റോം: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി അടുത്ത വർഷം ഇന്ത്യ അഞ്ച് ബില്ല്യൺ (500 കോടി) ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ ലോകത്തിന് വേണ്ടി നിർമിക്കുമെന്ന് ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിലെ റോമിൽ നടക്കുന്ന ഉച്ചകോടിയിലെ ആദ്യ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തോട് ഇന്ത്യയ്ക്കുള്ള കടമയെ ഗൗരവമായാണ് കാണുന്നതെന്നും മോദി പറഞ്ഞു.
ലോകാരോഗ്യ സംഘടന ഇന്ത്യൻ വാക്സിനുകളെ എത്രയും വേഗം അംഗീകരിക്കേണ്ടതുണ്ട്. 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന കാഴ്ചപ്പാടാണ് ആഗോളതലത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ഭാവിയിലുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും നേരിടാൻ ഈ കാഴ്ചപ്പാട് ലോകത്തിന് കരുത്താകും. ലോകത്തിന്‍റെ ഫാർമസിയായാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. 150ലേറെ രാജ്യങ്ങൾക്ക് ഇന്ത്യ മരുന്നു നൽകുന്നു. വാക്സിൻ ഗവേഷണത്തിലും നിർമാണത്തിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്നും മോദി പറഞ്ഞു.
ലോകത്തിലെ ആറിലൊന്ന് ജനങ്ങളും ഇന്ത്യയിലാണ്. ഇന്ത്യയിൽ കോവിഡ് നിയന്ത്രിച്ച് നിർത്തിയതിലൂടെ ലോകത്തെ തന്നെയാണ് സുരക്ഷിതമാക്കിയത്. കൂടുതൽ ജനിതക വ്യതിയാനം സംഭവിക്കാനുള്ള സാധ്യതയും ഒഴിവാക്കി -മോദി പറഞ്ഞു.
യു.എസ് പ്രസിഡന്‍റ് ജോ ബൈഡർ അടക്കമുള്ള ലോക നേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ന് ചർച്ചകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.