ഇസ്രായേൽ പട്ടാളക്കാർക്ക് ജോലി മടുക്കുന്നു; 58 ശതമാനം ​പേരും ​തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഐ.ഡി.എഫ് റിപ്പോർട്ട്

തെൽഅവീവ്: ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങളെ​യടക്കം കൊന്നൊടുക്കുകയും നിരന്തരം കൊല്ലപ്പെടുകയും ചെയ്യുന്ന ഇസ്രായേൽ സൈന്യത്തിൽ ജോലിയോടുള്ള മടുപ്പ് വർധിക്കുന്നതായി റിപ്പോർട്ട്. സൈനികവൃത്തി മുഖ്യതൊഴിലായി സ്വീകരിച്ച 58 ശതമാനം പേർക്കും നിലവിൽ ഈ ജോലിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) മാൻപവർ ഡയറക്ടറേറ്റ് ​സൈനികർക്കിടയിൽ നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നു.

സർവിസിൽ തുടരാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് 42% പേർ മാത്രമാണ് ഉണ്ടെന്ന് പ്രതികരിച്ചത്. 2023 ആഗസ്റ്റിൽ 49 % പേർ അനുകൂലമായി മറുപടി നൽകിയിരുന്നു. ഗസ്സ യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ഒമ്പത് മാസത്തിനുള്ളിൽ ഇത് പിന്നെയും ഇടിഞ്ഞത് മുതിർന്ന ഐ.ഡി.എഫ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചതായി ഇസ്രായേൽ മാധ്യമമായ ‘വൈനെറ്റ്’ റിപ്പോർട്ട് ചെയ്തു. യുദ്ധത്തിലൂടെ പൊതു പിന്തുണ വർധിക്കുവെന്നും സൈനികരിൽ ആത്മവീര്യം കൂടുമെന്നും പഴയ സർവേയിൽ ലഭിച്ച അനുകൂല പ്രതികരണം ഉണ്ടാകുമെന്നുമായിരുന്നു സൈനിക തലവന്മാർ പ്രതീക്ഷിച്ചിരുന്നതത്രേ.

കൂടാതെ, ​സൈന്യത്തിൽനിന്ന് വിരമിക്കാൻ വേണ്ടി ​ഐ.ഡി.എഫിന്റെ റിട്ടയർമെൻറ് ഡിപ്പാർട്ട്‌മെൻറുമായി ബന്ധപ്പെടുന്ന സൈനികരുടെ എണ്ണവും വർധിച്ചതായി മാൻപവർ ഡയറക്ടറേറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സർവേയിൽ, ശമ്പള നിലവാരത്തിൽ സംതൃപ്തരാണോ എന്ന ചോദ്യത്തിന് 30% ​സൈനികർ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. അതേസമയം, ഇസ്രായേലിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 60% പേർ അവർക്ക് ലഭിക്കുന്ന ശമ്പളത്തിൽ സംതൃപ്തരാണ്. സൈനികർക്കും സ്വകാര്യമേഖലക്കും ഇടയിലുള്ള ഈ വ്യത്യാസം പട്ടാളക്കാർക്കിടയിലുള്ള നിരാശയാണ് വ്യക്തമാക്കുന്നത്.

ഹമാസ് പ്രത്യാക്രമണത്തിൽ കൂടുതൽ സൈനികർ കൊല്ലപ്പെടുന്നതും ഗുരുതര പരിക്കേൽക്കുന്നവരുടെ എണ്ണം വർധിച്ചതും യുദ്ധം നീണ്ടതോടെ കുടുംബത്തെയും കുട്ടികളെയും ദീർഘകാലമായി കാണാൻ കഴിയാത്തതും കുടുംബജീവിതത്തെ ബാധിക്കുന്നതുമാകാം ജോലി വിരക്തിക്ക് കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ‘പരാജയബോധം സൈനികോദ്യോഗസ്ഥരെ വേട്ടയാടുന്നുണ്ട്. പരാജയപ്പെട്ട സംവിധാനത്തെ സേവിക്കാൻ അവർ ആഗ്രഹിക്കുന്നില്ല’ -മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറയുന്നു. 

Tags:    
News Summary - IDF survey reveals worrying downtrend in career officer retention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.