കിയവ്: ഭാഗിക വെടിനിർത്തലിന് തത്ത്വത്തിൽ അംഗീകരിച്ച് റഷ്യയും യുക്രെയ്നും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഇരു രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ച നടത്തിയാണ് മഞ്ഞുരുക്കത്തിന്റെ വാതിൽ തുറന്നത്. മൂന്നുവർഷം നീണ്ട റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായക ചുവടുവെപ്പാകും വെടിനിർത്തൽ ധാരണ. അതേസമയം, എന്നുമുതലാണ് പ്രാബല്യത്തിലാവുക, എന്തൊക്കെയാണ് വ്യവസ്ഥകൾ തുടങ്ങിയവയിൽ ധാരണയായിട്ടില്ല. ഞായറാഴ്ച സൗദിയിൽ നടക്കുന്ന ചർച്ച ഇക്കാര്യത്തിൽ നിർണായകമാകും. ഇതിൽ റഷ്യ, യുക്രെയ്ൻ, യു.എസ് പ്രതിനിധികൾ സംബന്ധിക്കും. ചില തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാതിരിക്കുക എന്നതിലാകും ആദ്യഘട്ടത്തിൽ ധാരണ. പൂർണ യുദ്ധവിരാമത്തിന്റെ ആദ്യപടിയെന്ന നിലയിൽ ഇതിനെ സ്വാഗതം ചെയ്യുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
യുക്രെയ്നിന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് ഒഴിവാക്കാമെന്ന് ട്രംപും പുടിനും തമ്മിൽ ചൊവ്വാഴ്ച നടന്ന സംഭാഷണത്തിൽ പുടിൻ സമ്മതിച്ചിരുന്നു. റെയിൽവേയും തുറമുഖങ്ങളുംകൂടി സംരക്ഷിക്കപ്പെടണമെന്ന് സെലൻസ്കി താൽപര്യം പ്രകടിപ്പിച്ചെങ്കിലും റഷ്യ സമ്മതിച്ചിട്ടില്ല. ഒരു മാസത്തേക്ക് പൂർണ വെടിനിർത്തൽ എന്ന ട്രംപിന്റെ നിർദേശവും പുടിൻ അംഗീകരിച്ചിട്ടില്ല.
അതിനിടെ ബുധനാഴ്ച രാത്രിയും യുക്രെയ്നും റഷ്യയും പരസ്പരം ഡ്രോൺ ആക്രമണം നടത്തി. രണ്ട് ആശുപത്രികൾ, റെയിൽവേ, 20ലധികം വീടുകൾ, ചർച്ച് എന്നിവ ആക്രമിക്കപ്പെട്ടതായി സെലൻസ്കി പറഞ്ഞു. 10 പേർക്ക് പരിക്കേറ്റു. റഷ്യയിലെ എയ്ഞ്ചൽസ് സൈനിക കേന്ദ്രത്തെ ലക്ഷ്യമാക്കിയാണ് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയത്. ബുധനാഴ്ച സെലൻസ്കി ട്രംപുമായി ഒരു മണിക്കൂർ ഫോണിൽ സംസാരിച്ചു. യുക്രെയ്നിലെ പവർ പ്ലാന്റുകളുടെ ഉടമാവകാശം അമേരിക്കക്ക് നൽകുന്നത് പരിഗണിക്കണമെന്ന് ട്രംപ് സെലൻസ്കിയോട് ആവശ്യപ്പെട്ടു. അവയുടെ ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിന് ഇത് സഹായകമാവുമെന്ന് ട്രംപ് പറഞ്ഞു. യുക്രെയ്ന് യു.എസ് നൽകിയ പിന്തുണക്കും സഹായത്തിനും പകരമായി യുക്രെയ്നിലെ ധാതുക്കളിൽ അമേരിക്കക്ക് പങ്കാളിത്തം അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.