ഗസ്സ: ഗസ്സയിൽ പള്ളിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ദെർ എൽ ബലാഹിലെ പള്ളിയിലാണ് ആക്രമണം ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ നിരവധിപേർ പള്ളിയിൽ താമസിക്കുന്നുണ്ടെന്നാണ് അൽ ജസീറയുടെ റിപ്പോർട്ടിൽ പറയുന്നത്.
പള്ളിയിൽ ആക്രമണം നടത്തിയ വിവരം ഇസ്രായേൽ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിക്കൊപ്പം ഇബൻ റുഷദ് സ്കൂളിലും ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. എക്സിലൂടെയായിരുന്നു ഇസ്രായേൽ പ്രതിരോധസേനയുടെ അറിയിപ്പ്.
അതേസമയം, ആക്രമണത്തിൽ എത്രപേർ മരിച്ചുവെന്ന് ഇസ്രായേൽ പ്രതിരോധസേന സ്ഥിരീകരിച്ചിട്ടില്ല. സിവിലിയൻമാരുടെ മരണം പരമാവധി കുറക്കുന്ന രീതിയിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ പ്രതിരോധസേന അവകാശപ്പെട്ടു.
ഗസ്സ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,825 ആയി ഉയർന്നു. 96,910 പേർക്ക് പരിക്കേറ്റിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയാണ്. ഇതിനിടെ നിരവധി പേർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.