‘മിൽട്ടൺ’ ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിക്കുന്നു; ​​ഫ്ലോറിഡയിൽ അതീവ ജാഗ്രത

ഫ്ലോറിഡ​​: മെക്‌സിക്കോയുടെ യുകാറ്റൻ ഉപദ്വീപി​ന്‍റെ വടക്കേ അറ്റത്ത് മണിക്കൂറിൽ 285 കി.മീ വരെ വേഗതയിൽ ‘മിൽട്ടൻ’ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. മിൽട്ടൺ അതിവേഗം അത്യന്തം അപകടകരമായ കാറ്റഗറി അഞ്ചായി മാറി യു.എസ് സംസ്ഥാനമായ ഫ്ലോറിഡയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ചുഴലി ബുധനാഴ്ച പൂർണ ശക്തിയോടെ ജനസാന്ദ്രതയുള്ള ടമ്പാ ബേ നഗരത്തെ ബാധിക്കുമെന്ന് കരുതുന്നു.

ഫ്ലോറിഡയിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് തയ്യാറെടുക്കാൻ ഫ്ലോറിഡക്കാരോട് നിർദേശിച്ചു. ആളുകൾക്ക് ഒഴിഞ്ഞുമാറാനുള്ള സമയം തീർന്നതായി ഗവർണർ റോൺ ഡിസാന്‍റ്സ് പറഞ്ഞു. ഇത് ഒരു രാക്ഷസരൂപം പൂണ്ടേക്കുമെന്നും ഗവർണർ ഡിസാന്‍റ്സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2005ൽ ‘കത്രീന’ക്ക് ശേഷമുള്ള ഏറ്റവും മാരകമായ മെയിൻ ലാൻഡ് കൊടുങ്കാറ്റായ ‘ഹെലൻ’ വീശി 10 ദിവസത്തിന് ശേഷമാണ് മിൽട്ടൺ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് വരുന്നത്. ഹെലനിൽ നൂറുകണക്കിനു പേരെ കാണാതായിട്ടുണ്ട്.

മിൽട്ടൺ അടുക്കുമ്പോൾ 67 കൗണ്ടികളിൽ 51 എണ്ണം ഇപ്പോൾ അടിയന്തര മുന്നറിയിപ്പിലാണ്. 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് ഭേദിക്കുന്ന വേഗതയിൽ മിൽട്ടൺ കാറ്റഗറി അഞ്ചി​േലക്ക് മാറിയെന്ന് നാഷണൽ വെതർ സർവീസ് ഡയറക്ടർ കെൻ ഗ്രഹാം പറഞ്ഞു. ഇത് റെക്കോർഡ് ചെയ്ത മൂന്നാമത്തെ ഉയർന്ന നിരക്കാണെന്നും അദ്ദേഹം പറഞ്ഞു. കാറ്റി​ന്‍റെ വേഗതയുടെ അടിസ്ഥാനത്തിൽ ചുഴലിക്കാറ്റുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇതോടെ തെക്കൻ ഫ്ലോറിഡയിൽ പെട്രോൾ സ്റ്റേഷനുകളിൽ നീണ്ട ക്യൂ രൂപപ്പെടാൻ തുടങ്ങി. സ്റ്റേഷനുകളിൽ ഇന്ധനം തീർന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ചില പ്രദേശങ്ങൾ ഗതാഗതക്കുരുക്കിലാണ്. പല കൗണ്ടികളിലും സ്‌കൂൾ അടച്ചുപൂട്ടാൻ തുടങ്ങി. ടാമ്പയിലെയും ഒർലാൻഡോയിലെയും വിമാനത്താവളങ്ങൾ അടച്ചു.

Tags:    
News Summary - Hurricane Milton rapidly intensifies to category five strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.