ഗസ്സ കൂട്ടക്കുരുതിക്കെതിരെ ബന്ദികളുടെ ബന്ധുക്കൾ: ‘പോരാടേണ്ടത് ചർച്ചാ മുറിയിൽ, എല്ലാവരെയും വീട്ടിലെത്തിക്കാൻ കഴിയുന്ന കരാറിൽ നിന്ന് എന്തിനാണ് പിന്മാറിയത്?’

ഗസ്സ കൂട്ടക്കുരുതിക്കെതിരെ ബന്ദികളുടെ ബന്ധുക്കൾ: ‘പോരാടേണ്ടത് ചർച്ചാ മുറിയിൽ, എല്ലാവരെയും വീട്ടിലെത്തിക്കാൻ കഴിയുന്ന കരാറിൽ നിന്ന് എന്തിനാണ് പിന്മാറിയത്?’

തെൽഅവീവ്: ഗസ്സയിൽ ഒന്നരമാസത്തെ താൽക്കാലിക ഇടവേളക്ക് ശേഷം കുഞ്ഞുങ്ങളടക്കമുള്ളവരെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ നീക്കം ബന്ദികളെ കൊലക്ക് കൊടുക്കാനാണെന്ന് ബന്ധുക്കൾ. വെടിനിർത്തലും ബന്ദിമോചന ചർച്ചകളും അവസാനിപ്പിച്ച് അപ്രതീക്ഷിത ആക്രമണം നടത്തിയതിനെതിരെ ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസിന് മുന്നിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ വൻ പ്രതിഷേധമാണ് നടക്കുന്നത്.

ഗസ്സയിൽ അവശേഷിച്ച ജീവനോടെയും അല്ലാതെയും അവശേഷിക്കുന്ന 59 തടവുകാരെ ബലിയാടാക്കാനാണ് സർക്കാർ നീക്കമെന്ന് ഫോറം ആരോപിച്ചു. ബന്ദിമോചനത്തേക്കാൾ അടിയന്തിരമായി ഒന്നുമില്ലെന്നും സൈനികനീക്കം ജീവനുള്ള ബന്ദികളെ കൊലപ്പെടുത്തുന്നതിലേക്കും മരിച്ചവരെ കാണാതാകുന്നതിലേക്കും നയിക്കുമെന്നും ​ഇവർ പറഞ്ഞു.

“നിങ്ങൾ പോരാട്ടം നടത്തേണ്ടത് ചർച്ച നടക്കുന്ന മുറിയിലാണ്. (ബന്ദികളെ) എല്ലാവരെയും വീട്ടിലെത്തിക്കാൻ കഴിയുമായിരുന്ന ഒരു കരാറിൽ നിന്ന് എന്തിനാണ് പിന്മാറിയത്? ഗസ്സയിൽ സൈനിക ആക്രമണത്തിൽ ബന്ദികൾ ഉപദ്രവിക്കപ്പെടില്ലെന്ന് എങ്ങനെ ഉറപ്പാക്കാൻ കഴിയും? ബന്ദികളെ എങ്ങനെ തിരികെ കൊണ്ടുവരാനാണ് നിങ്ങൾ പദ്ധതിയിടുന്നത്? പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുരക്ഷാ മേധാവികളും ഈ കാര്യങ്ങൾ വിശദീകരിക്കണം” -ഫോറം ആവശ്യപ്പെട്ടു.

“സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ചക്ക് അവസരം വേണ​മെന്ന് ബന്ദികളുടെ കുടുംബങ്ങൾ കുറച്ചുകാലമായി യാചിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇതുവരെ പരിഗണിച്ചില്ല. എന്തുകൊണ്ടാണ് അത് നിരസിച്ചതെന്ന് ഇപ്പോൾ വ്യക്തമായി. വെടിനിർത്തൽ അട്ടിമറിക്കാൻ പദ്ധതിയിട്ടതിനാലാണ് ഈ കൂടിക്കാഴ്ചക്ക് അവർ വിസമ്മതിച്ചത്’ -പ്രസ്താവനയിൽ പറഞ്ഞു.

ഹമാസിനെ ഇല്ലാതാക്കി ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ യുദ്ധ ലക്ഷ്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുമാണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹുവിന്റെ ഓഫിസ് പറയുന്നത്. എന്നാൽ, ഈ അവകാശവാദം പൂർണമായും തെറ്റാണെന്ന് ബന്ദികളുടെ കുടുംബങ്ങൾ പറഞ്ഞു. സൈനിക നീക്കം ബന്ദികളെയും സൈനികരെയും അപകടത്തിലാക്കുമെന്ന് അവർ പറഞ്ഞു. ‘ബന്ദികളും കുടുംബങ്ങളും ഇസ്രായേൽ പൗരന്മാരും ഏറ്റവും കൂടുതൽ പേടിച്ച കാര്യം യാഥാർത്ഥ്യമായി. ഞങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരുന്ന പ്രക്രിയയെ മനഃപൂർവ്വം ഇല്ലാതാക്കുന്നതിൽ ഞങ്ങൾ പരിഭ്രാന്തരും രോഷാകുലരുമാണ്’ -ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം പ്രസ്താവനയിൽ പറഞ്ഞു.

ഇന്ന് പുലർച്ചെ റമദാൻ വ്രതം അനുഷ്ടിക്കാൻ അത്താഴം കഴിക്കാൻ എഴുന്നേറ്റ ഗസ്സക്കാർക്ക് നേരെയാണ് 20 ഇസ്രായേലി യുദ്ധവിമാനങ്ങൾ മാരകശേഷിയുള്ള ബോംബുകൾ വർഷിച്ചത്. സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 404 ​പേർ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടം അവസാനിച്ച് രണ്ടാം ഘട്ടത്തിനായി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇസ്രായേലി ക്രൂരത. ഇസ്രായേൽ ഗസ്സയിൽ നിന്ന് പൂർണമായും പിൻവാങ്ങുകയും ഹമാസ് ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് രണ്ടാം ഘട്ടത്തിൽ ചർച്ച നടക്കുന്നത്.

Tags:    
News Summary - Hostage families warn resumption of hostilities in Gaza ‘killing the captives’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.