ഇംറാൻ ഖാനെ സുപ്രീംകോടതിയിൽ ഹാജരാക്കി; അറസ്റ്റ് നിയമവിരുദ്ധമെന്ന്

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) ചെയർമാനുമായ ഇംറാൻ ഖാനെ സുപ്രീംകോടതിയിൽ ഹാജരാക്കി. ഇംറാൻ ഖാനെ ഒരു മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഇന്ന് പൊലീസിന് കർശന നിർദേശം നൽകിയിരുന്നു. ഇംറാന്‍റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കോടതി വളപ്പിൽവെച്ച് രജിസ്ട്രാറുടെ അനുമതിയില്ലാതെ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി നടപടി. ഇതിന് പിന്നാലെയാണ് മുൻ പ്രധാനമന്ത്രിയെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ചീഫ് ജസ്റ്റിസ് ഉമർ അത്താ ബന്തിയാൽ, ജസ്റ്റിസുമാരായ മുഹമ്മദ് അലി മഷർ, അത്തർ മിന്നല്ലാ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രണ്ടു കേസുകളിൽ ഹാജരാകാൻ ചൊവ്വാഴ്ച ഇസ്‍ലാമാബാദ് ഹൈകോടതിയിൽ എത്തിയപ്പോഴാണ് മറ്റൊരു കേസിന്റെ പേരിൽ ഇംറാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇംറാന്റെയും കുടുംബത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റിന് കോടികൾ വിലയുള്ള സർക്കാർ ഭൂമി കൈമാറിയെന്ന കേസിലായിരുന്നു അറസ്റ്റ്. പൊലീസിന്‍റെ നടപടി ചോദ്യം ചെയ്താണ് ഇംറാൻ ഖാൻ സുപ്രീംകോടതിയെ സമീപിച്ചത്.

ഇംറാൻ ഖാനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരായ ജനകീ‍യ പ്രക്ഷോഭത്തിന് പാകിസ്താനിൽ ഇതുവരെ അവസാനിച്ചിട്ടില്ല .റാവൽപിണ്ടിയിൽ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറിയും ലാഹോറിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ വസതി കൈയേറിയും ജനം പ്രതിഷേധിച്ചത്.

Tags:    
News Summary - Imran Khan reaches Pakistan Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.