ഗസ്സ സിറ്റി: ഒരു മാസമായി ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തുന്ന ഉത്തര ഗസ്സ കൊടും പട്ടിണിയിലേക്ക് നീങ്ങുന്നതായി വിദഗ്ധർ. വൻ ദുരന്തം ഒഴിവാക്കാൻ ദിവസങ്ങൾക്കുള്ളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആഗോള ഭക്ഷ്യ സുരക്ഷ വിദഗ്ധരായ ഫാമിൻ റിവ്യൂ കമ്മിറ്റി (എഫ്.ആർ.സി) മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ ഒരാഴ്ച പോലും വൈകാൻ പാടില്ല. പട്ടിണി, പോഷകാഹാരക്കുറവ്, പോഷകാഹാരക്കുറവും രോഗവും മൂലമുള്ള മരണനിരക്ക് എന്നിവ കുതിച്ചുയരുകയാണ്. ഭക്ഷ്യക്ഷാമത്തിന്റെ പരിധി ഇതിനകം കടന്നിരിക്കാമെന്നും അല്ലെങ്കിൽ ഉടൻ കടക്കുമെന്നും എഫ്.ആർ.സി സൂചന നൽകി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫെയ്സ് ക്ലാസിഫിക്കേഷൻ ഉപയോഗിച്ചാണ് എഫ്.ആർ.സി പഠനം നടത്തിയത്.
വ്യോമ, കരയാക്രമണങ്ങളിൽ തകർന്നടിഞ്ഞ ഉത്തര ഗസ്സയിൽ 95,000 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ദിവസം 600 ട്രക്കുകളിൽ ഭക്ഷ്യ വസ്തുക്കൾ എത്തിച്ചെങ്കിൽ മാത്രമേ ഗസ്സയിലെ ഭക്ഷ്യക്ഷാമം ഒഴിവാക്കാൻ കഴിയൂവെന്നാണ് സന്നദ്ധ സംഘടനകളുടെ കണക്ക്. നിലവിൽ ഒരു ദിവസം ശരാശരി 58 ട്രക്കുകളാണ് ഭക്ഷ്യവസ്തുക്കളുമായി ഗസ്സയിൽ എത്തുന്നത്. ആഗസ്റ്റിലും സെപ്റ്റംബറിലും 200 ട്രക്കുകൾ വന്നിരുന്നെന്നും ഈ കുറവ് വളരെ വലുതാണെന്നും യു.എൻ ഭക്ഷ്യ പദ്ധതി ഡയറക്ടർ ജീൻ മാർട്ടിൻ ബയേർ പറഞ്ഞു.
ഗസ്സയിൽ അടിയന്തരമായി സഹായം ലഭ്യമാക്കാൻ ഇസ്രായേലിന് യു.എസ് നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് എഫ്.ആർ.സി മുന്നറിയിപ്പ് വരുന്നത്. യു.എസ് സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഗസ്സയിലേക്കുള്ള സഹായം ഇസ്രായേൽ തടയുകയാണ് ചെയ്തത്. കീഴടങ്ങുക അല്ലെങ്കിൽ പട്ടിണി കിടക്കുക എന്ന ‘ജനറൽസ് പദ്ധതി’യിലൂടെ ഉത്തര ഗസ്സയെ പൂർണമായും ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേലെന്നാണ് ഫലസ്തീൻ, ഇസ്രായേൽ മനുഷ്യാവകാശ സംഘടനകളും ചില സൈനികരും ആരോപിക്കുന്നത്.
ഗസ്സ വീണ്ടും പിടിച്ചെടുക്കുക ഔദ്യോഗിക നയമല്ലെങ്കിലും മറ്റൊരു ബദലില്ലെങ്കിൽ പ്രദേശത്തിന്റെ വലിയൊരു ഭാഗം രാജ്യത്തോട് കൂട്ടിച്ചേർക്കുമെന്ന് ഇസ്രായേലിന്റെ മുതിർന്ന പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി ഹാരെറ്റ്സ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
റാമല്ല: ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപ്. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ച അബ്ബാസ് അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചുള്ള സമാധാനം കൊണ്ടുവരാനായി നിയുക്ത യു.എസ് പ്രസിഡന്റുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ പ്രസിഡന്റായി ചുമതലയേൽക്കുന്നതിനുമുമ്പ് യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.