യുണൈറ്റഡ് നേഷൻസ്: യു.എൻ പൊതുസഭയിൽ ഇസ്രായേലിനെതിരെ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്തു. ഫലസ്തീനിലെ അധിനിവേശം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രായേൽ പിന്മാറണമെന്നുമുള്ള യു.എൻ ജനറൽ അസംബ്ലി പ്രമേയങ്ങളെയാണ് ഇന്ത്യ പിന്തുണച്ചത്.
‘ഫലസ്തീനിൽ സമാധാനപരമായ ഒത്തുതീർപ്പ്’ എന്ന പ്രമേയം സെനഗലാണ് ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ചത്. കിഴക്കൻ ജറുസലം ഉൾപ്പെടെ 1967 മുതൽ അധിനിവേശം നടത്തിയ മുഴുവൻ ഫലസ്തീൻ പ്രദേശങ്ങളിൽനിന്നും ഇസ്രായേൽ പിൻവാങ്ങുക, പശ്ചിമേഷ്യയിൽ സമഗ്രവും നീതിപൂർവകവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുക എന്നീ ആഹ്വാനങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രമേയം. 193 അംഗ സഭയിൽ 157 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. അർജൻറീന, ഹംഗറി, ഇസ്രായേൽ, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, അമേരിക്ക എന്നീ എട്ട് അംഗരാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. കാമറൂൺ, ചെക്കിയ, ഇക്വഡോർ, ജോർജിയ, പരാഗ്വേ, യുക്രെയ്ൻ, ഉറുഗ്വേ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
1967ന് മുമ്പുള്ള അതിർത്തികളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഒത്തൊരുമയോടെ സമാധാനത്തിലും സുരക്ഷിതത്വത്തിലും ഇസ്രായേലും ഫലസ്തീനും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി കഴിയണമെന്ന് യു.എൻ പൊതുസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കോടതിയുടെ 2024 ജൂലൈ 19 ലെ ഉത്തരവിൽ നിർദേശിക്കുന്നത് പോലെ അധിനിവേശ ഫലസ്തീൻ പ്രദേശത്ത് നിന്ന് ഇസ്രായേൽ നിയമവിരുദ്ധ സാന്നിധ്യം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകൾ കർശനമായി പാലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അധിനിവേശ ഫലസ്തീനിൽ നിന്ന് എല്ലാ കുടിയേറ്റക്കാരെയും ഒഴിപ്പിക്കുക, പുതുതായി പ്രഖ്യാപിച്ച അനധികൃത കുടിയേറ്റ നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കുക, നിയമവിരുദ്ധ പ്രവൃത്തികൾക്ക് അറുതി വരുത്തുക തുടങ്ങഇയ ആവശ്യങ്ങളും യു.എൻ ഉന്നയിച്ചു. ഗസ്സ 1967ന് മുമ്പേ ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും ഒരുവർഷത്തിലേറെയായി ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ നിന്നുള്ള ഭാഗങ്ങൾ കൈയടക്കാനോ ജനങ്ങളെ പുറത്താക്കാനോ ഉള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും പൊതുസഭ വ്യക്തമാക്കി. സൈനിക ആക്രമണങ്ങൾ, നശീകരണം, ഭീകരപ്രവർത്തനങ്ങൾ, പ്രകോപനങ്ങൾ തുടങ്ങി എല്ലാ അക്രമ പ്രവർത്തനങ്ങളും ഉടനടി പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് പ്രമേയം ഊന്നിപ്പറഞ്ഞു.
ഇതുകൂടാതെ, സിറിയയുടെ അതിർത്തി പ്രദേശമായ ഗോലാനിൽ നിന്നും ഇസ്രായേൽ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെയും അനുകൂലിച്ച് ഇന്ത്യ ജനറൽ അസംബ്ലിയിൽ വോട്ട് ചെയ്തു. സിറിയൻ ഗോലാനിൽനിന്ന് ഇസ്രായേൽ പിൻമാറണമെന്ന രക്ഷാസമിതിയുടെയും പൊതുസഭയുടെയും പ്രമേയങ്ങൾ വകവെക്കാത്തതിൽ പ്രമേയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഈ പ്രമേയം എട്ടിനെതിരെ 97 വോട്ടുകൾ വോട്ടുകൾക്കാണ് യു.എൻ അംഗീകരിച്ചത്. 64 രാജ്യങ്ങൾ വിട്ടുനിന്നു. ഓസ്‌ട്രേലിയ, കാനഡ, ഇസ്രായേൽ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.
മേഖലയിൽ 1967 മുതൽ ഇസ്രായേൽ നടത്തുന്ന അനധികൃത കുടിയേറ്റമുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രമേയം വിമർശിച്ചു. അധിനിവേശ സിറിയൻ ഗോലാനിൽ തങ്ങളുടെ നിയമങ്ങളും അധികാരവും ഭരണവും അടിച്ചേൽപ്പിക്കാനുള്ള 1981 ഡിസംബറിലെ ഇസ്രായേൽ തീരുമാനം അസാധുവാണെന്നും യാതൊരു നിയമസാധുതയും അതിനില്ലെന്നും ചൂണ്ടിക്കാട്ടിയ പ്രമേയം, ഈ നീക്കത്തിൽനിന്ന് പിൻമാറാൻ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.