ജിദ്ദ: ഈ വർഷം അവസാനത്തോടെ 11 പുതിയ മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രി എൻജി. അഹമദ് ബിൻ സുലൈമാൻ അൽറാജ്ഹി പറഞ്ഞു. റിയാദിലെ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ വനിതകളടക്കമുള്ള ബിസിനസുകാരുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രോജക്ട് മാനേജ്മെന്‍റ്, പ്രൊക്യുർമെന്‍റ് തൊഴിലുകൾ, ഭക്ഷ്യ-മരുന്ന് മേഖലയിലെ തൊഴിലുകൾ എന്നിവ സ്വദേശിവത്കരിക്കുന്നതിലുൾപ്പെടും.
മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്കരണ തീരുമാനങ്ങൾ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീ പുരുഷ, സ്ത്രീ സൗദികളുടെ എണ്ണം 21.3 ലക്ഷത്തിലധികമായി വർധിക്കാൻ കാരണമായി. സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറച്ചു. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് 35.6 ശതമാനമായി വർധിച്ചതായും മന്ത്രി പറഞ്ഞു.
സൗദി പൗരന്മാർക്ക് തൊഴിൽ നൽകുന്നതിൽ സ്വകാര്യമേഖല നടത്തുന്ന ദേശീയ ശ്രമങ്ങളെയും വിഷൻ 2030ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്ത്രീകളടക്കമുള്ള വ്യവസായികളുടെ വലിയ പങ്കാളിത്തത്തെയും മന്ത്രി പ്രശംസിച്ചു. സ്വകാര്യമേഖല സ്ഥാപനങ്ങൾ തൊഴിൽ വ്യവസ്ഥയും അതിന്‍റെ ചട്ടങ്ങളും പാലിക്കുന്നത് ഈ വർഷം 98 ശതമാനം ആയി. കോടതികളിൽ പോകാതെ തന്നെ തൊഴിൽ തർക്കപരിഹാര സമിതിയിലൂടെ 74 ശതമാനം തൊഴിൽതർക്ക കേസുകൾ രമ്യമായി പരിഹരിച്ചു.
വേതന സംരക്ഷണ പ്രോഗ്രാം പാലിക്കൽ നിരക്ക് ഏകദേശം 80 ശതമാനമെത്തിയതായും മന്ത്രി പറഞ്ഞു. കരാറുകളുടെ ഇലക്ട്രോണിക് ഡിജിറ്റലൈസേഷനിലൂടെ 38 ലക്ഷത്തിലധികം തൊഴിൽ കരാറുകൾ രേഖപ്പെടുത്തി. തൊഴിലാളിയും തൊഴിലുടമയും രേഖാമൂലമുള്ളതും നിയമാനുസൃതവുമായ കരാറിന്‍റെ ഒരു പകർപ്പ് നേടുന്നുവെന്ന് ഉറപ്പാക്കുന്നതാണിത്. ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി മന്ത്രാലയത്തിന്‍റെ സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്തതായും മന്ത്രി ചൂണ്ടിക്കാട്ടി.
ക്വിവ പ്ലാറ്റ്‌ഫോമിൽ നൽകിയ സേവനങ്ങളുടെ എണ്ണം 127 ആയി. 30 ലക്ഷത്തിലധികം ഉപയോക്താക്കൾക്കും 10 ലക്ഷത്തിലധികം കമ്പനികൾക്കും ഇതിലൂടെ സേവനം നൽകുന്നു. സേവന ഓഫിസുകൾ സന്ദർശിക്കാതെ തന്നെ ഗുണഭോക്താക്കൾക്ക് പ്രതിമാസം ഏഴു ലക്ഷത്തിലധികം സേവനങ്ങളും ഇതു നൽകുന്നു. 'മുസാനദ്' പ്ലാറ്റ്‌ഫോമിന്റെ സേവനങ്ങൾ ഒന്നിൽനിന്ന് 35 ലധികമായി വിപുലീകരിച്ചു. 100 ശതമാനം ഓട്ടോമേറ്റഡാണിത്. രണ്ടു ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഇതു സേവനം നൽകുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.