വാഷിങ്ടൺ: 1963ൽ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് രഹസ്യ രേഖകൾ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു. എസ് ഭരണകൂടം ബുധനാഴ്ച പുറത്തുവിട്ടത് വൻ വാർത്താ തരംഗങ്ങൾ സൃഷ്ടിക്കുകയാണ്.
മുമ്പ് രഹസ്യമാക്കിയിരുന്ന 80,000 പേജുള്ള രേഖകൾ തിരുത്തലുകൾ കൂടാതെ പ്രസിദ്ധീകരിക്കുന്നതായി യു.എസ് നാഷനൽ ഇന്റലിജൻസ് (ഡി.എൻ.ഐ) ഡയറക്ടർ തുളസി ഗബ്ബാർഡിന്റെ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. യു.എസ് നാഷനൽ ആർക്കൈവ്‌സ് വെബ്‌സൈറ്റിൽ നിന്ന് ഈ ഫയലുകൾ ഡൗൺലോഡ് ചെയ്യാം.
കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് അന്നുയർന്ന ഊഹാപോഹങ്ങൾക്ക് അടിവരയിരുന്നതാണ് ഈ രേഖകൾ ഏറെയും. വധം സി.ഐ.എ തന്നെ നടത്തിയതാണെന്നുമായിരുന്നു പ്രബലമായ വാദം. കെ.ജി.ബിയുടെ പങ്കും ആരോപിക്കപ്പെട്ടിരുന്നുവെങ്കിലും സി.ഐ.എയുടെ പങ്കിനെ സാധൂകരിക്കുന്നതാണ് പുതിയ സൂചനകൾ.
യു.എസിന്റെ 35-ാമത് പ്രസിഡന്റായ കെന്നഡി 1963 നവംബർ 22ന് ഡള്ളാസിലേക്കുള്ള സന്ദർശനത്തിനിടെ തുറന്ന കാറിൽ സഞ്ചരിക്കവെയാണ് കൊല്ലപ്പെട്ടത്. ഭാര്യ ജാക്വിലിനും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാഹനവ്യൂഹം ഡൗണ്ടൗണിലേക്കുള്ള പരേഡ് പൂർത്തിയാക്കുമ്പോൾ ടെക്സസ് സ്കൂൾ ബുക്ക് ഡിപ്പോസിറ്ററി കെട്ടിടത്തിൽ നിന്ന് വെടിവെപ്പ് മുഴങ്ങി.
വെടിവെപ്പുണ്ടായ ആറാം നിലയിൽനിന്ന് 24 കാരനായ ലീ ഹാർവി ഓസ്വാൾഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ഇയാളുടെ ജയിൽ മാറ്റത്തിനിടെ ഒരു നൈറ്റ്ക്ലബ് ഉടമ ജാക്ക് റൂബി, ഓസ്വാൾഡിനെ വെടിവെച്ചു കൊലപ്പെടുത്തി. ടെക്സസിലേക്ക് മടങ്ങുന്നതിന് മുമ്പ് സോവിയറ്റ് യൂനിയനിലേക്ക് കൂറുമാറിയ ഒരു മുൻ മറൈൻ ആയിരുന്നു കെന്നഡിയെ വെടിവെച്ച ഓസ്വാൾഡ്.ഇത് കെ.ജി.ബി പങ്കിനെക്കുറിച്ചുള്ള സംശയമുയർത്തി.
ഹാർവി ഓസ്വാൾഡ് ഒറ്റക്കാണോ പ്രവർത്തിച്ചത്?
കൊലപാതകത്തിന് ഒരു വർഷത്തിനുശേഷം, പ്രസിഡന്റ് ലിൻഡൺ ബി. ജോൺസൺ അന്വേഷിക്കാൻ സ്ഥാപിച്ച വാറൻ കമീഷൻ ഓസ്വാൾഡ് ഒറ്റക്കാണ് പ്രവർത്തിച്ചതെന്നും ഗൂഢാലോചനക്ക് തെളിവുകളില്ലെന്നും നിഗമനത്തിലെത്തി.
എന്നാൽ, പുതുതായി പുറത്തിറങ്ങിയ ഫയലുകളിലെ റിപ്പോർട്ടുകളും സാക്ഷി മൊഴികളും ഇതിനെ സാധൂകരിക്കുന്നവയല്ല. കമീഷന്റെ റിപ്പോർട്ടിൽ പറയുന്ന കെന്നഡിയുടെ വാഹനവ്യൂഹത്തിന് മുന്നിലുള്ള ഉയർന്ന പ്രദേശമായ പുൽമേടിൽനിന്ന് ഒറ്റപ്പെട്ട തോക്കുധാരിയുടെ കഥക്ക് വിരുദ്ധമായാണ് രേഖകൾ വിരൽ ചൂണ്ടുന്നത്.
