സാന്‍റിയാഗോ: സ്വവർഗ വിവാഹം നിയമവിധേയമാക്കി സൗത്ത് അമേരിക്കൻ രാജ്യമായ ചിലി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ചിലി കോൺഗ്രസ് നിയമം പാസാക്കിയത്. ഒരു പതിറ്റാണ്ടിലേറെയായി സ്വവർഗ വിവാഹങ്ങൾ നിയമാനുസൃതമാക്കാൻ വേണ്ടി വിവിധ സംഘടനകളും മറ്റും സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തി വരികയായിരുന്നു.
വിധി ചരിത്രപ്രസിദ്ധമാണെന്ന് എൽ.ജി.ബി.ടി സംഘടനകൾ പ്രതികരിച്ചു. ചിലിയിൽ ഈ മാസം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അനേക വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടങ്ങൾക്ക് അവസാനം കുറിച്ച് സർക്കാർ ഇത്തരത്തിൽ ഒരു നിർണായക നീക്കം നടത്തിയത്. ചൊവ്വാഴ്ച രാജ്യത്തെ പാർലമെന്‍റിന്‍റെ ലോവർ ഹൗസും സെനറ്റും ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. 'ഇത് ചരിത്രദിവസമാണ്. നമ്മുടെ രാജ്യം സ്വവർഗ വിവാഹത്തെ അംഗീകരിച്ചിരിക്കുന്നു.
നീതിയുടെ കാര്യത്തിലും തുല്യതയുടെ കാര്യത്തിലും ഒരു ചുവട് കൂടി മുന്നോട്ട്. പ്രണയം എന്നത് പ്രണയം തന്നെയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു' -ചിലിയുടെ സാമൂഹിക വികസനവകുപ്പ് മന്ത്രി കർല റുബിലാർ പ്രതികരിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം ബിൽ നിയമമാകും. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും ബില്ലിനെ സ്വാഗതം ചെയ്തു.
കുഞ്ഞിനെ ദത്തെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പുതിയ നിയമം വരുന്നതോട് കൂടി സ്വവര്‍ഗ ദമ്പതികള്‍ക്ക് നിയമപരിരക്ഷ ലഭിക്കും. അര്‍ജന്‍റീന, ബ്രസീല്‍, കൊളംബിയ, കോസ്റ്ററിക്ക, ഉറുഗ്വേ, എന്നിവയാണ് സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയ മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍. ആ ഗണത്തിലേക്ക് ആണ് ചിലിയും എത്തിയത്. 'ഇതൊരു ചരിത്ര ദിനമാണ്' -ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിക്കൊണ്ട് അേന്റാഫാഗസ്റ്റ മേഖലയിൽ നിന്ന് അടുത്തിടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സെനറ്ററായ പെഡ്രോ അറേയ പറഞ്ഞു.
വിവാഹിതരായ സ്വവർഗ ദമ്പതികൾക്കുള്ള രക്ഷാകർതൃ ബന്ധങ്ങളുടെ അംഗീകാരം, പൂർണ്ണ പങ്കാളിയുടെ ആനുകൂല്യങ്ങൾ, ദത്തെടുക്കൽ അവകാശങ്ങൾ എന്നിവ നിയമത്തിൽ ഉൾപ്പെടുന്നു. രാജ്യത്തിന്‍റെ സിവിൽ കോഡിലെയും മറ്റ് നിയമങ്ങളിലെയും മറ്റ് പരിഷ്‌കാരങ്ങൾക്കൊപ്പം 'ഇണ', 'മാതാപിതാവ്' എന്നീ പദങ്ങൾ ഉപയോഗിച്ച് ഇത് ലിംഗഭേദം മാറ്റുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.