നികുതിവെട്ടിപ്പ്: ഹണ്ടർ ബൈഡൻ കുറ്റസമ്മതം നടത്തും

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ രണ്ട് നികുതി കുറ്റകൃത്യങ്ങളിലും മയക്കുമരുന്ന് ഉപയോഗിച്ച കാലത്ത് അനധികൃതമായി തോക്ക് കൈവശംവെച്ച സംഭവത്തിലും കുറ്റം സമ്മതിക്കുമെന്ന് സൂചന.

അഞ്ച് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഹണ്ടർ ബൈഡന്റെ കുറ്റസമ്മതത്തിന് സാധ്യത തെളിയുന്നത്. കുറ്റസമ്മതത്തിന് ധാരണയായതായി ഡെൽവേറിലെ യു.എസ് അറ്റോണി സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു. മയക്കുമരുന്നിന് ചികിത്സതേടിയിരുന്നതായും ഹണ്ടർ ബൈഡൻ സമ്മതിക്കുമെന്നാണ് സൂചന. കരാറിലെ വ്യവസ്ഥകൾപ്രകാരം ഹണ്ടറിന് ജയിൽശിക്ഷ ഒഴിവായേക്കുമെന്നാണ് അറിയുന്നത്.

തത്ത്വത്തിൽ, ഓരോ നികുതി കുറ്റകൃത്യത്തിനും ഓരോ വർഷം ജയിൽശിക്ഷയും തോക്ക് കൈവശംവെച്ചതിന് 10 വർഷവും ശിക്ഷ കിട്ടാവുന്നതാണെന്ന് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. നിർദിഷ്ട കരാർ കേസിൽ വാദം കേൾക്കുന്ന ജഡ്ജിമാർ അംഗീകരിക്കേണ്ടതുണ്ട്. അതേസമയം, കുറ്റസമ്മതം നടത്താൻ ഹണ്ടർ ബൈഡൻ കോടതിയിൽ എത്തുമോയെന്ന് വ്യക്തമല്ല.

2017ലും 2018ലും ലക്ഷം ഡോളർ നികുതി അടക്കാതിരുന്നതിനാണ് ഹണ്ടർ ബൈഡൻ നടപടി നേരിടുന്നത്. 2018ലാണ് അനധികൃതമായി തോക്ക് കൈവശംവെച്ചതിന് കേസെടുത്തത്. അതേസമയം, കരാറിനെതിരെ വിമർശനവുമായി ട്രംപ് അനുകൂലികൾ രംഗത്തെത്തിയിട്ടുണ്ട്. അഴിമതിക്ക് നേരെ കണ്ണടക്കുന്ന കരാറാണ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് തയാറാക്കിയിരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.

Tags:    
News Summary - Hunter Biden agrees to plead guilty on tax evasion charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.