കെ.ജി.ബി പങ്ക്: പുതുതായി പുറത്തുവിട്ട ഫയലുകളിൽ 1991 നവംബറിലെ സി.ഐ.എയുടെ സെന്റ് പീറ്റേഴ്‌സ്ബർഗ് സ്റ്റേഷനിൽ നിന്നുള്ള ഒരു മെമ്മോയും ഉൾപ്പെടുന്നു. ഓസ്വാൾഡിനെക്കുറിച്ചുള്ള അഞ്ച് വലിയ വാള്യങ്ങളുള്ള ഫയലുകൾ കെ.ജി.ബി ഉദ്യോഗസ്ഥൻ പരിശോധിച്ചതായും ‘ഓസ്വാൾഡ് ഒരിക്കലും കെ.ജി.ബി നിയന്ത്രിക്കുന്ന ഒരു ഏജന്റല്ലെന്ന്’ ഉറപ്പുണ്ടെന്നും മെമ്മോയിൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു. 1954 മുതൽ 1991 ൽ സോവിയറ്റ് യൂനിയൻ പിരിച്ചുവിടുന്നതുവരെ കെ.ജി.ബി സോവിയറ്റ് യൂണിയന്റെ പ്രധാന ഇന്റലിജൻസ്-സുരക്ഷാ ഏജൻസിയായിരുന്നു.
സി.ഐ.എ ഇടപെടൽ: ഫയലുകളിലെ പ്രധാന വെളിപ്പെടുത്തലുകളിൽ ഒന്ന് മുൻ പ്രസിഡന്റിന്റെ മരണത്തിന് രഹസ്യാന്വേഷണ ഏജൻസി ഉത്തരവാദിയാണെന്ന് തന്റെ സുഹൃത്തിനോട് പറഞ്ഞ സി.ഐ.എ ഓപ്പറേറ്റീവ് ഗാരി അണ്ടർഹില്ലിനെക്കുറിച്ചാണ്. കെന്നഡിയുടെ മരണത്തിന് ഒരു ദിവസം കഴിഞ്ഞ് ഗാരി അണ്ടർഹിൽ വാഷിങ്ടണിൽ നിന്ന് തിടുക്കത്തിൽ ഓടിപ്പോയതായി ജെ.എഫ്.കെ ഫയലുകൾ വെളിപ്പെടുത്തി.
‘കൊലപാതകത്തിനു പിറ്റേന്ന്, ഗാരി അണ്ടർഹിൽ തിടുക്കത്തിൽ വാഷിംങ്ടൺ വിട്ടു. വൈകുന്നേരം, അദ്ദേഹം ന്യൂജേഴ്‌സിയിലെ സുഹൃത്തുക്കളുടെ വീട്ടിൽ ഹാജരായി’- രേഖകൾ പറയുന്നു. അദ്ദേഹം തന്റെ ജീവനെക്കുറിച്ച് ഭയപ്പെട്ടിരുന്നു. ഒരുപക്ഷേ രാജ്യം വിടേണ്ടി വന്നേക്കാം. സി.ഐ.എയിലെ ഒരു ചെറിയ സംഘമാണ് കൊലപാതകത്തിന് ഉത്തരവാദിയെന്ന് അദ്ദേഹം സമ്മതിച്ചു- രേഖകൾ പുറത്തുവിടുന്നു. ഇതിനുശേഷം ആറ് മാസത്തിനുള്ളിൽ, സി.ഐ.എ ഓപ്പറേറ്റിവിനെ വാഷിങ്ടണിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നും അതിൽപറയുന്നു.
സ്കാനുകളും ചിത്രങ്ങളും ഓഡിയോയും: മിക്ക ഫയലുകളും യഥാർത്ഥ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകളാണ്. ചിലത് കെന്നഡിയുടെ കൊലപാതകത്തിനുശേഷം പതിറ്റാണ്ടുകൾക്ക് ശേഷം വായിക്കാൻ കഴിയാത്തത്ര മങ്ങിയതാണ്. ഇപ്പോൾ പുറത്തിറങ്ങിയ ഫയലുകളിൽ 1960കളിലെ ചില ഫോട്ടോഗ്രാഫുകളും ശബ്ദ റെക്കോർഡിങ്ങുകളും ഉണ്ട്.
ഓപ്പറേഷൻ മംഗൂസ്: പുതിയ രേഖകൾ ഫിഡൽ കാസ്ട്രോയുടെ ക്യൂബൻ ഭരണകൂടത്തിനെതിരെ മുമ്പ് രഹസ്യമായി സി.ഐ.എ നയിച്ച അട്ടിമറി ഓപ്പറേഷനായ ‘ഓപ്പറേഷൻ മംഗൂസി’ ലേക്ക് കൂടുതൽ വെളിച്ചം വീശുന്നു. രഹസ്യ ശീതയുദ്ധ സംഘട്ടനങ്ങൾ ജെ.എഫ്.കെയുടെ പ്രസിഡന്റ് സ്ഥാനവുമായി എത്രത്തോളം ആഴത്തിൽ ഇഴചേർന്നിരുന്നുവെന്ന് ഈ ഉൾക്കാഴ്ചകൾ അടിവരയിടുന്നു.
ട്രംപിന്റെ വാഗ്ദാനം: പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ഉടൻ ഡോണാൾഡ് ട്രംപ് നൽകിയ സുതാര്യത വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ജെ.എഫ്.കെ ഫയൽ റിലീസ്. രേഖകളുടെ പ്രകാശനത്തെക്കുറിച്ചുള്ള വാർത്തകൾ പങ്കുവെച്ചുകൊണ്ട് ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് എക്‌സിൽ ‘പ്രസിഡന്റ് ട്രംപ് പരമാവധി സുതാര്യതയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണ്’ എന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.