ഹിസ്ബുല്ലയുടെ ആയിരക്കണക്കിന് പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതെങ്ങിനെ? ഉത്തരം തിരഞ്ഞ് ലോകം

ബെയ്റൂത്ത്: ലബനാനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകൾ വിവിധയിടങ്ങളിൽ ഒരേ സമയം പൊട്ടിത്തെറിച്ച സംഭവത്തിന്‍റെ പിന്നിലെ വിശദാംശങ്ങൾ പരതുകയാണ് ലോകം. 3000ത്തോളം പേജറുകൾ ഒരേ സെക്കൻഡിൽ പൊട്ടിത്തെറിക്കുകയും രണ്ട് കുട്ടികളടക്കം 12 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ചത്. മൊസാദിലൂടെ ഇസ്രായേലാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. അമേരിക്കയുടെ അടക്കം ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

പേജറുകളിൽ ഒളിപ്പിച്ചത് അതിസൂക്ഷ്മ സ്ഫോടകവസ്തു

തായ്‌വാനിലെ ഗോൾഡ് അപ്പോളോ കമ്പനിയിൽനിന്ന് ഈ വർഷം ആദ്യം ഹിസ്ബുല്ല ഇറക്കുമതി ചെയ്ത പേജറുകളുടെ പുതിയ ബാച്ചിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിക്കുകയായിരുന്നത്രെ. കാർഗോ ലെബനനിലെത്തുന്നതിന് മുമ്പ് ഇസ്രായേൽ ചാര ഏജൻസിയായ മൊസാദിന്‍റെ ഏജന്‍റുമാർ ബാറ്ററിക്ക് സമീപം സൂക്ഷ്മമായ സ്ഫോടക വസ്തു വെക്കുകയായിരുന്നു. രണ്ട് ഔൺസ് വരെ സ്ഫോടകവസ്തുക്കളാണ് ​ഓരോ പേജറുകളിലും ഒളിപ്പിച്ചത്. കോഡ് സന്ദേശം ലഭിച്ചാൽ പൊട്ടിത്തെറിക്കുന്ന ഇവ സ്കാനറുകളിൽ കണ്ടെത്തുക പ്രയാസമായിരുന്നു.

സന്ദേശം വായിക്കാൻ മുഖത്തോട് ചേർത്തപ്പോൾ സ്ഫോടനം

പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഏകദേശം 10 സെക്കൻഡ് നേരം പേജറുകളെല്ലാം ബീപ്പ് ചെയ്‌തു. സാധാരണ സന്ദേശം വരുമ്പോ​ഴുള്ള ശബ്ദമാണ് കേട്ടത്. മെസേജാണെന്ന് കരുതി പലരും വായിക്കാൻ മുഖത്തോട് ചേർത്തുപിടിച്ചതും സ്ഫോടനം നടന്നു. അതുകൊണ്ട് തന്നെ കണ്ണിനാണ് പലർക്കും ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ ഇറാൻ അംബാസഡർ മുജ്തബ അമിനിയുടെ ഒരു കണ്ണ് നഷ്ടമായതായും മറ്റൊരു കണ്ണിന് സാരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.


പ്രതികരണവുമായി തായ്‍വാൻ കമ്പനി

ഈ മോഡൽ തങ്ങൾ നിർമിച്ചതല്ലെന്ന വിശദീകരണവുമായി തായ്‍വാൻ കമ്പനി ഗോൾഡ് അപ്പോളോ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ബ്രാൻഡ് ​ട്രേഡ് മാർക്ക് ഉപയോഗിക്കാൻ അനുവാദമുള്ള യൂറോപ്പിലെ ബി.എ.സി എന്ന കമ്പനിയാണ് ഇത് നിർമിച്ചതെന്നാണ് ഗോൾഡ് അപ്പോളോ പറയുന്നത്.

സന്ദേശം കൈമാറാൻ ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത് പേജറുകൾ

ശത്രുക്കൾ തങ്ങളുടെ സംസാരവും സന്ദേശങ്ങളും ചോർത്താതിരിക്കാനും ലൊക്കേഷൻ വിവരങ്ങൽ അറിയാതിരിക്കാനം ഹൈടെക് ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം നേരത്തെ തന്നെ ഹിസ്ബുല്ല നേതാക്കളടക്കം ഉപേക്ഷിച്ചിരുന്നു. മൊബൈൽഫോണുകളടക്കം ഉപേക്ഷിച്ചിരുന്നു. തുടർന്നാണ് ഹിസ്ബുല്ല പേജറുകളിലേക്ക് മാറിയത്. ലെബനനിലുടനീളം ഹിസ്ബുല്ല തങ്ങളുടെ അംഗങ്ങൾക്ക് പേജറുകൾ വിതരണം ചെയ്തിരുന്നു.

പേജർ സ്ഫോടനങ്ങൾ നിശ്ചയദാർഢ്യം വർധിപ്പിക്കുകയേ ചെയ്യൂ -ഹസൻ നസ്‌റുല്ല

പേജർ സ്‌ഫോടനങ്ങൾ ഇസ്രായേലിനെതിരായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള നിശ്ചയദാർഢ്യം വർധിപ്പിക്കുകയേ ചെയ്യൂവെന്നാണ് ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല പ്രതികരിച്ചിരിക്കുന്നത്. ദൈവം ഇച്ഛിച്ചാൽ കണക്കുതീർക്കൽ സാധ്യമാകും. ഇന്നലത്തെ സംഭവം പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പാതയിൽ തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയവും വർധിപ്പിക്കും. ദൈവം ഇച്ഛിക്കുകയാണെങ്കിൽ വിശ്വസ്തരും ക്ഷമാശീലരുമായ പോരാളികൾ വിജയം കൈവരിക്കും -എന്നാണ് നസ്റുല്ല പ്രസ്താവനയിൽ പറഞ്ഞത്.

Tags:    
News Summary - how did thousands of pagers explode at the same time in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.