ഇസ്ലാമാബാദ്: ഇരു രാജ്യങ്ങളും അംഗീകരിച്ച അതിർത്തിയിലെ വെടിനിർത്തൽ കരാറുകളും ധാരണകളും കർശനമായി പാലിക്കാൻ ഇന്ത്യയും പാകിസ്താനും തീരുമാനിച്ചു. അക്രമത്തിലേക്ക് നയിക്കുന്ന തരത്തിൽ സമാധാനഭംഗം ഉണ്ടാവാതിരിക്കാനും ഇരുപക്ഷത്തേയും കാതലായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ഡയറക്ടർ ജനറൽമാർ നടത്തിയ ചർച്ചയിൽ ധാരണയിലെത്തി.
2003ൽ ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ കരാർ അംഗീകരിച്ചെങ്കിലും പല സന്ദർഭങ്ങളിലും ഇവ ലംഘിക്കപ്പെട്ടു. മൂന്നു വർഷത്തിനിടെ 10,752 തവണ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കഴിഞ്ഞ ദിവസം പാർലെമൻറിൽ അറിയിച്ചിരുന്നു. 72 സുരക്ഷ ഉദ്യോഗസ്ഥരും 70 സിവിലിയന്മാരും കൊല്ലപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സൈനിക ഡയറക്ടർ ജനറൽമാർ ചർച്ച നടത്തിയത്.
അപ്രതീക്ഷിതമായി സംഭവിക്കുന്ന സംഘർഷം പരിഹരിക്കാൻ നിലവിലെ ഹോട്ലൈൻ ബന്ധവും അതിർത്തിയിലെ കമാൻഡർ തല കൂടിക്കാഴ്ചയും ഉപയോഗപ്പെടുത്താനും ഡയറക്ടർ ജനറൽമാർ ധാരണയിലെത്തിയതായി പാക് സൈന്യത്തിെൻറ പബ്ലിക് റിലേഷൻസ് വിഭാഗം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. പുൽവാമ തീവ്രവാദ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ജയ്ശെ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ വഷളായിരുന്നു.
പാകിസ്താനുമായി സാധാരണ അയൽബന്ധം സ്ഥാപിക്കാനും എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കാനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീ വാസ്തവ വ്യക്തമാക്കി.
അതേസമയം, കാതലായ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുടേയും സൈനിക ഡയറക്ടർ ജനറൽമാർ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമ, ബാലാക്കോട്ട് ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് ഇന്ത്യയും പാകിസ്താനും തീരുമാനിച്ചത്. തീരുമാനം നാഷനൽ കോൺഫറൻസ്, പി.ഡി.പി, ഹുർറിയത്ത് കോൺഫറൻസ് തുടങ്ങിയ സംഘടനകൾ സ്വാഗതം ചെയ്തു.
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി അതിർത്തിയിലെ വിഷയങ്ങൾ ചർച്ചചെയ്തു. ഇരുവരും തമ്മിലുണ്ടാക്കിയ 'മോസ്കോ ധാരണ' നടപ്പാക്കുന്നതും കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റത്തിെൻറ പുരോഗതിയും ഇരുവരും വിലയിരുത്തി. ജയ്ശങ്കർതന്നെയാണ് ട്വിറ്ററിൽ ഇക്കാര്യം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.