തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിൻ്റെ സിസേറിയയിലെ വീട്ടിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ വിശദാംശങ്ങൾ ഇസ്രായേൽ പുറത്തുവിട്ടു. ശനിയാഴ്ച നടന്ന സംഭവത്തിൽ കിടപ്പുമുറി ലക്ഷ്യമാക്കിയാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ കേടുപാട് പറ്റിയ വീടിന്റെ ദൃശ്യങ്ങൾ പുറത്തുവിടുന്നത് നേരത്തെ ഇസ്രായേൽ സൈന്യം തടഞ്ഞിരുന്നു. ഒടുവിൽ സംഭവം നടന്ന് നാലാം ദിവസമായ ഇന്നാണ് നെതന്യാഹുവിന്റെ കിടപ്പുമുറിക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്ന വിശദീകരണത്തോടെ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചത്. സ്‌ഫോടനത്തിൽ ഒരു മുറിയുടെ ജനൽ ചില്ല് തകർന്നെങ്കിലും വീട്ടിനുള്ളിലേക്ക് തുളച്ചുകയറിയില്ലെന്ന് സൈന്യം അറിയിച്ചു. സംഭവ സമയത്ത് നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നെതന്യാഹുവിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. ഹിസ്ബുല്ലയുടെ മീഡിയ ഓഫിസ് മേധാവി മുഹമ്മദ് അഫീഫാണ് ഇക്കാര്യം അവകാശപ്പെട്ടത്. ലബനാനിൽനിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകളിലൊന്നാണ് വീടിനുനേരെ ചെന്നത്.
ഇന്നും മധ്യ ഇസ്രായേൽ നഗരങ്ങളായ തെൽഅവീവിനെയും ഹൈഫയെയും ലക്ഷ്യമാക്കി വീണ്ടും ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. വടക്കൻ ഇസ്രായേലിലേക്കും റോക്കറ്റുകൾ തൊടുത്തു. പ്രത്യക്ഷ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെതുടർന്ന് ഇസ്രായേലിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
തെൽഅവീവിന് സമീപത്തെ ഗിലോറ്റ് സൈനിക കേന്ദ്രത്തിന് നേരെയായിരുന്നു ആദ്യ ആക്രമണം. പിന്നാലെ ഹൈഫയെയും ലക്ഷ്യമിട്ടു. സ്റ്റെല്ല മേരിസ് നാവികതാവളമായിരുന്നു ഉന്നം.
മധ്യദൂര മിസൈലുകളാണ് ഇസ്രായേലിനെതിരെ ഹിസ്ബുല്ല തൊടുത്തതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇവ ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം തടയുകയായിരുന്നു. ഒരെണ്ണം തുറസ്സായ സ്ഥലത്താണ് പതിച്ചത്. ഹിസ്ബുല്ലയുടെ കീഴിലുള്ള ധനകാര്യ സ്ഥാപനം ലക്ഷ്യമാക്കി തെക്കൻ ലബനാനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടയിലാണ് തിരിച്ചടിയായി റോക്കറ്റ് ആക്രമണം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.