തെഗുസിഗാൽപ: മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിലെ വനിതാ ജയിലിൽ നടന്ന കലാപത്തിൽ 48 പേർ കൊല്ലപ്പെട്ടു. ഭൂരിഭാഗം പേരും പൊള്ളലേറ്റാണ് മരിച്ചത്. ചൊവ്വാഴ്‌ച നടന്ന കലാപത്തിൽ പുറത്തുള്ള ഗുണ്ടാസംഘം വാർഡൻമാരുടെ അറിവോടെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രസിഡന്റ് ഷിയോമാരോ കാസ്ട്രോ പറഞ്ഞു.
വനിതാ ജയിലിനു നേരെ തീയിട്ടതിനെ തുടർന്ന് 26 പേർ പൊള്ളലേറ്റും മറ്റുള്ളവർ പൊലീസിന്‍റെ വെടിയേറ്റുമാണ് മരിച്ചത്. പരിക്കേറ്റ ഏഴ് വനിതാ തടവുകാർ തെഗുസിഗാൽപ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ സുരക്ഷാ ചുമതലയുള്ള മന്ത്രിയെയും പൊലീസ് മേധാവിയെയും മാറ്റി. 2012ൽ ഹോണ്ടുറാസ് ജയിലിൽ നടന്ന തീപിടിത്തത്തിൽ 361 പേർ കൊല്ലപ്പെട്ടിരുന്നു. 2019ൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിനെ തുടർന്ന് 18 പേരും മരണപ്പെട്ടിരുന്നു.
ജയിലുകൾക്കുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള അധികാരികളുടെ സമീപകാല ശ്രമങ്ങളെ തുടർന്നാണ് കലാപം ആരംഭിച്ചതെന്ന് പ്രസിഡന്‍റ് ഷിയോമാരോ കാസ്ട്രോ പറഞ്ഞു. ജീവനക്കാരുടെ ഒത്താശയോടെ ജയിലുകൾ ഭരിക്കുന്ന ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കാനായി സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.