ലക്ഷ്യംകണ്ട് ഹൂതി മിസൈൽ; മധ്യ ഇസ്രായേലിലെ റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

ടെല്‍ അവീവ്: മധ്യ ഇസ്രാ​യേലിനുനേരെയുള്ള മിസൈലാക്രമണത്തിൽ ആദ്യമായി ലക്ഷ്യം കണ്ട് യമനിലെ ഹൂതികൾ. ആക്രമണത്തില്‍ മോദിഇന്‍ റെയില്‍വേ സ്റ്റേഷ​ന്‍റെ ഏതാനും ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ തടസ്സങ്ങൾ മറികടന്ന് വെറും പതിനൊന്നര മിനിറ്റിനുള്ളിൽ 2,040 കിലോമീറ്റർ സഞ്ചരിച്ച് മധ്യ ഇസ്രായേലിൽ പതിച്ചതായി ഹൂതി സൈനിക വക്താവ് യഹിയ സരിയ പറഞ്ഞു. മിസൈൽ ചീളുകൾ കൃഷിയിടങ്ങളിലും റെയിൽവേ സ്റ്റേഷനു സമീപവും പതിച്ച് തീപിടിച്ചു. തുറസ്സായ സ്ഥലത്ത് പുക ഉയരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മിസൈലുകള്‍ പതിച്ചത് ആള്‍താമസമില്ലാത്ത പ്രദേശങ്ങളില്‍ ആയതിനാല്‍ ആളപായമുണ്ടായില്ലെന്നാണ് റിപ്പോർട്ട്. ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്‍റലിജിന്‍സ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് അധികൃതര്‍ മാറ്റിപാര്‍പ്പിച്ചിരുന്നു. ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 23,65,000 ആളുകളെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മാറിപ്പാര്‍പ്പിച്ചത്. മിസൈല്‍ പതിക്കുന്നതിന് മുന്നോടിയായി തലസ്ഥാന നഗരിയായ ടെല്‍ അവീവിലും മധ്യ ഇസ്രായേലിലും അപായ സൈറണുകള്‍ മുഴങ്ങി. സൈറണു പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പതു പേര്‍ക്ക് നിസാരമായ പരിക്കുകളേറ്റതായും റിപ്പോർട്ടുണ്ട്.


20 ഇന്‍റർസെപ്റ്ററുകൾ മറികടന്ന് തങ്ങളുടെ മിസൈൽ ഇസ്രായേലിൽ എത്തിയതായി ഹൂതിയുടെ മീഡിയ ഓഫിസ് ഡെപ്യൂട്ടി ഹെഡ് നസറുദ്ദീൻ അമേർ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഈ ആക്രമണം ഒരു ‘തുടക്കം’ മാത്രമാണെന്നും ഹൂതി വക്താവ് പ്രതികരിച്ചു. ജൂലൈയിലും ടെല്‍ അവീവിനെ ലക്ഷ്യമിട്ട് ഹൂതികള്‍ ഡ്രോണാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. നിലവില്‍ ഇസ്രായേലിനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതിനായി ഹൂതികള്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒക്ടോബറിൽ ഗസ്സ യുദ്ധം ആരംഭിച്ചതുമുതൽ ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യമെന്ന് പ്രഖ്യാപിച്ച് ഹൂതികൾ ഇസ്രായേലിന് നേരെ ആവർത്തിച്ച് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചുവരികയാണ്. ഇസ്രായേലുമായി ബന്ധമുള്ള മുപ്പതിലധികം കപ്പലുകളെയാണ് ചെങ്കടലില്‍വെച്ച് ഹൂതികള്‍ ആക്രമിച്ചത്. ജൂലൈയിൽ ടെൽ അവീവിൽ പതിച്ച ഡ്രോൺമൂലം ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൊദൈദ തുറമുഖത്തിന് സമീപം ഹൂതികളുടെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ‘ഒക്‌ടോബർ 7ന് ഓപറേഷ​ന്‍റെ ഒന്നാംവാർഷികത്തോട് അടുക്കുമ്പോൾ, ഹൊദൈദ നഗരത്തിന് നേരെയുള്ള ആക്രമണത്തോടുള്ള പ്രതികാരം ഉൾപ്പടെ ഭാവിയിൽ കൂടുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാൻ എന്ന് ഹൂതി വക്താവ് സരിയ മുന്നറിയിപ്പ് നൽകി.

അതേസമയം, ഇസ്രയേലിനെതിരായ ആക്രമണങ്ങൾക്ക് യമൻ ‘കനത്ത വില’ നൽകേണ്ടിവരുമെന്ന് പ്രതിവാര മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. അതെക്കുറിച്ച് ഓർമപ്പെടുത്തൽ ആവശ്യമുള്ളവരെ ഹൊദൈദ തുറമുഖം സന്ദർശിക്കാൻ ക്ഷണിക്കുന്നുവെന്നും പ്രതികാര വ്യോമാക്രമണത്തെ പരാമർശിച്ച് നെതന്യാഹു പറഞ്ഞു. ഹൂതികളെ പ്രതിരോധിക്കാന്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് സംയുക്ത സേന രൂപീകരിച്ചിരുന്നുവെങ്കിലും സേന പരാജയപ്പെടുകയായിരുന്നു.

അതേസമയം, നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രയേൽ ആക്രമണത്തില്‍ 41,206 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ 95,337 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.

Tags:    
News Summary - Houthi missile reaches central Israel for first time; The railway station caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.