ഇസ്ലാമാബാദ്: പാകിസ്താനിൽ ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷം. ഭക്ഷണവിതരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആളുകൾ മരിക്കുന്ന സംഭവം ആവർത്തിക്കുന്നു. ഒരു മാസത്തിനിടെ വിവിധ സംഭവങ്ങളിലായി 17 പേർ മരിച്ചു.വെള്ളിയാഴ്ച കറാച്ചിയിൽ അഞ്ചു സ്ത്രീകളും മൂന്നു കുട്ടികളും ഉൾപ്പെടെ 11 പേർ മരിച്ചു.
വിലക്കയറ്റത്തിന്റെ ദുരിതംപേറുന്ന ജനതക്ക് ആശ്വാസമായി സർക്കാർ പിന്തുണയിൽ വിതരണംചെയ്ത ഭക്ഷണസാധനങ്ങൾ വാങ്ങാൻ ആയിരങ്ങളാണ് ഒത്തുകൂടിയത്. വിതരണകേന്ദ്രത്തിൽനിന്ന് ആയിരക്കണക്കിന് ചാക്ക് ധാന്യപ്പൊടികൾ കൊള്ളയടിക്കപ്പെട്ടു. റമദാനോടനുബന്ധിച്ച് സർക്കാർ ധാന്യപ്പൊടി വിതരണം ആരംഭിച്ചിട്ടുണ്ട്.
ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. രാജ്യത്ത് പണപ്പെരുപ്പം 50 വർഷത്തിലെ ഉയർന്ന നിലയായ 30 ശതമാനത്തിനു മുകളിലാണ്. അടിസ്ഥാന ഭക്ഷ്യ ഉൽപന്നങ്ങളുടെ വില ഒരു വർഷത്തിനിടെ 45 ശതമാനത്തിലേറെ വർധിച്ചു. ഒരു ലിറ്റർ പാലിന് 200 പാക് രൂപക്ക് മുകളിലാണ് വില.
അന്താരാഷ്ട്ര നാണയനിധിയുടെ വായ്പാനിബന്ധനകളുടെ ഭാഗമായി രാജ്യത്ത് സബ്സിഡികൾ വെട്ടിക്കുറച്ചിരുന്നു. വിദേശനാണ്യ ശേഖരം കുറഞ്ഞത് ഇറക്കുമതി പ്രതിസന്ധിയിലാക്കുകയും ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തു. കഴിഞ്ഞ വർഷമുണ്ടായ പ്രളയം കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും നടുവൊടിച്ചിട്ടുണ്ട്.
10 ലക്ഷം വീടുകളും ആയിരക്കണക്കിന് കടകളും 20 ലക്ഷം ഏക്കറിലെ വിളകളുമാണ് പ്രളയത്തിൽ നശിച്ചത്.7.20 ലക്ഷം വളർത്തുമൃഗങ്ങളെയും നഷ്ടപ്പെട്ടു. നാലുകോടിയോളം ആളുകളെ പ്രളയം ബാധിച്ചു. രാഷ്ട്രീയ അസ്ഥിരതയും രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.