വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റൽ ഹിൽ ബിൽഡിങ്ങിലേക്ക് അതിക്രമിച്ച് കയറാൻ അക്രമികളെ പ്രോത്സാഹിപ്പിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്‍റ് പ്രമേയം തിങ്കളാഴ്ച ജനപ്രതിനിധിസഭയിൽ അവതരിപ്പിക്കും. രാജ്യത്ത് കലാപം കൊണ്ടുവരാൻ ട്രംപ് പ്രോത്സാഹിപ്പിച്ചെന്നും അത് രാജ്യദ്രോഹത്തിന് സമാനമാണെന്നും കരടുപ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ 180 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. കൂടാതെ, റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണയും ലഭിക്കുമെന്നാണ് വിവരം.
പ്രമേയത്തിൽ ബുധനാഴ്ച വോട്ടെടുപ്പ് നടത്താനാകുന്ന തരത്തിലാണ് സ്പീക്കർ നാൻസി പെലോസിയുടെ നീക്കം. ജനപ്രതിനിധി സഭ പാസാക്കിയാൽ പ്രമേയം സെനറ്റിന്‍റെ പരിഗണനക്ക് വിടും. എന്നാൽ, സെനറ്റ് ഇനി ചേരുക 19ാം തീയതി മാത്രമാണ്. അതിനാൽ, 20ന് ജോ ബൈഡൻ സ്ഥാനമേറ്റ ശേഷം ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റിൽ അവതരിപ്പിച്ചാൽ മതിയെന്നും അഭിപ്രായമുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മുൻ പ്രസിഡന്‍റിനുള്ള ആനുകൂല്യങ്ങൾ ട്രംപിന് ലഭിക്കില്ല.
അതേസമയം, കാപിറ്റൽ ഹിൽ ബിൽഡിങ്ങിലേക്ക് കടന്നുകയറി അതിക്രമം കാട്ടിയവർക്കെതിരായ അന്വേഷണം എഫ്.ബി.ഐ ഊർജിതമാക്കി. അക്രമികളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അക്രമികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പീക്കർ നാൻസി പെലോസിയുടെ ഔദ്യോഗിക കസേരയിൽ ഇരുന്ന അക്രമിയെ അറസ്റ്റിലായിട്ടുണ്ട്. 60കാരനായ റിച്ചൽ ബോണറ്റിനെ അർക്കൻസോ സംസ്ഥാനത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. അക്രമങ്ങളിൽ പങ്കെടുത്ത വെസ്റ്റ് വെർജീനിയയിലെ നിയമസഭാംഗവും അറസ്റ്റിലായിട്ടുണ്ട്. ഇയാൾ നിയമസഭാംഗത്വം രാജിവെച്ചു. 80ലധികം അക്രമികളെ വാഷിങ്ടൺ ഡി.സി പൊലീസ് അറസ്റ്റ് ചെയ്തതായും രാജ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.