ഇസ്‍ലാമാബാദ്: ഒരിക്കൽ കൂടി ഇന്ത്യയുടെ വിദേശകാര്യ നയത്തെ പ്രകീർത്തിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ലാഹോറിൽ ബഹുജന റാലിയെ അഭിസംബോധന ചെയ്യവെയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ സ്ലൊവാക്യയിലെ ബ്രാറ്റിസ്‍ലാവ ഫോറത്തിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളടക്കം പങ്കുവെച്ച് സംസാരിച്ചത്. യു.എസ് സമ്മർദ്ദത്തിനിടയിലും റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങാനുള്ള അദ്ദേഹത്തിന്റെ ഉറച്ച നിലപാടിനെ പ്രശംസിക്കാനും ഖാൻ മറന്നില്ല.
ഇന്ത്യക്കും പാകിസ്താനും ഒരേ സമയം തന്നെയാണ് സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലുള്ള വിദേശനയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. തീരുമാനങ്ങളിൽ ഉറച്ച നിലപാട് സ്വീകരിക്കാനും അവർ പര്യാപ്തമാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്നാണ് യു.എസ് ഇന്ത്യക്ക് നൽകിയ നിർദേശം. ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാന പങ്കാളിയാണ്. പാകിസ്താൻ അങ്ങനെയല്ല.യു.എസിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന സർക്കാരാണ് പാകിസ്താനിലേത്-ഇംറാൻ സൂചിപ്പിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് യു.എസ് പറഞ്ഞപ്പോൾ ഇന്ത്യയുടെ വിദേശകാര്യമന്രതി എന്താണ് പറഞ്ഞതെന്ന് നമുക്ക് നോക്കാം എന്നു പറഞ്ഞാണ് ജയ്ശങ്കറിന്റെ വിഡിയോ ഇംറാൻ ഖാൻ തുറന്നത്. ''യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്ന് വാതകം വാങ്ങുന്നുണ്ട്. ജനങ്ങളുടെ ആവശ്യത്തിനായാണ് ഞങ്ങൾ എണ്ണ വാങ്ങുന്നത്. എണ്ണ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ജനങ്ങൾ ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്. ഞാൻ നിങ്ങളുടെ അടിമത്തത്തിന് എതിരാണ്.''- എന്നാണ് ജയ്ശങ്കർ വിഡിയോയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.