ഇസ്‍ലാമാബാദ്: മക്കൾ ഒപ്പമില്ലാതെ പാകിസ്താൻ വിട്ട് ഇന്ത്യയിലേക്കില്ലെന്ന് മുംബൈ സ്വദേശിയായ ഫർസാന ബീഗം. തന്റെ മക്കൾ അതീവ അപകടത്തിലാണെന്നും അവരുടെ സുരക്ഷയാണ് പ്രധാനമെന്നും അവർ പ്രതികരിച്ചു. 2015ലാണ് ഫർസാന പാക്പൗരനായ മിർസ മുബീൻ ഇലാഹിയെ അബൂദബിയിൽ വെച്ച് വിവാഹം ചെയ്തത്. 2018ൽ ദമ്പതികൾ പാകിസ്താനിലെത്തി.
ഇരുവർക്കും ഏഴും ആറും വയസുള്ള രണ്ട് മക്കളുണ്ട്. ഭർത്താവ് മർദിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി രംഗത്തുവന്നതോടെയാണ് ഫർസാന ശ്രദ്ധിക്കപ്പെടുന്നത്. മക്കളെയും അവരുടെ പേരിലുള്ള ചില സ്വത്തുക്കളും വിട്ടുകിട്ടണമെന്നാണ് ഫർസാനയുടെ ആവശ്യം. അതിനിടെ തന്നെ വിവാഹമോചനം ചെയ്തുവെന്ന ഭർത്താവിന്റെ അവകാശവാദം അവർ തള്ളിയിരുന്നു.
വിവാഹമോചനം ചെയ്തതിന്റെ തെളിവാണ് അവർ ഭർത്താവിനോട് ആവശ്യപ്പെട്ടത്. സ്വത്തുതർക്കത്തെ തുടർന്ന് പാകിസ്‍താനിൽ കഴിയുന്ന തന്റെയും കുട്ടികളുടെയും ജീവൻ അപകടത്തിലാണെന്നും അവർ പറഞ്ഞു. ലാഹോറിലെ വീട്ടിൽ തടവിലാണെന്നും മക്കൾ വിശന്നുകരയുകയാണെന്നും അവർ പറഞ്ഞിരുന്നു. തന്റെയും മക്കളുടെയും പാസ്പോർട്ടുകൾ ഭർത്താവിന്റെ കൈവശമാണ്. പാക് സർക്കാർ തനിക്കും മക്കൾക്കും സംരക്ഷണം നൽകണമെന്നും കേസ് കഴിഞ്ഞ് മക്കളെ വിട്ടുകിട്ടാതെ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
മുബീൻ ഇലാഹിയുടെ രണ്ടാംഭാര്യയാണ് ഫർസാന. ഇയാൾക്ക് പാകിസ്താനി ഭാര്യയും മക്കളുമുണ്ട്. തന്റെ മക്കളുടെ പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുത്ത് തന്നെ ഇന്ത്യയിലേക്ക് പറഞ്ഞയക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നേരത്തേ അവർ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.