കറാച്ചി: കാണ്ഡഹാർ വിമാനറാഞ്ചൽ കേസിലെ പ്രതി പാകിസ്താനിൽ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദ് ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിമാണ് കൊല്ലപ്പെട്ടതെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. സാഹിദ് അകുന്ദ എന്ന വ്യാജപേരിലാണ് ഇയാൾ കറാച്ചിയിൽ ഒളിവിൽ താമസിച്ചിരുന്നത്. ഇയാളുടെ തലക്ക് നേരെ മാർച്ച് ഒന്നിന് അജ്ഞാതൻ രണ്ട് തവണ നിറയൊഴിച്ചുവെന്നാണ് റിപ്പോർട്ട്.
കറാച്ചിയിലെ അക്തർ കോളനിയിൽ ക്രെസന്‍റ് ഫർണിച്ചർ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മിസ്ത്രി. ജെയ്ഷയുടെ ഓപ്പറേഷണൽ ചീഫ് റൗഫ് മിസ്ത്രി മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
1999ൽ 180 യാത്രികരുമായി നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഡൽഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് തീവ്രവാദികൾ റാഞ്ചിയത്. വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ശേഷമായിരുന്നു റാഞ്ചലും ബന്ദിയാക്കലും.
ഇന്ത്യൻ ജയിലിൽ കഴിയുന്ന രാജ്യാന്തര ഭീകരരായ മസൂദ് അസ്ഹറും ഒമർ ഷെയ്ഖും ഉൾപ്പടെ മൂന്ന് ഭീകരരെ വിട്ടയച്ചതിന് ശേഷമാണ് ഏഴ് ദിവസം നീണ്ട റാഞ്ചൽ നാടകം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.