ചൈനയിൽ അട്ടിമറി, ഷി ജിൻപിങ് വീട്ടുതടങ്കലിൽ, ജനറൽ ലി ക്വിയോമിങ് അടുത്ത ​പ്രസിഡന്റ്... പ്രചാരണം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ബെയ്ജിങ്: ലോകത്തെ ഏറ്റവും നിഗൂഢമായ രാഷ്ട്രങ്ങളിലൊന്നാണ് ചൈന. ആ രാജ്യത്തെ സർക്കാർ വിരുദ്ധ വാർത്തകളൊന്നും പൊതുവെ മുഖ്യധാര മാധ്യമങ്ങളിൽ എത്താറില്ല. ചൈനയിലെ കോവിഡ് കണക്കുകൾ തന്നെ ഉദാഹരണം.

ചൈനയിൽ അട്ടിമറി നടന്നുവെന്നും പ്രസിഡന്റ് ഷിജിൻപിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നുമായിരുന്നു കഴിഞ്ഞ ദിവസം രാത്രി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ. തീർന്നില്ല, ജനറൽ ലി ക്വിയോമിങ് ആയിരിക്കും അടുത്ത പ്രസിഡന്റ് എന്നു വരെ സമൂഹ മാധ്യമങ്ങൾ വിധിയെഴുതി. അഴിമതിക്കേസിൽ രണ്ട് മുൻ മന്ത്രിമാർ ശിക്ഷിക്കപ്പെട്ടതോടെയാണ് ഇത്തരം പ്രചാരണങ്ങൾക്ക് ചൂടുപിടിച്ചത്. അതിനു പിന്നാലെ ചൈനീസ് പ്രസിഡന്റിനെതിരെ രാഷ്ട്രീയ നീക്കം നടത്തി ​എന്നാരോപിച്ച് രാജ്യത്തെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥനു വധശിക്ഷ വിധിക്കുകയും ചെയ്തു. കഴിഞ്ഞാഴ്ച അഴിമതിക്കേസിൽ അഞ്ച് മുൻ പൊലീസ് മേധാവികളെ ജയിലിലടച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഭരണാധികാരിയാണ് ഷി ജിൻപിങ്. യു.എസിനോട് നേരിട്ട് കൊമ്പുകോർക്കാൻ കെൽപുള്ള അപൂർവ രാജ്യങ്ങളിലൊന്നാണ് ചൈന.

ചൈനീസ് സൈന്യമായ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി(പി.എല്‍.എ) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് ചൈനീസ് നിരീക്ഷകരും പറയുന്നത്. ന്യൂ ഹൈലാന്‍ഡ് വിഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആദ്യം സന്ദേശം പുറത്തുവന്നത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി ജിന്‍പിങ് ഉസ്ബെക്കിസ്താനില്‍ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നതെന്നാണ് ട്വീറ്റിൽ പറയുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർണായക സമ്മേളനം ഒക്ടോബർ 16ന് നടക്കാനിരിക്കെയാണ് ഇത്തരം പ്രചാരണങ്ങൾ വരുന്നത്.

മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയും മുന്‍ പ്രധാനമന്ത്രി വെന്‍ ജിയാബോയും ചേര്‍ന്ന് മുന്‍ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങിനെ കൂട്ടുപിടിച്ച് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ (സി.ജി.ബി.) നിയന്ത്രണം ഏറ്റെടുത്തുവെന്നും കഥകൾ പ്രചരിച്ചു. പ്രസിഡന്റിന്റെയും പാര്‍ട്ടി സ്ഥിരംസമിതി അംഗങ്ങളുടെയും സുരക്ഷാ ചുമതല സി.ജി.ബി.ക്കാണ്. ഉസ്‌ബെകിസ്താനില്‍നിന്ന് മടങ്ങിയെത്തിയ ഷി ജിന്‍പിങ്ങിനെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്ത് പി.എല്‍.എ.യുടെ മേധാവിത്വത്തില്‍നിന്ന് നീക്കുകയും ചെയ്തുവെന്നാണ് അഭ്യൂഹം.

ചൈനീസ് വംശജരായ വാന്‍ജുന്‍ ഷീ, ജെനിഫര്‍ ജെങ് തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബെയ്ജിങ്ങിലേക്ക് നീങ്ങുന്ന സൈനികവ്യൂഹം എന്ന വിശദീകരണത്തോടെ വീഡിയോയും പങ്കുവച്ചു. ഇതോടെ ട്വിറ്ററില്‍ ഷിജിന്‍പിങ്, ചൈനീസ്‌ കൂ തുടങ്ങിയ ഹാഷ് ടാഗുകള്‍ ട്രെന്‍ഡിങ്ങായി. അട്ടിമറിയെ തുടർന്ന് രാജ്യത്ത് 9000 വിമാനങ്ങളുടെ ആഭ്യന്തര സർവീസ് നിർത്തിയെന്നും റിപ്പോർട്ടുണ്ടായി. 

അതേസമയം, ചൈനയിലെ സ്ഥിതിഗതികളിൽ ഒരു മാറ്റവുമില്ലെന്നും ഒരു വിമാനം പോലും റദ്ദാക്കിയിട്ടില്ലെന്നും ചൈനീസ് രാഷ്ട്രീയ കാര്യ വിദഗ്ധൻ ആദിൽ ബറാർ ട്വീറ്റ് ചെയ്തു. ഉസ്ബെകിസ്താനിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ ഷി ജിൻപിങ് ക്വാറന്റീനിൽ പോയിട്ടുണ്ടാകാമെന്നും അതാകും ഇത്തരം പ്രചാരണങ്ങൾക്കു പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Internet Abuzz With Rumours Of Xi Jinping's House Arrest, Coup In China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.