാ​ന്റെ കാറിന് നേരെ ജറൂസലമിൽ ഇന്നലെ നടന്ന ആക്രമണം

ഇസ്രായേൽ മന്ത്രിയെ തീവ്രജൂതവിഭാഗം കാർ തടഞ്ഞ് ആക്രമിച്ചു; നിർബന്ധിത സൈനിക റിക്രൂട്ട്മെന്റിനെതിരെ പ്രതിഷേധം ശക്തം

തെൽഅവീവ്: തീവ്ര യാഥാസ്തിതിക ജൂതവിഭാഗമായ ഹരേദി യെശയ്യാ വിദ്യാർഥികളെ നിർബന്ധിച്ച് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ ഇസ്രായേലിൽ പ്രതിഷേധം കനക്കുന്നു. ഇന്നലെ ജറൂസലമിൽ സംഘടിച്ച പതിനായിരക്കണക്കിന് ഹരേദി വിശ്വാസികൾ മന്ത്രിയുടെ കാർ ആക്രമിച്ചു. കല്ലേറും തീവെപ്പും പൊലീസുമായി ഏറ്റുമുട്ടലും അരങ്ങേറി. തെരുവിൽ തീയിട്ട പ്രതിഷേധക്കാർ, ഭവന മന്ത്രി യിത്സാക്ക് ഗോൾഡ്‌നോഫിന്റെ കാറാണ് തടഞ്ഞുനിർത്തി ആക്രമിച്ചത്.

60,000ഓളം മതവിദ്യാർത്ഥികളെ സൈനിക സേവനത്തിന് നിർബന്ധിക്കുന്നതാണ് തീവ്ര ജൂതവിഭാഗമായ ഹരേദികളുടെ എതിർപ്പിന് കാരണം. എതിർപ്പ് ശക്തമായതോടെ നേരത്തെ ഇത് മരവിപ്പിച്ചിരുന്നു. എന്നാൽ, ഗസ്സയിൽ അധിനിവേശ സേന നരനായാട്ടുനടത്തുന്നതിനിടെ ​നിർബന്ധിത ​സൈനികവൃത്തി നടപ്പാക്കാൻ സർക്കാർ വീണ്ടും ശ്രമം തുടങ്ങിയതാണ് നിലവിലെ പ്രതിഷേധത്തിന് കാരണം.

അൾട്രാ ഓർത്തഡോക്സ് ഹരേദി യെശയ്യാ വിദ്യാർഥികൾക്ക് നിലവിൽ 26 വയസ്സുവരെ നിർബന്ധിത സൈനികവൃത്തിയിൽനിന്ന് ഇളവുണ്ട്. എന്നാൽ, ഇത് 21 ആയി കുറയ്ക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ചതാണ് മന്ത്രിക്കെതിരെയുള്ള ആക്രമണത്തിന് വഴിതെളിച്ചത്. “ഞങ്ങൾ ശത്രുസൈന്യത്തിൽ ചേരില്ല,” “ഞങ്ങൾ മരിച്ചാലും സൈന്യത്തിൽ ചേരില്ല” എന്നിങ്ങനെയുള്ള ബോർഡുകളുമായാണ് പ്രതിഷേധക്കാർ അണിനിരന്നത്.


അൾട്രാ ഓർത്തഡോക്സ് യുണൈറ്റഡ് തോറ ജൂദായിസം (യുടിജെ) പാർട്ടി തലവനായ ഗോൾഡ്‌നോഫ് ജറുസലേമിലെ വീട്ടിലേക്ക് പോകുമ്പോഴാണ് പ്രതിഷേധക്കാർ കാർ തടഞ്ഞുനിറത്തി ആക്രമിച്ചത്. പ്രകടനക്കാർ മന്ത്രിയുടെ കാറിന് നേരെ കല്ലെറിയുകയും വാഹനം തല്ലിത്തകർത്തുകയും അസഭ്യം പറയുകയും ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

മുൻ യുടിജെ നേതാവും മന്ത്രിയുമായ യാക്കോവ് ലിറ്റ്‌സ്‌മാനെയും പ്രതിഷേധക്കാർ ആക്രമിച്ചു. അദ്ദേഹത്തിന്റെ കാറിന്റെ ചില്ല് തകർത്തു. പ്രതിഷേധക്കാരുടെ കല്ലേറിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ജലപീരങ്കിയടക്കം പ്രയോഗിച്ചതോടെ പ്രതിഷേധം അക്രമാസക്തമായി. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രണ്ട് പേരെയും കല്ലെറിഞ്ഞതിന് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.


Tags:    
News Summary - Haredi minister’s car attacked as violence erupts at anti-draft protest in Jerusalem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.