വാഷിങ്ടൺ: ടെക് മേഖലയിലെ വ്യാപക പിരിച്ചുവിടലിൽ പിതാവിന്റെ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന ഭയത്താൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി വീടുവിട്ടുപോയി. അർക്കൻസാസിലെ കോൺവേയിലുള്ള പവൻ റോയി-ശ്രീദേവി ദമ്പതികളുടെ മകൾ തൻവിയെയാണ് മൂന്നാഴ്ചയായി കാണാതായത്. ജനുവരി 17ന് സ്കൂളിലേക്കെന്ന് പറഞ്ഞ് ബസിൽ പോയ പെൺകുട്ടിയെ കുറിച്ച് വിവരമൊന്നുമില്ലെന്ന് കോൺവേ പൊലീസ് വിഭാഗം അറിയിച്ചു. കുടുംബം നാടുകടത്തപ്പെടുമെന്ന ഭയത്താലാണ് കുട്ടി വീടുവിട്ടുപോയതെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.
വർഷങ്ങളായി അമേരിക്കയിൽ ജോലിചെയ്യുന്നുണ്ടെങ്കിലും തൻവിയുടെ മാതാപിതാക്കൾക്ക് പൗരത്വം ലഭിച്ചിട്ടില്ല. നേരത്തേ ശ്രീദേവിയുടെ ജോലി നഷ്ടപ്പെടുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഒരു വർഷത്തോളം ശ്രമിച്ചിട്ടാണ് പവൻ റോയിയുടെ ആശ്രിത വിസയിൽ ശ്രീദേവി തിരികെയെത്തിയത്.
ഇതിനിടെയാണ് അമേരിക്കൻ ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിൽ പവൻ റോയിക്കും ജോലി നഷ്ടപ്പെട്ടേക്കാമെന്ന ഭീതിയുണ്ടായത്. വർക്ക് വിസ നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്ന് മകൾ ചോദിച്ചിരുന്നുവെന്ന് പവൻ റോയി പറയുന്നു.
ആശങ്കപ്പെടേണ്ടതില്ലെന്നും ഭാര്യയെയും മകളെയും തൽക്കാലത്തേക്ക് നാട്ടിലേക്ക് അയച്ച ശേഷം ശരിയായ ജോലി നേടിയ ശേഷം തിരികെ കൊണ്ടുവരാമെന്ന് മറുപടി നൽകി. ‘ഇന്ത്യയിലേക്ക് പോകുകയോ, ഞാൻ എന്തിന് ഇന്ത്യയിൽ പോകണം, ഞാൻ ഇവിടെയാണ്’ എന്നായിരുന്നു മകളുടെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ കണ്ടെത്തി കുടുംബത്തെ ഏൽപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോൺവേ പൊലീസ് വക്താവ് ലാസീ കാനിപേ പറഞ്ഞു.
വാഷിങ്ടൺ: അമേരിക്കയിൽ ടെക് കമ്പനികൾ പിരിച്ചുവിടൽ തുടർന്നതോടെ ജനുവരിയിൽമാത്രം തൊഴിൽ നഷ്ടമായത് 93,000 പേർക്ക്. ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോൺ, ട്വിറ്റർ അടക്കം വൻകിട കമ്പനികളും ഇടത്തരം സ്ഥാപനങ്ങളുമെല്ലാം ജീവനക്കാരെ കുറച്ചുകൊണ്ടിരിക്കുകയാണ്. 2022 നവംബർ മുതൽ രണ്ടു ലക്ഷത്തിലധികം പേർക്കാണ് സാങ്കേതിക മേഖലയിൽ തൊഴിൽ നഷ്ടമായത്. ഇതിൽ 80,000 ഓളം പേർ ഇന്ത്യക്കാരാണെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വാൾട്ട് ഡിസ്നി കഴിഞ്ഞ ദിവസം 7,000 ജോലിക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.