ടിരാന: വിഖ്യാത അൽബേനിയൻ നോവലിസ്റ്റ് ഇസ്‌മായീൽ കദാരെ അന്തരിച്ചു. 88 വയസ്സായിരുന്നു. അൽബേനിയൻ തലസ്ഥാനമായ ടിരാനയിൽ ആശുപത്രിയിലായിരുന്നു അന്ത്യം.
അന്താരാഷ്ട്ര ബുക്കർ പ്രൈസിന്‍റെ പ്രഥമ ജേതാവാണ് കദാരെ. നോവലുകളും കഥകളും ലേഖനങ്ങളും തിരക്കഥകളുമായി 80ലേറെ കൃതികൾ അദ്ദേഹത്തിന്‍റേതായുണ്ട്. ആറു പതിറ്റാണ്ടിലേറെക്കാലം നീണ്ട സാഹിത്യ ജീവിതത്തിലെ രചനകൾ മലയാളമടക്കം 45 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അന്തരിച്ച അൽബേനിയൻ കമ്യൂണിസ്റ്റ് ഏകാധിപതി അൻവർ ഹോക്സയുടെ കാലത്ത് 1963ൽ പ്രസിദ്ധീകരിച്ച ‘ദി ജനറൽ ഓഫ് ദി ഡെഡ് ആർമി’യാണ് കദാരെയെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനാക്കിയത്. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ പതനത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, 1990 അവസാനത്തോടെ കദാരെ അൽബേനിയയിൽ നിന്ന് ഫ്രാൻസിലേക്ക് പലായനം ചെയ്തു. പിന്നീട് പാരീസിൽ താമസിച്ചിരുന്ന അദ്ദേഹം അടുത്തിടെയാണ് അൽബേനിയയിലേക്ക് മടങ്ങിയെത്തിയത്.
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ കദാരെക്ക്, സാഹിത്യ നൊബേലിന് ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അൽബേനിയ സന്ദർശിക്കവെ, കദാരെക്ക് ഫ്രാൻസിന്‍റെ ഉന്നത ബഹുമതി നൽകി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.