സിഡ്നി: 60 വയസ്സിന് താഴെയുള്ളവർക്ക് ആസ്ട്രാസെനെക കോവിഡ് വാക്സിൻ നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവന്ന് ആസ്‌ട്രേലിയ. രക്തം കട്ടപിടിക്കുന്നതായുള്ള ആങ്കയെ തുടർന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. 60 വയസ്സിന് താഴെയുള്ള എല്ലാവർക്കും ഫൈസർ വാക്സിൻ നൽകാനാണ് നിർദേശം.
കഴിഞ്ഞദിവസം രക്തം കട്ടപിടിച്ച് 52കാരി മരിച്ചതിനെ തുടർന്നാണ് പുതിയ നടപടി. അതേസമയം, ആസ്ട്രേലിയയിൽ മന്ദഗതിയിലായ വാക്സിനേഷൻ നടപടിയെ പുതിയ തീരുമാനം കൂടുതൽ ബാധിക്കുമെന്ന് മന്ത്രി സമ്മതിച്ചു. 25 ദശലക്ഷം ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ് ഇതുവരെ കുത്തിവെപ്പ് എടുത്തത്.
ആസ്ട്രസെനക വാക്സിൻ പ്രദേശികമായി വികസിപ്പിക്കാൻ വലിയ നിക്ഷേപങ്ങളാണ് ആസ്‌ട്രേലിയ നടത്തിയിട്ടുള്ളത്. 50 ദശലക്ഷം ഡോസുകൾ ഉൽപ്പാദനം നടത്താനായിരുന്നു ലക്ഷ്യം.
മറ്റ് വാക്സിനുകൾ വലിയ തോതിൽ ആസ്‌ട്രേലിയ വാങ്ങിയിട്ടുമില്ല. 2021 സെപ്റ്റംബറോടെ എല്ലാ മുതിർന്നവർക്കും കുത്തിവെപ്പ് നൽകാൻ കഴിയുമോ എന്ന സംശയത്തിലാണ് ആസ്‌ട്രേലിയ.
കടുത്ത നിയന്ത്രണങ്ങൾ വരുത്തിയതിനാൽ ആസ്ട്രേലിയയിൽ കോവിഡ് കേസുകൾ കുറവാണ്. മിക്ക അതിർത്തികളും അടച്ചിരിക്കുകയാണ്. വിമാന യാത്രകളും നിയന്ത്രിച്ചിട്ടുണ്ട്. വലിയൊരു ശതമാനം മുതിർന്നവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകുന്നതുവരെ ഈ നടപടികൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.