ലണ്ടൻ: സബ്സ്റ്റേഷനിലെ തീപിടിത്തത്തെ തുടർന്ന് വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുകൾ കാരണം ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അർധരാത്രി വരെ അടച്ചിടുമെന്ന് അറിയിപ്പ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെയാണ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിമാനത്താവളം അധികൃതർ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഇന്ന് ഹീത്രൂ വഴി യാത്രകൾക്ക് പദ്ധതിയുള്ളവർ യാത്ര ചെയ്യരുതെന്നും പകരം വിമാനം അവരവർ യാത്ര ചെയ്യുന്ന വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടണമെന്നും അറിയിപ്പിൽ പറയുന്നു.
ഇലക്ട്രിക്കൽ സബ് സ്റ്റേഷനിലെ തീപിടുത്തത്തിനു പിന്നാലെയാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി മാർച്ച് 21ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുമെന്ന അറിയിപ്പ് വന്നത്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. ഹീത്രൂവിലേക്കുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചാലും ഏതാനും ദിവസങ്ങൾ കൂടി നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് വിവരം.
അതേസമയം തീപിടിത്തത്തെ തുടർന്ന് 16,000ത്തിലേറെ വീടുകളിൽ വൈദ്യുതി വിതരണം മുടങ്ങി. തീ നിയന്ത്രണ വിധേയമാക്കാൻ പത്ത് ഫയർ എൻജിനുകൾ എത്തിച്ചിട്ടുണ്ട്. പ്രദേശത്തുനിന്ന് അഗ്നിരക്ഷാസേന 150ലേറെ പേരെ ഒഴിപ്പിച്ചു. അടിന്തര സേവനത്തിനായുള്ള വാഹനങ്ങൾ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.