കാബൂൾ: യു.എസ് സേന അഫ്ഗാനിസ്താനിൽനിന്ന് പിന്മാറിയിട്ട് മൂന്നുമാസം പിന്നിട്ടിരിക്കുന്നു. അന്താരാഷ്ട്ര കുടിയേറ്റ ദിനവും ഇതോടനുബന്ധിച്ച് കടന്നുവന്നതും യാദൃച്ഛികമാകാം. താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെയാണ് ജീവൻ അത്യന്തം അപകടത്തിലാണെന്ന് കണ്ട് ആയിരങ്ങൾ പിറന്ന മണ്ണിനെ ഉപേക്ഷിച്ച് പലായനം ചെയ്യത്. 1,50,000 പേർ യു.എസിലെത്തി. അതിൽ 13,000 ആളുകൾ അഭയം തേടിയത് തെക്കൻ വിസ്കോൻസിനിലെ യു.എസ് സൈനിക കേന്ദ്രത്തിനു സമീപമാണ്. അവരിലൊരാളാണ് കാബൂളിലെ ദുഖാബാദ് ജില്ലയിൽ കിൻഡർഗാർട്ടൻ അധ്യാപികയായിരുന്ന സക്കീന.
കിൻഡർഗാർട്ടനിൽ അധ്യാപനം നടന്നുകൊണ്ടിരിക്കെയാണ് തോക്കുമായി ആറേഴുപേരടങ്ങുന്ന സംഘം പ്രവേശിച്ചത്. മാനേജറെ മർദിച്ചവശരാക്കിയ സംഘം വെടിയുതിർത്തു. താലിബാെൻറ തോക്കിനുമുന്നിൽ ഭയന്നുവിറച്ച കുട്ടികളെ രക്ഷിതാക്കളെത്തി വീടുകളിലേക്ക് കൊണ്ടുപോയി. താലിബാെൻറ പിടിയിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ സ്വന്തം വീട്ടിലേക്കോടിയപ്പോൾ ഏറെ ദാരുണമായിരുന്നു കാര്യങ്ങൾ. താലിബാൻ സംഘാംഗങ്ങളായ നാലുപേർ സക്കീനയുടെ വീടുതകർത്തു. സക്കീനയെയും ഭർത്താവിനെയും പിടികൂടി.
രണ്ടുപേർ 14 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. സഹായമഭ്യർഥിച്ചുള്ള സക്കീനയുടെ അലറിക്കരച്ചിൽ കേട്ട അയൽക്കാർ രക്ഷപ്പെടുത്തുകയായിരുന്നു. ഒടുവിൽ പിറന്നനാട്ടിൽനിന്ന് രക്ഷപ്പെടുകയല്ലാെത മറ്റു വഴിയില്ലെന്ന് മനസ്സിലാക്കി യു.എസ് സൈന്യത്തിെൻറ സഹായത്തോടെ കാബൂൾ വിമാനത്താവളത്തിലെത്തി. അപ്പോഴാണ് നൂറോളം ആളുകളുടെ ജീവനെടുത്ത ബോംബ് സ്ഫോടനം നടന്നത്. സക്കീനയുടെ ഭർത്താവടക്കം 150ലേറെ ആളുകൾക്ക് പരിക്കേറ്റു. ഭർത്താവിൽനിന്ന് വേർപെട്ട സക്കീന ആറു ചെറിയ കുട്ടികളുമായി രണ്ടുദിവസം വിമാനത്താവളത്തിൽ കാത്തിരുന്നു. കാബൂൾ വിമാനത്താവളത്തിലെ തിരക്കിൽ അവർക്ക് 14 വയസ്സുള്ള മകളെ നഷ്ടമായി. മകളില്ലാത്തതിെൻറ വിഷമവുമായി സക്കീന വിമാനം കയറി. മറ്റൊരു വിമാനത്തിൽ മകൾ രക്ഷപ്പെട്ട സന്തോഷവാർത്ത പിന്നീടവരെ തേടിയെത്തി. യു.എസ് സൈനിക കേന്ദ്രത്തിൽ കൂടുതലും അഫ്ഗാൻ സേനയിലെ മുൻ അംഗങ്ങളും കുടുംബവുമാണ്. താലിബാനോട് യുദ്ധം ചെയ്ത് അഫ്ഗാൻതിരിച്ചുപിടിക്കണമെന്ന ആഗ്രഹം പലരും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.